ഗുരുവായുർ: ഏകാദശി ദിവസമായ ശനിയാഴ്ച 2,22,58,388 രൂപ ഭണ്ഡാര ഇതര വരുമാനമായി ലഭിച്ചു .ഇത് റെക്കോർഡ് വരുമാനമായാണ് കണക്കാക്കുന്നത്. ഇതിൽ കൂടുതലും നെയ് വിളക്ക് ശീട്ടാക്കിയ വകയിൽ ആണ്. 21,18,930 രൂപയാണ് നെയ് വിളക്ക് വഴി ലഭിച്ചത്.
ഉച്ചക്ക് രണ്ട് വരെ സ്പെഷൽ ദർശനം നിഷേധിച്ചതോടെ നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയത് 1683 പേരാണ്. തുലാഭാരം വഴി 8,78,055 രൂപയാണ് ലഭിച്ചത്. പാൽ പായസം 4,13,649 രൂപക്കും, നെയ്പായസം 1,71,450 രൂപക്കും ഭക്തർ ശീട്ടാക്കിയിരുന്നു. 22 വിവാഹങ്ങളും, 186 കുരുന്നുകൾക്ക് ചോറൂണും ഏകാദശി ദിവസം ഭഗവാന് മുന്നിൽ നടന്നു.
ഒരു വിഭാഗം ഭക്തർ ഞായറഴ്ച ഏകാദശി ആഘോഷിക്കുന്നതിനാൽ ഞായറഴ്ചയും ഭണ്ഡാര ഇതര വരുമാനത്തിൽ വൻ കുതിച്ചു ചാട്ടം ഉണ്ടാകും. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏകാദശി ആഘോഷത്തിന് വൻ ഭക്തജന തിരക്കിനാണ് ക്ഷേത്ര നഗരി സാക്ഷ്യം വഹിച്ചത്.