കടപ്പുറം പഞ്ചായത്തിൽ സമഗ്ര ശുദ്ധജല വിതരണ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.

ഗുരുവായൂർ: ഗുരുവായൂർ നിയോജക മണ്ഡലത്തിലെ കടപ്പുറം പഞ്ചായത്തിലെ ജനങ്ങൾക്കായുള്ള സമഗ്ര ശുദ്ധജല വിതരണ പദ്ധതിയുടെ 10 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള കുടിവെള്ള ടാങ്കും അനുബന്ധ പ്രവൃത്തികളും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. രണ്ട് വർഷത്തിനുള്ളിൽ ഗ്രാമപ്രദേശങ്ങളിൽ സമ്പൂർണ കുടിവെള്ളം കൈവരിക്കുമെന്നും ജലജീവൻ മിഷൻ മുഖേന വിവിധ കുടിവെള്ള പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ജൽ ജീവൻ മിഷനിൽ ഉൾപ്പെട്ട പദ്ധതി 41.39 കോടി രൂപ ചെലവിലാണ് യാഥാർഥ്യമാക്കുന്നത്. വട്ടേക്കാട് മൊയ്തുണ്ണി ഹാജിയുടെ മകൻ സുൽഫിക്കർ ഹാജി സൗജന്യമായി നൽകിയ 10 സെൻ്റ് സ്ഥലത്താണ് എൻ.കെ.അക്ബർ എംഎൽഎയുടെ സഹകരണത്തോടെ ജലസംഭരണി ഒരുക്കുന്നത്.

കടപ്പുറം പഞ്ചായത്തിലെ ജനങ്ങൾക്ക് പ്രതിദിനം 100 ലിറ്റർ വെള്ളം വിതരണം ചെയ്ത് കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണുകയാണ് പദ്ധതിയുടെ ലക്ഷ്യം. 10 ലക്ഷം ലിറ്റർ ശേഷിയുള്ള ഉപരിതല ജലസംഭരണിയാണ് ഇതിനായി ഒരുങ്ങുന്നത്. ജലസംഭരണത്തിന് 5.40 കോടി വകയിരുത്തി. പദ്ധതി പ്രകാരം കടപ്പുറം പഞ്ചായത്തിൽ 31689 കുടുംബങ്ങൾക്ക് 2052ഓടെ വെള്ളത്തിൻ്റെ ആവശ്യകത കണക്കിലെടുത്ത് ഗാർഹിക കണക്ഷനുകൾ നൽകാനാകും.

ഭാരതപ്പുഴയിൽ തൃത്താലയിൽ നിലവിലുള്ള കിണറിനോട് ചേർന്ന് കലക്‌ഷൻ ചേംബർ നിർമിച്ച് 800 എംഎം വ്യാസമുള്ള പൈപ്പ് വഴി നിലവിലുള്ള കിണറിലേക്ക് വെള്ളം എത്തിക്കും. അവിടെ നിന്ന് 390 എച്ച്പി മോട്ടോർ പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് മുടവന്നൂരിൽ നിർമിക്കുന്ന 33 ദശലക്ഷം ലീറ്റർ ശേഷിയുള്ള ട്രീറ്റ്മെൻ്റ് പ്ലാൻ്റിലേക്ക് പൈപ്പിടും. വിവിധ പ്രക്രിയകളിലൂടെ വെള്ളം ശുദ്ധീകരിച്ച് അണുവിമുക്തമാക്കുകയും കുട്ടനാട് ഓഫീസ് കോമ്പൗണ്ടിലുള്ള നിലവിലുള്ള 15 ലക്ഷം ലിറ്റർ ശേഷിയുള്ള ഗ്രൗണ്ട് സ്റ്റോറേജ് ടാങ്കിലേക്ക് പൈപ്പ് എത്തിക്കുകയും ചെയ്യും. ഇവിടെനിന്ന് ഗുരുത്വാകർഷണത്തിലൂടെ ചാവക്കാട്ടെ ഉപരിതല സംഭരണിയിലെത്തിച്ച് അവിടെനിന്ന് മോട്ടോർ പമ്പ് സെറ്റ് ഉപയോഗിച്ച് കടപ്പുറം വട്ടക്കാട് 10 ലക്ഷം ലിറ്റർ ശേഷിയുള്ള ഉപരിതല ജലസംഭരണിയിലേക്ക് വെള്ളം പമ്പ് ചെയ്യും.

എൻ.കെ.അക്ബർ എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ച കേരള വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ പി.എ.സുമ എന്നിവർ പങ്കെടുത്തു.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts