ഗുരുവായൂർ മേൽശാന്തി ശങ്കരനാരായണ പ്രമോദ് നമ്പൂതിരി സ്ഥാനമേറ്റു

ഗുരുവായൂർ: തിയ്യന്നൂർ മനയ്ക്കൽ ശങ്കരനാരായണ പ്രമോദ് നമ്പൂതിരി ഗുരുവായൂരപ്പന്റെ മേൽശാന്തിയായി ബുധനാഴ്ച രാത്രി സ്ഥാനമേറ്റു. സെപ്‌റ്റംബർ 30 വരെയാണ് കാലാവധി. വ്യാഴാഴ്ച പുലർച്ചെ മൂന്നിന് തന്ത്രി മന്ത്രോപദേശം നൽകുന്നതോടെ പുതിയ മേൽശാന്തി ചുമതലകൾ നിർവഹിച്ചുതുടങ്ങും. ക്ഷേത്രത്തിൽ പന്ത്രണ്ടുദിവസം ഭജനമിരുന്നശേഷമാണ് മേൽശാന്തി സ്ഥാനമേറ്റത്.

അത്താഴപ്പൂജയും തൃപ്പുകയും കഴിഞ്ഞ് നട അടയ്ക്കുന്നതിനു മുമ്പായിരുന്നു മേൽശാന്തിമാറ്റച്ചടങ്ങ്. മേൽശാന്തിയായിരുന്ന മൂർത്തിയേടത്ത് കൃഷ്ണൻ നമ്പൂതിരി നമസ്‌കാരമണ്ഡപത്തിൽ സ്ഥാനചിഹ്നമായ താക്കോൽക്കൂട്ടം വെള്ളിക്കുംഭത്തിൽ സമർപ്പിച്ച് സ്ഥാനമൊഴിഞ്ഞു.

ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടിൽ നിന്നും സ്ഥാനചിഹ്നം ശങ്കരനാരായണപ്രമോദ് നമ്പൂതിരി ഏറ്റുവാങ്ങി. ശ്രീലകത്ത് കയറി ഗുരുവായൂരപ്പന്റെ തൃപ്പാദങ്ങളിൽ സമർപ്പിച്ച് വണങ്ങി ഭഗവാന്റെ മേൽശാന്തിയായി. വലിയ തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്, തന്ത്രി ശ്രീകാന്ത് നമ്പൂതിരിപ്പാട്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ബ്രീജാകുമാരി, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ സി. ശങ്കർ എന്നിവർ സന്നിഹിതരായിരുന്നു. മേൽശാന്തിസ്ഥാനമേറ്റതോടെ പുറപ്പെടാശാന്തിയായി ആറുമാസം വ്രതശുദ്ധിയിൽ ശങ്കരനാരായണപ്രമോദ് നമ്പൂതിരി ക്ഷേത്രത്തിനകത്ത് ഉണ്ടാകും.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *