ഗുരുവായൂരിലെ കോലീബി ആരോപണം ശുദ്ധ അസംബന്ധം; കെ എന്‍ എ ഖാദര്‍

ഗുരുവായൂരിലെ കോലീബി ആരോപണം ശുദ്ധ അസംബന്ധമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ എ ഖാദര്‍ പറഞ്ഞു. നോമിനേഷന്‍ തളളിയത് ബിജെപിയും എല്‍ഡിഎഫുമായുളള അവിശുദ്ധ ബന്ധത്തിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയുമായി യുഡിഎഫിന് യാതൊരു ബന്ധവുമില്ല. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇടതുപക്ഷത്തിനു വേണ്ടിയുള്ള ഒത്തുകളിയാണെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ഥിയില്ലാതാകുന്നത് ആര്‍ക്ക് ഗുണകരമാകുമെന്ന് ഇപ്പോള്‍ പറയാനാകില്ല.

എന്‍.ഡി.എ. സ്ഥാനാര്‍ഥി അഡ്വ. നിവേദിതയുടെ പത്രിക തള്ളിയതിനെ തുടര്‍ന്ന് മണ്ഡലത്തില്‍ രാഷ്ട്രീയചര്‍ച്ചകള്‍ ചൂടുപിടിച്ചിരുന്നു. മത്സരരംഗത്ത് എന്‍.ഡി.എ. ഇല്ലെങ്കില്‍ അത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നു പറഞ്ഞ് യു.ഡി.എഫ്. കേന്ദ്രങ്ങള്‍ ആഹ്ലാദത്തിലാണ്. കോണ്‍ഗ്രസും ലീഗും ബി.ജെ.പി.യും ചേര്‍ന്ന് ഗുരുവായൂരില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയിരിക്കുകയാണെന്നു പറഞ്ഞ് നിയോജകമണ്ഡലത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ എല്‍.ഡി.എഫ്. പ്രകടനം നടത്തി.

ഒരു സ്ഥാനാര്‍ത്ഥിയുടെ നോമിനേഷന്‍ സമര്‍പ്പിക്കുന്നത് സ്ഥാനാര്‍ത്ഥിയാണ്. അതിന് ആരുടെ സഹായം തേടണമെന്ന് തീരുമാനിക്കുന്നതും അവര്‍ തന്നെയാണ്. നോമിനേഷന്‍ പരിശോധിച്ച് തള്ളുന്നത് അതിന് അധികാരപ്പെട്ടവരാണ്. അതിന് യുഡിഎഫുമായി യാതൊരു ബന്ധവുമില്ല. ഇത്ര അശ്രദ്ധമായി നോമിനേഷന്‍ നല്‍കാമോ എന്നൊക്കെ ചോദിക്കേണ്ടത് അവരോട് തന്നെയാണ്. യുഡിഎഫ് അല്ല അതില്‍ മറുപടി പറയേണ്ടത്. ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ലാത്തത് ആര്‍ക്ക് ഗുണം ചെയ്യുമെന്നൊന്നും പ്രവചിക്കാന്‍ താന്‍ ആളല്ല. ഇടതുപക്ഷവുമായുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് നോമിനേഷന്‍ തള്ളിയത്. താന്‍ എല്ലാവരോടും വോട്ട് ചോദിക്കും. ഏതെങ്കിലും വോട്ട് വേണ്ടെന്ന് വെക്കാന്‍ അത് ആര് എവിടെ ചെയ്‌തെന്ന് നമുക്ക് അറിയില്ലല്ലോ എന്നും കെ എന്‍ എ ഖാദര്‍ പറഞ്ഞു. എന്‍.ഡി.എ.യുടെ പത്രിക തള്ളിയ സാഹചര്യത്തില്‍ ഹൈന്ദവവോട്ടുകള്‍ ഏകീകരിക്കാനുള്ള നീക്കങ്ങള്‍ യു.ഡി.എഫ്. ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായി ശനിയാഴ്ച വൈകീട്ട് ഗുരുവായൂരില്‍ ടി.എന്‍. പ്രതാപന്‍ എം.പി.യുടെ നേതൃത്വത്തില്‍ യു.ഡി.എഫ്. പ്രത്യേകയോഗം ചേര്‍ന്നു. നിയോജകമണ്ഡലത്തിലെ പ്രധാന നേതാക്കളുടെയും ഭാരവാഹികളുടെയും യോഗമാണ് നടന്നത്.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *