ഗുരുവായൂർ ദേവസ്വം ഭരണസമിതിക്ക് സുവർണജൂബിലി..

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രഭരണം ക്രമീകരിച്ച് സർക്കാർ നിയോഗിച്ച ഭരണസമിതി നിലവിൽ വന്നിട്ട് ഇന്ന് 50 വർഷം ! (1971 മാർച്ച് 9 – 2021 മാർച്ച് 9).15 ചെയർമാൻമാരും ഒട്ടേറെ അംഗങ്ങളും അധികാരത്തിലിരുന്ന 50 വർഷത്തിനിടയിൽ ഒരു വനിത പോലും ഭരണസമിതിയിൽ ഇടം ലഭിച്ചിട്ടില്ല. എന്നാൽ 43 അഡ്മിനിസ്റ്റ്രേറ്റർമാരിൽ 7 പേർ വനിതകളായിരുന്നു .

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം വളരെ പ്രാചീനവും അതിപ്രധാനവും ആയ ഒരു ക്ഷേത്രവും അതിന്നു സ്വന്തമായി അനവധി സ്വത്തുക്കളും ധർമ്മങ്ങളും ഉള്ളതുകൊണ്ട് ഭാരതത്തിലെ എല്ലാ ഭാഗങ്ങളിലും നിന്നും ലക്ഷക്കണക്കിന് ജനങ്ങൾ അതിൽ വിശ്വസിക്കുകയും ചെയ്യുന്നതു കൊണ്ട് ഈ ക്ഷേത്രത്തിന്റെ മേൽനോട്ടത്തിനും ഭരണത്തിനുമായി മദിരാശി ഹൈക്കോടതിയിലെ അപ്പീൽ നമ്പർ 211ഉം 212ഉം പ്രകാരം 1930ൽ ഉണ്ടായ വിധിപ്രകാരം ഒരു സ്കീം നിലവിൽ വന്നു. ആ സ്കീമിനെ 1933 ലെ O. S. നമ്പർ ഒന്നാം കേസ്സിലെ വിധിപ്രകാരമായിരുന്നു കോഴിക്കോട് സാമൂതിരിരാജ മാനേജിംഗ് ട്രസ്റ്റിയായും, മല്ലിശ്ശേരി നമ്പൂതിരി കോ.ട്രസ്റ്റിയായും ഭരണംനടത്തിയിരുന്നത്.

അവിചാരിതമായി 1970 നവംബർ 29 നുണ്ടായ ക്ഷേത്രത്തിലെ അഗ്നിബാധയെ തുടർന്ന് 1970 ഡിസംബർ 2ന് അന്നത്തെ കേരള സർക്കാർനിയോഗിച്ച റിട്ട.ഡിസ്ററ്രിക്ട് ആൻറ് സെഷൻസ് ജഡ്ജി ശ്രീ കെ.ഗംഗാധരൻ തമ്പി കമ്മീഷൻ ഒരന്വേഷണം നടത്തി സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 1965 മുതൽ തന്നെ കേരളത്തിലെ ക്ഷേത്രങ്ങളെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ചിരുന്ന കുട്ടികൃഷ്ണമേനോൻ കമ്മീഷൻ റിപ്പോർട്ടും ഗുരുവായൂർക്ഷേത്രഭരണത്തിന് പുതിയ ഭരണസംവിധാനം വേണമെന്നഭിപ്രായപ്പെട്ടിരുന്നു.

ഈ റിപ്പോർട്ടുകൾ എല്ലാം പരിഗണിച്ച് ഒരു ഓർഡിനൻസ്‌ മൂലം ദേവസ്വം ഭരണം ഏറ്റെടുക്കുകയും, പൊതുജനങ്ങളുടെ പ്രതിനിധികളും, മുൻ ട്രസ്റ്റിമാരും, ക്ഷേത്രം തന്ത്രിയും, ദേവസ്വം ജീവനക്കാരുടെ പ്രതിനിധിയും ഉൾക്കൊള്ളുന്ന ഒരു നിർവ്വാഹക സമിതിയെ ചുമതലപ്പെടുത്തി. ഇതിന്റെ ആദ്യ നടപടിയായി കേരള സർക്കാർ 1971 മാർച്ച് 9 ന് തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ ശ്രീ. സി.എച്ച് ദാമോദരൻ നമ്പ്യാർ അവർകളെ ആദ്യ അഡ്മിനിസ്റ്റ്രേറ്ററായി നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവായി. പുതിയതായി സർക്കാർ നോമിനേറ്റ് ചെയ്ത ഭരണസമിതിയും നിലവിൽ വന്നു. സർക്കാർ ഏറ്റെടുത്തശേഷം ആദ്യമായി നിലവിൽ വന്ന ഭരണസമിതി തീരുമാനപ്രകാരം ഗുരുവായൂരപ്പന്റെ മേശ്ശാന്തി നിയമനം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന സംപ്രദായം ഏർപ്പെടുത്തി. ഇതനുസരിച്ച് ആദ്യമായി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട മേശാന്തി, ഗുരുവായൂരിലെ ഓതിക്കൻ കുടുംബാംഗമായ കക്കാട് ദാമോദരൻ നമ്പൂതിരിയാണ്. 1971-72 ലെ ആദ്യബഡ്ജറ്റ് 4,46,1000 ക വരവും 3,43,6300 ക ചെലവും 1,02,4700 ക. നീക്കിയിരുപ്പും പ്രതീക്ഷിക്കുന്നതായിരുന്നു ഭരണസമിതി അംഗീകരിച്ചത്.

നാളെ 2021 മാർച്ച് 9 ന് 50 വർഷം തികയുന്നു. പി.സി. മാനവേദവിക്രമരാജ റിട്ടയേർഡ് തഹസീൽദാർ കോഴിക്കോട് എന്ന സാമൂതിരിരാജ ആയിരുന്നു ഇപ്രകാരം ആദ്യമായി നിലവിൽ വന്ന ഭരണസമിതി യുടെ ചെയർമാൻ. മല്ലിശ്ശേരി കൃഷ്ണൻ നമ്പൂതിരി വൈസ്ചെയർമാനുമായിരുന്നു. തുടർന്ന് പല ഘട്ടങ്ങളിലായി മരുമകൻ രാജ,(സാമൂതിരിരാജ), കേണൽ.ടി.എസ്.നായർ, പിടി.മോഹനകൃഷ്ണൻ, പ്രൊഫസർ.പി.എൻ.നാരായണൻ, അഡ്വ. വി.ആർ.രാമകൃഷ്ണൻ, എൻ.കെ.നാരായണക്കുറുപ്പ് ഐ.എ.എസ്(റിട്ട), കെ.വി.നമ്പ്യാർ ഐ.എ.എസ് (റിട്ട), പ്രൊഫസർ.രാമൻകർത്താ, വേണുഗോപാലക്കുറുപ്പ്, അപ്പുക്കുട്ടൻ നമ്പ്യാർ ഐ.എ.എസ് (റിട്ട), തോട്ടത്തിൽ രവീന്ദ്രൻ, ടി.വി.ചന്ദ്രമോഹൻ എകസ്.എം.എൽ.എ, പീതാബരക്കുറുപ്പ്,(എക്സ്.എം.പി) എന്നിങ്ങനെ 14 ചെയർമാൻമാർ ദേവസ്വം ഭരണസാരഥ്യം വഹിച്ചു.

ഈ അമ്പതാംവർഷത്തിൽ ഗുരുവായൂർ ദേവസ്വത്തിന്റെ ചെയർമാനായി അഡ്വ.കെ.ബി.മോഹൻദാസ്, തൃശൂർ അവർകളുടെ നേതൃത്ത്വത്തിൽ ദേവസ്വത്തിന്റെ ഭരണം നടന്നുവരുന്നു. ആദ്യമായി വന്ന ഭരണസമിതികളിൽ 14 പേർ വരെ ഉണ്ടായിരുന്നു എങ്കിലും 1978 ൽ പുതിയതായി നിലവിൽ വന്ന ഗുരുവായൂർ ദേവസ്വം ആക്ട് പ്രകാരം 9 അംഗങ്ങളുള്ള ഭരണസമിതിയാണ് തുടർന്നുവരുന്നത്. അതുപോലെ തന്നെ 1971 ൽ ദേവസ്വം ഭരണസമിതിയിലെ ജീവനക്കാരുടെ ഒരു പ്രതിനിധിയെ ദേവസ്വം ജീവനക്കാർ രഹസ്യ ബാലറ്റിലൂടെ തിരഞ്ഞെടുത്ത് സർക്കാരിനെ അറിയിക്കുകയും ആ ജീവനക്കാരനെ സർക്കാർ ഭരണസമിതിയിൽ ഉൾപ്പെടുത്തുകയുമാണ് ഉണ്ടായത്. അതനുസരിച്ച് അന്ന് ദേവസ്വം സ്ഥിരം സർവീസിൽ ഉണ്ടായിരുന്ന ജീവനക്കാരുടെ നോമിനിയെ തിരഞ്ഞെടുക്കാൻ ദേവസ്വം എംപ്ളോയീസ് അസ്സോസിയേഷൻ എന്ന സംഘടനയുടെ നേതൃത്വത്തിൽ ഒരു മീറ്റിങ്ങ് വിളിച്ചുകൂട്ടാൻ സർക്കാർ നിർദേശപ്രകാരം ദേവസ്വം മാനേജർ കത്ത് നൽകി. അതനുസരിച്ച് സത്രം ഹാളിൽ ചേർന്ന യോഗത്തിൽ പുതൂർ ഉണ്ണികൃഷ്ണൻ, വി.ശിവദാസൻ എന്നിവർ സ്ഥാനാർത്ഥികളായി. രഹസ്യ ബാലറ്റിലൂടെ വോട്ടെടുപ്പു നടന്നു. 193 പേർ അതിൽ പങ്കെടുത്തു. 165 പേർ പുതൂർ ഉണ്ണികൃഷ്ണന് പിന്തുണ നൽകി. 24 പേർ വി.ശിവദാസനും വോട്ട് ചെയ്തു. 4 വോട്ട് അസാധുവായി. അതനുസരിച്ച് പുതൂർ ഉണ്ണികൃഷ്ണനെ ദേവസ്വം ജീവനക്കാരുടെ പ്രതിനിധിയായി സർക്കാർ ഭരണസമിതിയിലേക്ക് നോമിനേറ്റ് ചെയ്തു.

പിന്നീട് ആ വ്യവസ്ഥ മാറ്റി സർക്കാർ നേരിട്ട് നോമിനേറ്റ് ചെയ്യുന്ന സമ്പ്രദായം നിലവിൽവന്നു. ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ കാലാവധി ആദ്യം രണ്ട് തവണ 3 വർഷം വീതമായിരുന്നു. 1978 ൽ ദേവസ്വം ആക്ട് നിലവിൽ വന്നതോടെ രണ്ട് വർഷമായി നിജപ്പെടുത്തി. എന്നാൽ 1998 ൽ അന്നത്തെ സർക്കാർ ഭരണസമിതിയുടെ കാലാവധി 4 വർഷമായി നിശ്ചയിച്ചുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ഒരു ഘട്ടത്തിൽ 3 വർഷമായും പിന്നീടത് ഇപ്പോഴും തുടരുന്നപോലെ 2 വർഷമായും നിശ്ചയിച്ചു.

സാമൂതിരിരാജയും, മല്ലിശ്ശേരി കാരണവരും, ക്ഷേത്രം തന്ത്രിയും സ്ഥിരാംഗങ്ങളായും, ജീവനക്കാരിൽനിന്നും സർക്കാർ നോമിനേറ്റ് ചെയ്യുന്ന ഒരു പ്രതിനിധിയുംകൂടി 9 അംഗങ്ങൾ ഉൾപ്പെടുന്ന ഗുരുവായൂർ ദേവസ്വം ഭരണസമിതി നിലവിൽ വന്നശേഷം കഴിഞ്ഞ അമ്പത് വർഷത്തിനിടയിൽ അനവധി ഉന്നതസ്ഥാനീയരായ സമൂഹത്തിലെ പ്രഗത്ഭരും, പ്രശസ്തരുമായ പല വ്യക്തികളും ഗുരുവായൂർ ദേവസ്വം ഭരണസമിതികളിൽ പലപ്പോഴായി അംഗങ്ങളായും,അദ്ധ്യക്ഷൻമാരായും പ്രവർത്തിച്ചു.

ഗുരുവായൂർ ദേവസ്വം നിയമം( 1978) സൂക്ഷ്മതയോടെ പരിശോധിച്ചാൽ ഇന്ന് കേരളത്തിലെ ദേവസ്വങ്ങൾക്കെല്ലാം, മറ്റുക്ഷേത്രങ്ങൾക്കെല്ലാം മാതൃകയാണ് എന്ന് കാണാം. വർഷം 50 തികയുമ്പോൾ ആദ്യം ചുമതലയേറ്റ ആർ.ഡി.ഒ. സി.എച്ച് ദാമോദരൻ നമ്പ്യാർ മുതൽ 43 ഭരണാധികാരികൾ ദേവസ്വത്തിന്റെ അഡ്മിനിസ്റ്റ്രേറ്റർ പദവിയിൽ ഗുരുവായൂരപ്പനെ സേവിക്കാൻ ഭാഗ്യം ലഭിച്ചവരാണ് അതിൽ തന്നെ ഡോക്ടർ എം.ബീന ഐ.എ.എസ്, ജയ ഐ.എ.എസ്, ഡെ.കലക്ടർമാരായ രാജി, ഡോക്ടർ പി.കെ.ജയശ്രീ, ഹരിത.വി.കുമാർ, രേണുരാജ് ഐ.എ.എസ്, ഇപ്പോഴത്തെ അഡ്മിനിസ്റ്റ്രേറ്റർ ബ്രീജാകുമാരി ഉൾപ്പെടെ 7 പേർ പ്രഗത്ഭരായ വനിതാ ഉദ്യോഗസ്ഥരായിസേവനത്തിലുണ്ടായി.എന്നാൽ അമ്പത് വർഷത്തിനിടയിൽ ഭരണസമിതിയിൽ വനിതാ പ്രതിനിധ്യത്തിൽ അംഗങ്ങളായി ആരും തന്നെ നാളിതുവരെ നിയമിക്കപ്പെട്ടിട്ടില്ല.

അമ്പത് വർഷംമുമ്പ് 1971 സർക്കാർ നിയോഗിച്ച ഭരണസമിതി നിലവിൽ വന്ന് ആദ്യമായി മെയ് മാസത്തിൽ ഗുരുവായൂരപ്പന്റെ ഭണ്ഡാരം വരവ് 2,37,872.57 ക ആയിരുന്നു. 2020 ജൂൺ മാസത്തിൽ ക്ഷേത്രഭണ്ഡാരംവക വരവ് 4,31,48,775. ക ആയിരുന്നു. അന്ന് ഒരഗ്നിബാധക്കുശേഷമാണ് ഭണ്ഡാരം എണ്ണിയതെങ്കിൽ ഇപ്പോൾ ലോകമെങ്ങും വ്യാപിച്ച കൊറോണ എന്ന മഹാമാരിയുടെ ഭീതിദമായ അവസ്ഥയിലായിരുന്നു ഭണ്ഡാരമെണ്ണിയത്.

ഗുരുവായൂരും, ഗുരുവായൂർദേവസ്വം സ്ഥാപനങ്ങളും വിപുലീകൃതമായി. അന്ന് 5 ക്ഷേത്രങ്ങളാണ് ദേവസ്വം കീഴേടങ്ങളായുണ്ടായിരുന്നത്. ഇന്ന് 10 കീഴേടം ക്ഷേത്രങ്ങളായി. ഗുരുവായൂർ ദേവസ്വത്തിന്റെ നാൽപ്പത്തിഎട്ടാമത് ഭരണ റിപ്പോർട്ട് ഭക്തജനസമക്ഷം ‘ഭക്തപ്രിയ’യിലൂടെ സമർപ്പിച്ചപ്പോൾ കേരളത്തിലെ മറ്റുക്ഷേത്രങ്ങൾക്ക് ഗുരുവായൂർ ദേവസ്വം മൂന്നുകോടി രൂപ ധനസഹായം നൽകുന്ന വിധം പ്രാപ്തമായതായും മറ്റുതരത്തിലുള്ള വികസനങ്ങളും നടന്നതായി കാണാം. 1971 ൽ ഗുരുവായൂരപ്പന് 21 ആനകളാണ് ഗജസമ്പത്തിൽ ഉണ്ടായിരുന്നതെങ്കിൽ ഗജസമ്പത്ത് വർദ്ധിച്ച് 66 വരെ എത്തിയിരുന്നു. ഇന്ന് നിലവിൽ 46 ആനകൾ ഗജസമ്പത്തിലുണ്ട്. മാത്രമല്ല, ഗുരുവായൂരപ്പന്റെ അതിപുരാതനമായ കൂത്തമ്പലം ഭക്തന്മാരുടെ വഴിപാടായി, തനിമ നിലനിർത്തി അറ്റകുറ്റപ്പണികൾ നടത്തി മനോഹരമാക്കിയപ്പോൾ യുനസ്കോ പുരസ്കാരം എന്ന അംഗീകാരവും ദേവസ്വത്തിന് ലഭിച്ചു. ഒരു ഭക്തന്റെ വഴിപാടായി ദേവസ്വത്തിന് സ്വന്തം യൂറ്റ്യൂബ് ചാനൽ ആരംഭിച്ചതും അതിന് ആദ്യമായി 8600 ക യോളം പ്രതിമാസം വരുമാനം ലഭിക്കാൻ ആരംഭിച്ചതും അമ്പതാമത്തെ വർഷദിനത്തിൽ ഭക്തജനങ്ങൾക്ക് സന്തോഷമുളവാക്കും.

ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് ഗുരുവായൂരിലേക്ക് ഭക്തജനപ്രവാഹം മേൽക്കുമേൽ വർദ്ധിച്ചുവരുന്നു.അവർക്കെല്ലാം സന്തോഷപ്രദമായ രീതിയിൽ സൗകര്യപ്രദമായവിധം ആവശ്യമായ ദർശന, താമസ സൗകര്യങ്ങൾ ചെയ്യാൻ ഇനിയും എല്ലാ ഭരണസാരഥികൾക്കും കഴിയട്ടെ… നാരായണ…

ലേഖകൻ:
രാമയ്യർ പരമേശ്വരൻ,
റിട്ട. മാനേജർ,
ഗുരുവായൂർ ദേവസ്വം

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *