the digital signature of the temple city

ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ; 1929-ൽ സ്വർണ്ണ തുളസീദളം… 2026-ൽ സ്വർണ്ണക്കിരീടം: നൂറ്റാണ്ട് നീളുന്ന ഭക്തിസമർപ്പണങ്ങളുടെ ദിവ്യചരിത്രം

സാമൂതിരി രേഖകളിൽ തെളിഞ്ഞ ഭക്തിയുടെ അമൂല്യ അധ്യായങ്ങൾ – സ്വർണ്ണ തുളസീദളം മുതൽ വെള്ളിവിളക്കും ശംഖുകാലും ദീപാരാധന തട്ടും വരെ; 97 വർഷങ്ങൾക്കിപ്പുറം വീണ്ടും സ്വർണ്ണക്കിരീട സമർപ്പണത്തിന് സാക്ഷിയായി ഗുരുവായൂരപ്പൻ.

ഗുരുവായൂർ : “നമ്രാണാം സന്നിധത്സേ സതതമപി പുരസ്തൈരനഭ്യർത്ഥിതാനപ്യർത്ഥാൻ കാമാനജസ്രം വിതരസി പരമാനന്ദസാന്ദ്രാം ഗതിം ച…” എന്ന മേൽപ്പത്തൂർ ഭട്ടതിരിപ്പാടിന്റെ നാരായണീയ പ്രാർത്ഥന അനശ്വരമാക്കിയത് “ഗുരുവായൂരപ്പൻ” എന്ന ദിവ്യനാമമാണ്. ചോദിച്ചതും ചോദിക്കാത്തതുമായ അഭീഷ്ടങ്ങൾ പോലും നിറവേറ്റുന്ന കരുണാമയനായ ഗുരുവായൂരപ്പനോടുള്ള ഭക്തരുടെ സമർപ്പണങ്ങൾ നൂറ്റാണ്ടുകളായി തുടരുന്ന അപൂർവ പാരമ്പര്യമാണ്.

ആയുരാരോഗ്യ സൗഖ്യത്തിനും ജീവിതവിജയങ്ങൾക്കും നന്ദി രേഖപ്പെടുത്താൻ ഭക്തർ തുലാഭാരം, സ്വർണ്ണ-വെള്ളി ആഭരണങ്ങൾ, പൂജാപാത്രങ്ങൾ, നിലവിളക്കുകൾ, തുളസീദളം, തിലകം, ഗോപി, ഓടക്കുഴൽ, അരഞ്ഞാണം, കിരീടം തുടങ്ങി അനേകം വഴിപാടുകൾ സമർപ്പിച്ചുവരുന്നു. ഈ ഭക്തിസമർപ്പണങ്ങളുടെ ചരിത്രം സാമൂതിരിയുടെ ഔദ്യോഗിക രേഖകളിൽ ഇന്നും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത.

2026 ജൂൺ 26-ന് തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്നുള്ള ഭക്തൻ രാജൻ പി. നായർ ഗുരുവായൂരപ്പന് ഏകദേശം 37 പവൻ തൂക്കമുള്ള സ്വർണ്ണക്കിരീടം സമർപ്പിച്ചതോടെ, ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പ് നടന്ന മറ്റൊരു അപൂർവ വഴിപാട് വീണ്ടും ഓർമ്മകളിൽ നിറയുകയാണ്. 1929 ജൂണിൽ മുത്തിരിങ്ങോട് ഭവത്രാതൻ ഗുരുവായൂരപ്പന് നിത്യം ചാർത്തുന്നതിനായി സ്വർണ്ണംകൊണ്ടുള്ള തുളസീദളം സമർപ്പിച്ചതാണ് ആ ചരിത്രസംഭവം.

1929 – സ്വർണ്ണ തുളസീദളത്തിന് സാമൂതിരിയുടെ അനുമതി

1929 ജൂൺ 13-ന് പുറപ്പെടുവിച്ച സാമൂതിരിയുടെ തിട്ടൂരിൽ, ഭവത്രാതൻ സമർപ്പിച്ച സ്വർണ്ണ തുളസീദളം ക്ഷേത്രത്തിലെ വിശേഷപണ്ടങ്ങളോടൊപ്പം സുരക്ഷിതമായി സൂക്ഷിക്കാനും, അനുയോജ്യമായ അവസരങ്ങളിൽ ഗുരുവായൂരപ്പനിൽ ചാർത്താനും ഔദ്യോഗിക അനുമതി നൽകിയതായി രേഖപ്പെടുത്തിയിരിക്കുന്നു. ഭക്തിസമർപ്പണങ്ങൾക്ക് അന്നത്തെ ഭരണസംവിധാനം നൽകിയ പ്രാധാന്യത്തിന്റെ തെളിവാണ് ഈ രേഖ.

1936 – ദീപാരാധന തട്ട് പുതുക്കാൻ സാമൂതിരിയുടെ ഉത്തരവ്

1936-ൽ ക്ഷേത്രത്തിൽ ഉപയോഗിച്ചിരുന്ന വെള്ളി ദീപാരാധന തട്ട് കേടായതിനെ തുടർന്ന്, ദേവസ്വം സ്റ്റോക്കിൽ നിന്നുള്ള 150 ക. തൂക്കം വെള്ളി ഉപയോഗിച്ച്, 20 ക.യിൽ അധികമാകാത്ത പണിക്കൂലി നിശ്ചയിച്ച് പുതിയ ദീപാരാധന തട്ട് നിർമ്മിക്കാൻ സാമൂതിരി ഉത്തരവിട്ടിരുന്നു. ക്ഷേത്രോപകരണങ്ങളുടെ സംരക്ഷണത്തിൽ പുലർത്തിയിരുന്ന കൃത്യത ഈ രേഖ വ്യക്തമാക്കുന്നു.

1954 – സ്വർണ്ണ ശംഖുകാലും വെള്ളിത്തട്ടും

1954-ൽ ടി.എൻ. മേനോൻ സ്വർണ്ണംകൊണ്ട് ശംഖുകാൽ നിർമ്മിക്കാൻ 376 ക. വഴിപാടായി നൽകി. വി.എസ്. തമ്പി വെള്ളിത്തട്ട് നിർമ്മിക്കാൻ 62 ക. സംഭാവന നൽകി. എന്നാൽ ലഭിച്ച തുക ശംഖുകാൽ നിർമ്മിക്കാൻ മതിയാകാത്തതിനാൽ, ആകെ 433 ക. വിലയ്ക്ക് സ്വർണം വാങ്ങി, അതിൽ 10-ന് 1 വീതം ചെമ്പ് ചേർത്ത് ശംഖുകാൽ നിർമ്മിക്കാൻ സാമൂതിരി അനുമതി നൽകിയതായി രേഖകളിൽ കാണുന്നു.

1957 – ശ്രീകോവിലിനകത്തേക്ക് വെള്ളിവിളക്ക്

1957-ൽ ഗുരുവായൂർ അംശം ദേശത്തെ നെടിയംവീട്ടിൽ അമ്മാളു അമ്മ 1200 ക. ചെലവിൽ ശ്രീകോവിലിനകത്ത് കത്തിക്കുന്നതിനായി വെള്ളി നിലവിളക്ക് സമർപ്പിച്ചു. ഇതിന് സാമൂതിരിയുടെ പ്രത്യേക അനുമതി ലഭിക്കുകയും, എസ്റ്റിമേറ്റ് പാസാക്കി നിർമ്മാണം പൂർത്തിയാക്കിയ ശേഷം ചെലവിന്റെ കണക്ക് സമർപ്പിക്കണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു.

ഭക്തിയുടെ പാരമ്പര്യം ഇന്നും തുടരുന്നു

1929-ൽ സ്വർണ്ണ തുളസീദളത്തോടെ ആരംഭിച്ച ഈ ഭക്തിസമർപ്പണങ്ങളുടെ ചരിത്രം, 2026-ൽ സ്വർണ്ണക്കിരീട സമർപ്പണത്തിലൂടെ വീണ്ടും പുതിയ അധ്യായം കുറിച്ചിരിക്കുകയാണ്. കാലം മാറിയെങ്കിലും ഗുരുവായൂരപ്പനോടുള്ള ഭക്തരുടെ അചഞ്ചലമായ വിശ്വാസത്തിനും സമർപ്പണത്തിനും യാതൊരു മാറ്റവുമില്ലെന്നതിന്റെ ഉജ്ജ്വലമായ തെളിവാണ് ഈ ചരിത്രസംഭവങ്ങൾ.

സാമൂതിരി രേഖകളിൽ ഇന്നും സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഈ വിവരങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിന്റെ പൈതൃകവും, ഭക്തിപാരമ്പര്യവും, ക്ഷേത്രഭരണത്തിന്റെ ചരിത്രവും ഒരുപോലെ വെളിവാക്കുന്ന വിലമതിക്കാനാകാത്ത രേഖകളായി നിലകൊള്ളുന്നു.

കടപ്പാട് ✍️ : രാമയ്യർ പരമേശ്വരൻ

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts