ഹാസ്യത്തിലൂടെ മലയാള സിനിമയിൽ പുതിയൊരു തരംഗത്തിന് തുടക്കമിട്ട സംവിധായകൻ; തുടക്കം മിമിക്രി കലാകാരനായി

മലയാളസിനിമയിൽ ഹാസ്യത്തിലൂടെ പുതിയൊരു തരംഗത്തിന് തുടക്കമിട്ട സംവിധായകനാണ് സിദ്ദിഖ്. സിദ്ദിഖിന്റെ വിയോഗത്തോടെ മലയാളിക്ക് നഷ്ടമായത് എക്കാലവും പ്രിയപ്പെട്ട നിരവധി സിനിമകൾ സമ്മാനിച്ച ചലച്ചിത്രകാരനെയാണ്. നമ്മൾ അന്നുവരെ കണ്ടുപരിചയിച്ച ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം. ഓരോ രംഗവും പ്രേക്ഷകരെ ചിരിപ്പിച്ചു. ചിരിച്ചുചിരിച്ച് മതിയാകാതെ ഒരേ ചിത്രം പലതവണകണ്ടു. മിമിക്രിയിൽ നിന്ന് സിനിമയിൽ വന്ന സിദ്ദിഖ് ലാൽ സിനിമകളെല്ലാം തന്നെ നർമത്തിൽ പൊതിഞ്ഞവയായിരുന്നു. റാംജിറാവ് സ്പീക്കിംഗ് എന്ന ചിത്രത്തിലെ ഓരോ രംഗവും ഇപ്പോഴും നമ്മെ ചിരിപ്പിക്കുന്നു.

എറണാകുളം ജില്ലയിലെ പുല്ലേപ്പടിയിൽ ജനിച്ച സിദ്ദിഖിന് സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ സാഹിത്യസമാജത്തിൽ ഹാസ്യപരിപാടികൾ അവതരിപ്പിച്ചാണ് തുടക്കം. ചിരിനുറുങ്ങുകൾ എവിടെക്കണ്ടാലും തപ്പിപ്പിടിച്ച് വായിക്കും. അത് രസകരമായ രീതിയിൽ അവതരിപ്പിക്കും. മോണോ ആക്ട് അവതരിപ്പിച്ച് വിജയിപ്പിച്ചതോടെ കൂട്ടുകാരാണ് സിദ്ദിഖിന്റെ നർമം തിരിച്ചറിഞ്ഞതും പ്രോത്സാഹിപ്പിച്ചതും. പിന്നീട് മിമിക്രിയിലേക്ക്. മിമിക്രിയിലൂടെ കൊച്ചിൻ കലാഭവനിലെത്തി. നിരവധി സ്റ്റേജുകളിൽ ഹാസ്യപരിപാടികൾ അവതരിപ്പിച്ചു.

സിനിമയെ ഏറെ സ്‌നേഹിച്ച സിദ്ദിഖിനെ സിനിമയിലെത്തിച്ചത് സംവിധായകൻ ഫാസിലുമായുള്ള പരിചയമാണ്. നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിൽ ഫാസിലിന്റെ അസിസ്റ്റിന്റായാണ് തുടക്കം. സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ ചെയ്ത സിനിമകൾ സൂപ്പർ ഹിറ്റുകളായി. മിമിക്‌സ് പരേഡാണ് ആ കൂട്ടുകെട്ടിൽ ഇറങ്ങിയ ആദ്യ ചിത്രം.

ഇരുവരുടെയും ജീവിതത്തിൽ ഉണ്ടായ തമാശകളും അമളികളുമൊക്കെയാണ് ഹാസ്യരംഗങ്ങളായി തിയേറ്ററുകളെ ഇളക്കി മറിച്ചത്. ഇൻ ഹരിഹർനഗർ, ടു ഹരിഹർനഗർ, ഗോഡ്ഫാദർ, വിയറ്റ്‌നാം കോളനി, കാബൂളിവാല…പട്ടിക അങ്ങനെ നീണ്ടുപോകും. ഇടക്കുവച്ച് ഇരുവരും വഴിപിരിഞ്ഞത് പ്രേക്ഷകരെ നിരാശരാക്കി. പിന്നീട് ഇരുവരും തനിച്ച് സിനിമകൾ ചെയ്യാൻ തുടങ്ങി. സിദ്ദിഖ് സംവിധാനത്തിലും ലാൽ അഭിനയത്തിലും നിർമാണത്തിലും സജീവമായി.

സിദ്ദിഖ് തനിച്ച് ചെയ്ത ഹിറ്റ്‌ലറും ഫ്രണ്ട്‌സും വമ്പൻ ഹിറ്റുകളായി. ക്രോണിക് ബാച്ച്‌ലർ, ബോഡിഗാഡ്, ലേഡീസ് ആന്റ് ജന്റിൽമാൻ തുടങ്ങി നിരവധി ചിത്രങ്ങൾ അങ്ങനെ പിറന്നു. ഫ്രണ്ട്‌സ് എന്ന ചിത്രം പിന്നീട് തമിഴിലും ഹിറ്റായതോടെ തമിഴിലും തിരക്കേറിയ സംവിധായകനായി സിദ്ദീഖ്. ബോഡിഗാഡ് തമിഴിലും ഹിന്ദിയിലും ഹിറ്റായി. മോഹൻലാൽ നായകനായ ബിഗ് ബ്രദർ ആണ് അവസാനചിത്രം.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts