
തിരുവനന്തപുരം ⬤ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ചൂടിനിടയിൽ ശബരിമല ആയുധമാക്കി ഭരണ-പ്രതിപക്ഷ നേതാക്കൾ. വിശ്വാസികളുടെ പ്രതിഷേധം കുറച്ചു കാലമായി ഉണ്ടെന്ന് വ്യക്തമാക്കിയ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രതികരണത്തോടെയാണു ശബരിമലയിൽ വാഗ്വാദം വീണ്ടും തുടങ്ങിയത്.
അയ്യപ്പനും ദേവഗണങ്ങളും ജനങ്ങൾക്ക് ഗുണം ചെയ്ത സർക്കാരിനൊപ്പമാണെന്ന് എൻഎസ്എസിനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. തൊട്ടുപിന്നാലെ, ദൈവങ്ങളെ കൂട്ടുപിടിച്ചുള്ള മലക്കംമറിച്ചിൽ ജനങ്ങളെ ഭയന്നെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തിരിച്ചടിച്ചു.
വിശ്വാസികൾ പൊറുക്കില്ലെന്നും സർക്കാരിന് അയ്യപ്പ കോപമുണ്ടാവുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ജി.സുകുമാരൻ നായർക്കു രാഷ്ട്രീയമുണ്ടെന്നു വ്യക്തമായെന്ന് സിപിഐ സംസ്ഥാന സെകട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.