ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ കൊമ്പൻ ഇന്ദ്രസെന്നിന് റെക്കോഡ് ഏക്കം. ലേലത്തിലൂടെ 2,72,727 രൂപയ്ക്കു മുളങ്കുന്നത്തുകാവ് വടകുറുമ്പക്കാവ് ക്ഷേത്രത്തിലെ ഭരണി വേല കമ്മിറ്റിക്കാരാണു സ്വന്തമാക്കിയത്.
ഒരു ലക്ഷം രൂപയാണ് ഇന്ദ്രസെന്നിനു ദേവസ്വം നിശ്ചയിച്ച ഏക്കത്തുക. കുംഭ ഭരണിയായ ഫെബ്രുവരി 25 ലേക്കു നിരവധി കമ്മറ്റിക്കാരാണ് ഇന്ദ്രസെന്നിനുവേണ്ടി എത്തിയത്.
ഇതോടെ മത്സര ലേലം നടന്നു. ആനക്കോട്ട ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ മായാദേവി, മാനേജർ ലെജുമോൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ലേലം. ലേലത്തിൽ പങ്കെടുത്ത പാലിയേക്കര ചേന്നംകുളം ക്ഷേത്രക്കമ്മിറ്റി ലേലത്തിൽ നിന്നു പിന്മാറി. ഇവർ 2,11,211 രൂപയ്ക്കു ഗുരുവായൂർ നന്ദനെ സ്വന്തമാക്കി. ഗജരത്നം ഗുരുവായൂർ പദ്മനാഭന് 2,22,222 രൂപയും വലിയ കേശവന് 2,32,000 രൂപയുമാണു മുൻകാലത്തു റെക്കോഡ് ഏക്കം ലഭിച്ചത്.