ഗുരുവായൂർ: ഗുരുവായൂർ റെയിൽവേ മേൽപ്പാലം മെയ് മാസത്തിൽ തുറന്ന് നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി എൻ കെ അക്ബർ എം എൽ എ .റെയിൽവേ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിലാണ് എം എൽ എ ഇക്കാര്യം അറിയിച്ചത്.
റെയിൽവേ മേൽപ്പാല നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് കൺസ്ട്രക്ഷൻ വിഭാഗം കലണ്ടർ തയ്യാറാക്കി പ്രവർത്തിക്കണമെന്നും എംഎൽഎ നിർദേശിച്ചു. സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും നിർമ്മാണ പ്രവർത്തനങ്ങൾക്കൊപ്പം നിൽക്കുന്നതായും ഇതിനു വേണ്ട സാങ്കേതിക അനുമതികളെല്ലാം ലഭ്യമായതായും എം എൽ എ പറഞ്ഞു.
റെയിൽവേ നിർമ്മാണവുമായി ബന്ധപ്പെട്ട ടെക്നിക്കൽ പ്രശ്നങ്ങൾ രണ്ടു ദിവസത്തിനകം പരിഹരിക്കണമെന്ന് ആർ ബി ഡി സി കെ , കരാറുകാർ എന്നിവർക്ക് എംഎൽഎ കർശന നിർദ്ദേശം നൽകി. സർവ്വീസ് റോഡ് എത്രയും പെട്ടന്ന് തുറന്ന് നൽകുന്നതിനാവശ്യമായ നടപടി സ്വീകരിക്കാൻ എം എൽ എ ആവശ്യപ്പെട്ടു. മൂന്ന് മാസം കൊണ്ട് പില്ലർ വർക്ക് പൂർത്തീകരിക്കാൻ കഴിയുമെന്നും അതിനനുബന്ധമായി മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. റീടെയിനിങ്ങ് വാളിൻ്റെ ന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതോടൊപ്പം സർവ്വീസ് റോഡ് തുറന്ന് നൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കെ എസ് ഇ ബിയുമായി ബന്ധപ്പെട്ട എക്സ്കവേഷൻ പ്രവർത്തനങ്ങൾ നടക്കുമ്പോൾ കെഎസ്ഇബി അധികൃതർക്ക് മുൻകൂട്ടിയുള്ള അറിയിപ്പ് കത്ത് മുഖേന നൽകണമെന്നും യോഗം നിർദ്ദേശിച്ചു.
തിരുവെങ്കിടം അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് വരുന്ന അപ്പ്രോച്ച് റോഡിൻറെ നിർമ്മാണം കെ റെയിലിനെ ഏൽപ്പിക്കാനും ഇതിന് അനുമതി ലഭിക്കുന്നതിന് നഗരസഭയ്ക്ക് കത്ത് നൽകാനും കെ റെയിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.അടിപ്പാത നിർമ്മാണത്തിൽ ദേവസ്വം വക ഭൂമി വിട്ടു കിട്ടുന്നതിനുള്ള ദേവസ്വത്തിൻറെ അനുമതിക്കായി പ്രൊപ്പോസൽ ഉടൻ നൽകണമെന്നും എംഎൽഎ നിർദ്ദേശിച്ചു.സ്വകാര്യ വ്യക്തിയുടെ സ്ഥലം നഗരസഭ ഏറ്റെടുക്കണമെന്ന നിർദ്ദേശവും എംഎൽഎ മുന്നോട്ടുവച്ചു.
ഗുരുവായൂർ നഗരസഭാ കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ എ എസ് മനോജ്, നഗരസഭ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ഇ ലീല, സതേൺ റെയിൽവേ അസി എക്സി. എഞ്ചിനീയർ പി അബ്ദുൾ അസീസ്, കെ റെയിൽ സെക്ഷൻ എഞ്ചിനീയർ മിഥുൻ ജോസഫ്, പൊതുമരാമത്ത് വകുപ്പ് എക്സി.എഞ്ചി. മാലിനി, കെ എസ് ബി, വാട്ടർ അതോറിറ്റി, കെ ആർ എഫ് ബി, ദേവസ്വം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.