ഹൃദയസ്തംഭനം ഏറ്റവും കൂടുതല്‍ വരാന്‍ സാധ്യത ഈ ദിവസം ; നിര്‍ണായക കണ്ടെത്തലുമായി ഗവേഷകര്‍

ഹൃദയസ്തംഭനം എപ്പോള്‍ വരുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. സമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, അമിതവണ്ണം, പ്രമേഹം തുടങ്ങിയവയെല്ലാം ഹൃദയസ്തംഭനത്തിലേക്ക് നയിക്കാവുന്ന കാരണങ്ങളാണ്. ഭൂരിഭാഗം പേര്‍ക്കും ഹൃദയസ്തംഭനം വരുന്നത് ആഴ്ചയില്‍ ഏത് ദിവസമാണെന്ന നിര്‍ണായ കണ്ടെത്തല്‍ നടത്തിയിരിയ്ക്കുകയാണ് സ്വീഡനിലെ ഗവേഷകര്‍.

സ്വീഡനിലെ ഉപ്സാല, ഉമിയ സര്‍വ്വകലാശാലകളിലെ ഗവേഷകര്‍ നടത്തിയ പഠന പ്രകാരം, പലര്‍ക്കും ഹൃദയസ്തംഭനം വരാറുള്ളത് തിങ്കളാഴ്ചയാണെന്നാണ് കണ്ടെത്തിയിരിയ്ക്കുന്നത്. അമേരിക്കന്‍ ഹാര്‍ട്ട് ജേണലിലാണ് ഇവര്‍ കണ്ടെത്തിയ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്. സ്വീഡ്ഹാര്‍ട്ട് എന്ന സ്വീഡിഷ് ദേശീയ ക്വാളിറ്റി രജിസ്ട്രിയില്‍ 2006 മുതല്‍ 2013 വരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഹൃദയസ്തംഭന കേസുകളാണ് പഠനത്തിന്റെ ഭാഗമായി വിലയിരുത്തിയത്. 1.56 ലക്ഷം പേര്‍ക്കാണ് ഇക്കാലയളവില്‍ ഹൃദയസ്തംഭനം രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇതില്‍ ഭൂരിപക്ഷവും തിങ്കളാഴ്ചയുണ്ടായതാണെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു.

ശൈത്യകാല ദിനങ്ങളിലും തിങ്കളാഴ്ചകളിലും ആളുകള്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലായതിനാല്‍ ഈ ദിനങ്ങളില്‍ ഹൃദയസ്തംഭനത്തിനുള്ള സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു. അതേസമയം വേനലവധി കാലത്തും വാരാന്ത്യങ്ങളിലും ഹൃദയസ്തംഭന സാധ്യത കുറവാണ്. ഈ ദിനങ്ങളില്‍ ആളുകള്‍ കൂടുതലും വിശ്രമത്തിലായിരിക്കുമെന്നതിനാല്‍ അവരുടെ സമ്മര്‍ദ്ദം കുറവായിരിക്കും. സമ്മര്‍ദ്ദത്തിനു പുറമേ താപനിലയും ഹൃദയമിടിപ്പിന്റെ നിരക്കില്‍ വ്യത്യാസം വരുത്താമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *