ഗുരുവായൂർ: സംഗീത മാധൂര്യമേറിയ രാപകലുകൾ. രാഗതാളപദാശ്രയ സമ്പന്നം. സർവ്വം സംഗീതമയം. ഭക്തി സാന്ദ്രമാണ് ഗുരുപവനപുരി.
ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോൽസവം പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ ഗുരുവായൂർ കാഴ്ചകൾ, ചൊവ്വാഴ്ച ഉച്ചവരെ രണ്ടായിരത്തിലേറെ കലാകാരൻമാരാണ് ശ്രീ ഗുരുവായൂരപ്പ സന്നിധിയിൽ സംഗീതാർച്ചന നടത്തിയത്. പ്രശസ്ത സംഗീതജ്ഞർ ഉൾപ്പെടെ അവതരിപ്പിച്ച വിശേഷാൽ കച്ചേരികളിലെ പങ്കാളിത്തം കൂടി കണക്കിലെടുത്താണിത്. രാവിലെ 6 മണിക്ക് തുടങ്ങുന്ന സംഗീതാർച്ചന തീരുന്നത് വളരെ വൈകിയാണ്.
സംഗീതാർച്ചനയ്ക്കെത്തുന്ന എല്ലാവർക്കും അവസരം നൽകുമെന്ന ദേവസ്വം ഭരണസമിതിയുടെ തീരുമാനം ഫലപ്രദമായി നടപ്പാക്കിയാണ് സംഘാടനം. ചെമ്പൈ സംഗീതോത്സവ സബ് കമ്മറ്റി അംഗങ്ങൾക്കൊപ്പം ദേവസ്വം ജീവനക്കാരും കലാകാരൻമാർക്ക് കരുതലായി സേവനത്തിന് നേതൃത്വം നൽകുന്നു.
ചെമ്പൈ സംഗീതോൽസവം ആകാശവാണിയും സംപ്രേഷണം ചെയ്ത് തുടങ്ങി. രാവിലെ 9.30ന് ഒരുമനയൂർ ഒ.കെ.സുബ്രഹ്മണ്യം & പാർട്ടിയുടെ നാഗസ്വരക്കച്ചേരിയോടെയാണ് ആകാശവാണി പ്രക്ഷേപണം തുടങ്ങിയത് .തുടർന്ന് ശർമ്മിള, കോട്ടക്കൽ ചന്ദ്ര ശേഖരൻ, സിതാര കൃഷ്ണമൂർത്തി ,ദേവി വാസുദേവൻ, രാജേശ്വരി ശങ്കർ, ആദർശ് വെങ്കിടേശ്വരൻ, കുന്നത്തൂർ മോഹന കൃഷ്ണൻ, ശിവദർശന എന്നിവർ കച്ചേരി അവതരിപ്പിച്ചു. ഇനി ഡിസംബർ 2 വരെയുള്ള ദിവസങ്ങളിൽ രാവിലെ 9:30 മുതൽ പകൽ 12:30 വരെയും രാത്രി 7:35 മുതൽ 8.30 വരെയുമാണ് ആകാശവാണി പ്രക്ഷേപണം. വെള്ളിയാഴ്ച (ഡിസംബർ 2) 9 മുതൽ പഞ്ചരത്ന കീർത്തനാലാപനവും തുടർന്ന് കച്ചേരികളും ആകാശവാണി പ്രക്ഷേപണം ചെയ്യും.