ഗുരുവായൂർ:മർച്ചന്റ് നേവിയിലെ ക്യാപ്റ്റൻ അരുൺ ടി പി യ്ക്ക് മറക്കാനാവാത്ത ദിവസമായിരുന്നു, ഇഷ്ടദേവനായ ഗുരുവായൂർ കണ്ണന്റെ മുൻപിൽ ചൊവാഴ്ച ഗാനാർച്ചന നടത്താനായത്. സമുദ്രത്തിരയോളം വേഗതയായിരുന്നു നവരാഗമാലികാ വർണം മുതൽ സ്വാതിയുടെ തില്ലാന വരെ. തുടർച്ചയായി ആലപിച്ച 14 കീർത്തനങ്ങൾക്കിടയിൽ പന്തുവരാളി രാഗത്തിൽ സാരസാക്ഷ പരിപാലയമാം പ്രധാന കൃതിയായി. കുഴൽമന്ദം രാമക്യഷ്ണന്റെ പ്രതിദിന ലളിതഗാന പരമ്പര ” സുലളിത” ത്തിൽ ഇന്നലെ 1024-ാമത്തെ ഗാനം പാടിയതും അരുൺ ആയിരുന്നു.
കണ്ണന്റെ മനോഹരമായ വർണന ഇതിനോടകം ജനപ്രിയമായി. ആ ഗാനവും ഇന്നലെ സന്ധ്യയിൽ നാദാർച്ചനയോടൊപ്പം പാടിയതും വേറിട്ട അനുഭൂതിയുണർത്തി. രാധികാ പരമേശ്വരൻ വയലിനും കുഴൽമന്ദം രാമകൃഷ്ണൻ മൃദംഗത്തിലും ആലുവ ഗോപാലകൃഷ്ണൻ ഘടത്തിലും ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന കച്ചേരിക്ക് പിന്തുണയേകി.
കോഴിക്കോട് സ്വദേശികളായ പരേതനായ വിജയകുമാർ, ജയപ്രഭ ദമ്പതികളുടെ മകനായ അരുൺ,18 വയസിൽ തന്നെ മർച്ചന്റ് നേവിയിൽ ചേരുകയായിരുന്നു. 12 വർഷത്തോളം ശ്രീ രഞ്ജിനി കലാക്ഷേത്രം ബാലകൃഷ്ണൻ മാസ്റ്ററുടെ കീഴിൽ സംഗീത പഠിച്ചരുന്ന കിരൺ , പല യുവജനോത്സവങ്ങളിലും മികവു പുലർത്തിയിട്ടുണ്ട്. ഭാര്യ: ആതിര മേനോൻ, മകൻ: സൂര്യ നാരായണൻ.