ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ബഹുനില പാര്‍ക്കിങ് കേന്ദ്രം തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു.
ഡിസംബര്‍ 1 ന് രാവിലെ 11 മണിക്ക് നഗരസഭ ചെയര്മാന് എം കൃഷ്ണദാസ് ആദ്യ വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. വൈസ് ചെയര്‍ പേഴ്സണ്‍ അനീഷ്മ ഷനോജ്, സ്ഥിരം സമിതി അധ്യക്ഷരായ എ എം ഷെഫീര്‍, ഷൈലജ സുധന്, എ എസ് മനോജ്, ബിന്ദു അജിത് കുമാര്‍, എ സായിനാഥന്‍, നഗരസഭ സെക്രട്ടറി ബീന എസ് കുമാര്‍, കൗണ്‍സിലര്‍മാര്‍, നഗരസഭാംഗങ്ങള്‍, സാമൂഹ്യ – സാംസ്കാരിക പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നാലു നിലകളുളള പാര്‍ക്കിങ് കേന്ദ്രത്തിന്റെ ആദ്യത്തെ മൂന്ന് നിലകളാണ് തുറന്നിട്ടുളളത്. അഗ്നിശമന സംവിധാനം പൂര്‍ത്തിയാക്കിയ ശേഷം ബാക്കി നില ഉടനെ തന്നെ തുറന്ന് നല്‍കും. സ്റ്റാര്‍ട്ടപ്പ് കമ്പനിയായ പില്‍സ ടെക് സൊലൂഷന്‍സ് എന്ന കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. 7 വലിയ ബസുകള്‍, 366 കാറുകള്‍, 40 മിനി ബസുകള്‍ 100 ഓളം ഇരുചക്രവാഹനങ്ങള്‍ എന്നിവ ഇവിടെ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നതാണ്. ഗുരുവായൂരിലെ വാഹന പാര്‍ക്കിങ് പ്രതിസന്ധിക്ക് നഗരസഭയുടെ പാര്‍ക്കിങ് സമുച്ചയും വലിയൊരു പരിഹാരമാകുന്നതാണെന്ന് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് പറഞ്ഞു.