ഗുരുവായൂർ: ഏകാദശി വ്രതം അനുഷ്ഠിച്ച് ഭഗവദ് ദർശന സുകൃതം നേടാൻ പതിനായിരങ്ങളാണ് ഇന്നലെ ഗുരുപവനപുരിയിലെത്തിയത്.
ഏകാദശി ദിനത്തിൽ ദേവസ്വത്തിന്റെ വകയായി ഉദയാസ്തമന പൂജയുമുണ്ടായി. ഉച്ചതിരിഞ്ഞ് മൂന്നിന് ക്ഷേത്രത്തിനകത്ത് നടന്ന പഞ്ചാരിമേളത്തോടേയുള്ള കാഴ്ചശീവേലിയ്ക്ക് കൊമ്പൻ രാജശേഖരൻ സ്വർണകോലമേറ്റി. രാത്രി നടന്ന വിളക്കെഴുന്നെള്ളിപ്പിനും ഭഗവാൻ സ്വർണ കോലത്തിലാണ് എഴുന്നെള്ളിയത്. ഏകാദശി ദിനത്തിലാണ് ഗുരുവായൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠയെന്നാണ് ഐതിഹ്യം. രാവിലെ പാർഥസാരഥി ക്ഷേത്രത്തിലേക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ എഴുന്നെള്ളിപ്പ് നടന്നു. ക്ഷേത്രത്തിൽ വൈകുന്നേരം കേളി, മദ്ദളപ്പറ്റ്, തായമ്പക എന്നിവയുമുണ്ടായി.
രാത്രി വിളക്കെഴുന്നെള്ളിപ്പിന്റെ നാലാമത്തെ പ്രദക്ഷിണം ഇടക്കയുടെ അകമ്പടിയോടെ നടക്കുമ്പോൾ, ക്ഷേത്രത്തിന്റെ അകത്തളം നെയ്വിളക്കിന്റെ നിറശോഭയിലാണ് തെളിഞ്ഞു നിന്നത്. മേളത്തിന്റെ അകമ്പടിയിൽ അഞ്ചാമത്തെ പ്രദക്ഷിണത്തോടെ രാത്രി വിളക്കെഴുന്നള്ളിപ്പ് അവസാനിച്ചു.
ഏകാദശി വ്രതമെടുത്ത ഭക്തർക്ക് പ്രസാദ് ഊട്ടിന് വിപുലമായ സംവിധാനങ്ങളാണ് ദേവസ്വം ഏർപ്പെടുത്തിയിരുന്നത്.
ഏകാദശിയോടനുബന്ധിച്ച് നടന്നിരുന്ന ചെമ്പൈ സംഗീതോത്സവം ഇന്നലെ സമാപിച്ചു.
ഇത്തവണ രണ്ട് ദിവസങ്ങളിലായി ഏകാദശി ആഘോഷിയ്ക്കുന്നതിനാൽ, ഉദയാസ്ഥമനപൂജയും പാർഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നെള്ളിപ്പും ഒഴിച്ചുള്ള ഏകാദശി ചടങ്ങുകൾ ഇന്നും നടക്കും.
ദ്വാദശി പണസമർപ്പണം നാളെ പുലർച്ചെ തുടങ്ങും. ദ്വാദശി പണസമർപ്പണം ശേഷം ഗോപുര നടയടയ്ക്കും.
ഏകാദശി വ്രതം നോറ്റവർക്കായുള്ള ദ്വാദശി ഊട്ട് നാളെ ചൊവ്വാഴ്ച നടക്കുന്ന ത്രയോദ ശി ഊട്ടോടെയാണ് ഏകാദശി ചടങ്ങുകൾക്ക് പരിസമാപ്തി.