റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി; കാണിക്കയായി  1.51 കോടി.

News Also Available in English, Hindi, Tamil

ഗുരുവായൂർ:  റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ശനിയാഴ്ച വൈകുന്നേരം 5 മണിയോടെ ഇളയ മകൻ ആനന്ദിൻ്റെ പ്രതിശ്രുത വധു രാധികാ മർച്ചൻ്റ്, റിലയൻസ് ഡയറക്ടർ മനോജ് മോദി എന്നിവർക്കൊപ്പമാണ് മുകേഷ് അംബാനിയെത്തിയത്. 

ശ്രീവൽസം ഗസ്റ്റിനു സമീപം തെക്കേ നടപ്പന്തലിന് മുന്നിൽ വെച്ച് ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ എക്സ് എം പി, അഡ്വ. കെ.വി.മോഹന കൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ കെ. പി.വിനയൻ  ദേവസ്വം ജീവനക്കാർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.  ചെയർമാൻ ഡോ: വി.കെ.വിജയൻ അദ്ദേഹത്ത പൊന്നാടയണിയിച്ചു. “കുറച്ചു കാലമായി ഇവിടെ വന്നിട്ട് ഇപ്പോൾ വരാനായി. വളരെ സന്തോഷം. സ്വീകരണത്തിന് നന്ദി” മുകേഷ് അംബാനി പറഞ്ഞു.

തുടർന്ന് ക്ഷേത്രത്തിലെത്തി. നമസ്ക്കാര മണ്ഡപ സമീപത്തെ വിളക്കിൽ പ്രാർത്ഥനാപൂർവ്വം നെയ് അർപ്പിച്ചു. ശ്രീ ഗുരുവായൂരപ്പനെ  കൺ നിറയെ കണ്ടു. മനസ്സർപ്പിച്ചു തൊഴുതു ഭഗവദ് സായൂജ്യം നേടി. തുടർന്ന്  മുകേഷ് അംബാനിക്കും സംഘത്തിനും ഗുരുവായൂരപ്പൻ്റെ പ്രസാദകിറ്റും നൽകി. ക്ഷേത്ര കാര്യങ്ങൾ എല്ലാം ചെയർമാനോട് ചോദിച്ചറിഞ്ഞ മുകേഷ് അംബാനി കാണിക്കയായി 1.51 കോടിയുടെ ചെക്ക് അന്നദാനഫണ്ടിലേക്ക് നൽകി.  20 മിനിട്ടോളം ക്ഷേത്രത്തിൽ ചെലവഴിച്ചു. അഞ്ചരയോടെ ദർശനം പൂർത്തിയാക്കി പുറത്തിറങ്ങിയ അദ്ദേഹത്തിന് കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ വെച്ച് ചെയർമാൻ ഡോ: വി.കെ. വിജയൻ ദേവസ്വത്തിൻ്റെ ഉപഹാരവും സമ്മാനിച്ചു. എല്ലാവർക്കും നന്ദി പറഞ്ഞ ശേഷമാണ് മുകേഷ് അംബാനിയും സംഘവും മടങ്ങിയത്

Related Articles

Leave a Reply

Your email address will not be published.

Back to top button
Translate »