ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിൽ: സന്ദർശനം സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന്

ഗുരുവായൂർ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിൽ. ഇന്ന് രാവിലെ ഏഴിനു ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഹെലിപ്പാഡില്‍ ഇറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജില്ലാ ഭരണകൂടവും ബിജെപി നേതാക്കളും ചേർന്ന് സ്വീകരിച്ചു. അകമ്പടി ഹെലികോപ്റ്ററുകള്‍ വന്നതിനു ശേഷമായിരുന്നു പ്രധാന മന്ത്രിയുടെ ഹെലികോപ്റ്റർ വന്നത്. 

തുടർന്ന് റോഡുമാർഗം ഗുരുവായൂർ ദേവസ്വം ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തിയ പ്രധാന മന്ത്രിയെ ഗുരുവായൂർ ദേവസ്വം ഭരണസമിതി ചെയർമാൻ ഡോ വി കെ വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ ചേർന്ന് പൊന്നാടയണിയിച്ച് സ്വീകരിച്ചു.  ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ മായാദേവി കെ എസ്, ശ്രീവത്സം ഗസ്റ്റ് ഹൗസ് മാനേജർ പ്രമോദ് കളരിക്കർ എന്നിവർ സന്നിഹിതരായിരുന്നു. 15 മിനിട്ട് ഗസ്റ്റ് ഹൗസിൽ വിശ്രമിച്ചു. തുടർന്ന് എസ് പി ജി യുടെ നേതൃത്വത്തിൽ ഇലക്ടിക് ബഗ്ഗിയിൽ  ക്ഷേത്രത്തിലെത്തുകയായിരുന്നു. ശ്രീവത്സം ഗസ്റ്റ് ഹൗസിൽ പ്രഭാത ഭക്ഷണം ഒരുക്കിയിരുന്നെങ്കിലും, വ്രതത്തിലായിരുന്നതിനാൽ പ്രധാനമന്ത്രി ഇളനീർ മാത്രമാണ് കുടിച്ചത്.

എസ് പി ജിയുടെ കർശ്ശന നയന്ത്രണത്തിലായിരുന്ന ക്ഷേത്രത്തിൽ അത്യാവശ്യം ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേനാസ് ദിനേശൻ നമ്പൂതിരിപ്പാടും, ഊരാളനുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടും ചേർന്ന് പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു. എസ്പിജി നിർദേശമനുസരിച്ച് ക്ഷേത്രം തന്ത്രി, മേൽശാന്തി, ക്ഷേത്രം ഡി എ, രണ്ട് ഓതിക്കന്മാർ, ഒരു കീഴ്‌ശാന്തി, ഒരു കഴകം, ഒരു വാര്യർ, ക്ഷേത്രം മാനേജർ, ഒരു ക്ലാർക്ക്, രണ്ട് സെക്യൂരിറ്റി ഓഫീസർമാർ, രണ്ടു തുലാഭാരം ജീവനക്കാർ അടക്കം 15 ൽ താഴെ പേരാണു പ്രവൃത്തിക്കായി ഉണ്ടായിരുന്നത്. 

ദേവസ്വം ഭരണസമിതി അംഗങ്ങളായ ചേങ്ങറ സുരേന്ദ്രൻ എക്സ് എം പി, മനോജ് ബി നായർ, മനോജ് സി, ഗോപിനാഥൻ എന്നിവർ ക്ഷേത്രത്തിനുള്ളിൽ സന്നിഹിതരായിരുന്നു. ദർശന ശേഷം ഭരണ സമിതി അംഗങ്ങൾ പ്രധാനമന്ത്രിക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു.

ഒരു മണിക്കൂറോളം  ഭഗവത് ദർശനത്തിനു ചിലവഴിച്ച മോദി മേൽശാന്തിയിൽ നിന്ന് പ്രസാദവും സ്വീകരിച്ചാണ് ക്ഷേത്രദർശനം പൂർത്തിയാക്കിയത് 

തുടർന്ന് ശ്രീവത്സത്തിലെത്തിയശേഷം വസ്ത്രം മാറിയ ശേഷം 8:45 ന് ക്ഷേത്രത്തിനു മുന്നിലുള്ള ആദ്യത്തെ കല്യാണ മണ്ഡപത്തിലെ ബി ജെ പി നേതാവും, മുൻ എം പിയും, നടനമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ ചടങ്ങിലേക്ക് പ്രവേശിച്ചു.

ഗുരുവായൂർ ക്ഷേത്രം നടയിലെ വിവാഹ മണ്ഡപത്തിലെത്തിയ പ്രധാനമന്ത്രി, ആ സമയം അവിടെ വിവാഹിതരാകുകയായിരുന്ന മറ്റു വധൂവരന്മാരെയും ആശിർവദിക്കുകയുണ്ടായി. തുടർന്ന് സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തു. ഗുരുവായൂർ നടയിലെ ഒന്നാം നമ്പർ വിവാഹ മണ്ഡപത്തിൽ ആയിരുന്നു ചടങ്ങുകൾ നടന്നത്. മണ്ഡപത്തിൽ വധൂവരൻ മാർക്ക് തുളസിമാല കൈമാറിയ പ്രധാനമന്ത്രി വിവാഹത്തിന് ശേഷം നവ വധൂവരന്മാരെ ആശിർവദിക്കുകയും ചെയ്തു. ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേനാസ് ദിനേശൻ നമ്പൂതിരിപ്പാടും വിവാഹത്തിന് സാക്ഷ്യം വഹിച്ചു

കേരളത്തിലെയും തെന്നിന്ത്യയിലെയും സിനിമ മേഖലയിലുള്ളവരും, മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും അവരുടെ കുടുംബവും ഉണ്ടായിരുന്നു.

ശ്രീഗുരുവായരപ്പന്റെ മുന്നിൽ നടന്ന ഭാഗ്യയുടെയും മാവേലിക്കര സ്വദേശിയും ബിസിനസ്സുകാരനുമായ ശ്രേയസ് മോഹന്റെയും താലികെട്ടിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി സാക്ഷ്യം വഹിച്ചത് ചരിത്ര നിമിഷം തന്നെയാണെന്ന് പറയാം.

കഴിഞ്ഞ ഒരാഴ്ചയായി ജില്ലാ ഭരണകൂടവും ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം, എന് പി ജിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കിയത് എടുത്തു പറയേണ്ട ഒരു വസ്തുതയാണ്

തുടർന്ന്  തൃപ്രയാർ ശ്രീരാമസ്വാമീ ക്ഷേത്ര ദർശനത്തിനായി പ്രധാനമന്ത്രി ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഹെലിപ്പാഡിലേയ്ക്ക് യാത്രയായി. തൃപ്രയാർ തന്ത്രി തരണനല്ലൂരിന്റെ ക്ഷണവും അദ്ദേഹത്തിൻ്റെ ക്ഷേത്ര ദർശനത്തിന് കാരണമായി. അയോധ്യയിൽ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്ന ഘട്ടത്തിൽ തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ഉചിതമായിരിക്കുമെന്ന് തന്ത്രിയുടെ കത്തും പ്രധാനമന്ത്രിയുടെ ക്ഷേത്രദർശനത്തിന് നിമിത്തമായി. ഗുരുവായൂരിൽ നിന്നും ഹെലികോപ്റ്ററിൽ പ്രധാനമന്ത്രി വലപ്പാട് സ്കൂൾ ഗ്രൗണ്ടിൽ എത്തി. അവിടെ നിന്നും കാർ മാർഗ്ഗം അദ്ദേഹം തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ എത്തി.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts