ഒടിടി റൈറ്റ്സ് വില്‍പ്പനയായി; ഗോഡ്‍ഫാദര്‍

News Also Available in English, Hindi, Tamil

സംവിധായകന്‍ എന്ന നിലയിലുള്ള അരങ്ങേറ്റം ഗംഭീര വിജയമാക്കിയ ആളാണ് പൃഥ്വിരാജ്. മോഹന്‍ലാലിനെ ടൈറ്റില്‍ കഥാപാത്രമാക്കി ഒരുക്കിയ ലൂസിഫര്‍ മലയാളം ഇതുവരെ കണ്ടതില്‍ ഏറ്റവും വലിയ സാമ്പത്തിക വിജയമാണ്. അതേസമയം ചിത്രത്തിന്‍റെ തെലുങ്ക് റീമേക്ക് ആയ ഗോഡ്‍ഫാദര്‍ ഒക്ടോബര്‍ 5 ന് തിയറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. ചിരഞ്ജീവിയെ നായകനാക്കി മോഹന്‍ രാജ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തെ സംബന്ധിച്ച ഒരു പുതിയ അപ്ഡേറ്റ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് വില്‍പ്പനയായിരിക്കുന്നു എന്നതാണ് അത്. ലെറ്റ്സ് ഒടിടി ഗ്ലോബലിന്‍റെ റിപ്പോര്‍ട്ട് പ്രകാരം നെറ്റ്ഫ്ലിക്സിനാണ് ചിത്രത്തിന്‍റെ സ്ട്രീമിംഗ് റൈറ്റ്സ്.

മലയാളത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി ഗോഡ്‍ഫാദറില്‍ നയന്‍താരയും പൃഥ്വിരാജിന്‍റെ ഗസ്റ്റ് റോളില്‍ സല്‍മാന്‍ ഖാനുമാണ് എത്തുക. ടോളിവുഡ് ഈ വര്‍ഷം കാത്തിരിക്കുന്ന വലിയ പ്രോജക്റ്റുകളില്‍ ഒന്നാണ് ഇത്. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രവുമാണ് ഇത്. ചിരഞ്ജീവിയുടെ പിറന്നാളിന് തലേദിവസം ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. വിജയ് നായകനായ മാസ്റ്റര്‍ ഉള്‍പ്പെടെ ക്യാമറയില്‍ പകര്‍ത്തിയ നീരവ് ഷായാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. എസ് തമന്‍ സംഗീത സംവിധാനവും പ്രഭുദേവ നൃത്തസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. നിരവധി ബോളിവുഡ് ചിത്രങ്ങളുടെ കലാസംവിധാനം നിര്‍വ്വഹിച്ച സുരേഷ് സെല്‍വരാജനാണ് കലാസംവിധായകന്‍. 

മൂന്ന് സംവിധായകരുടെ പേരുകള്‍ വന്നുപോയതിനു ശേഷമാണ് മോഹന്‍ രാജയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. ചിത്രത്തിന്‍റെ സംവിധായകനായി ആദ്യം കേട്ടത് പുഷ്പ ഒരുക്കിയ സുകുമാറിന്‍റെ പേരായിരുന്നു. എന്നാല്‍ ഇത് സ്ഥിരീകരിച്ച വിവരമായിരുന്നില്ല. പിന്നീട് സാഹൊ ഒരുക്കിയ സുജീതിന്‍റെ പേരും ലൂസിഫര്‍ റീമേക്കിന്‍റെ സംവിധായകനായി കേട്ടു. എന്നാല്‍ സുജീത് നല്‍കിയ ഫൈനല്‍ ഡ്രാഫ്റ്റില്‍ തൃപ്തി പോരാഞ്ഞ് ചിരഞ്ജീവി അദ്ദേഹത്തെയും നീക്കിയെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ആദി, ടാഗോര്‍, ബണ്ണി തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ വി വി വിനായകിന്‍റെ പേരും പിന്നീട് ഉയര്‍ന്നുകേട്ടിരുന്നു. പിന്നീടാണ് ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്ന വിവരം മോഹന്‍ രാജ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തെലുങ്ക് പ്രേക്ഷകരെ മുന്നില്‍ക്കണ്ട് തിരക്കഥയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാവും റീമേക്ക് എത്തുക.

Related Articles

Leave a Reply

Your email address will not be published.

Back to top button
Translate »