ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോൾ ചലഞ്ച് പെനാൽട്ടി ഷൂട്ടൗട്ട് സംഘടിപ്പിച്ചു.
ദേവസ്വം ഓഫീസിന് മുന്നിലായിരുന്നു പരിപാടി. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. പെനാൽട്ടി ഷൂട്ടൗട്ടിൽ പങ്കെടുത്തായിരുന്നു ഉദ്ഘാടനം. മയക്കുമരുന്ന് അടക്കമുള്ള ലഹരിക്കെതിരെ ജാഗ്രത്തായ ഇടപെടൽ വേണമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾ മയക്കു മരുന്നിൻ്റെയും ലഹരിയുടെയും പിടിയിൽ പെടാതെയിരിക്കാൻ രക്ഷിതാക്കൾ നിതാന്ത ജാഗ്രത പുലർത്തണം. വീട്ടിലും സ്കൂളിലും കുട്ടികളെ നിരീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ഭരണസമിതി അംഗം സി.മനോജ് ,ദ്ദേവസ്വം എംപ്ലോയീസ് സഹകരണ സംഘം പ്രസിഡൻ്റ് എം എൻ രാജീവ്, സ്റ്റാഫ് വെൽഫെയർ വൈസ് ചെയർമാൻ സന്തോഷ് വി കെ, ട്രഷറർ അഖിലേഷ് ഉണ്ണിത്താൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സ്റ്റാഫ് വെൽഫെയർ സെക്രട്ടറി പി ഡി ഇന്ദുലാൽ സ്വാഗതവും, ജോയിൻ്റ് സെക്രട്ടറി അരുൺ സി മോഹൻ നന്ദിയും പറഞ്ഞു.