ഗുരുവായൂർ ഉത്സവത്തിനെത്തിയ ഭാവരാഗവും , ജയരാഗവും

ഗുരുവായൂർ: പത്തുദിവസമായി ഗുരുപവനപുരി ഉത്സവ മേളത്തിൽ ആയിരുന്നു . ഇന്നലെ ആറാട്ടോടുകൂടി സമാപിച്ചു . പള്ളിവേട്ട ദിനത്തിൽ പുറത്തേക്കുള്ള എഴുന്നള്ളിപ്പ് തൊഴാൻ ഗായകൻ പി. ജയചന്ദ്രനും, പത്നി ലളിതയും എത്തിയിരുന്നു … കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ 77 പിറന്നാളായിരുന്നു . ഒരു വർഷമായി ഭഗവാനെ കാണാൻ കഴിയാത്ത ജയേട്ടന്റെ പ്രായം ക്ഷേത്രത്തിനകത്തേക്ക് അനുവദനീയമായിരുന്നില്ല . കിഴക്കേ നടയിൽ നിന്നു ഭഗവാനെ പ്രാർത്ഥിത്തിച്ചു കാണിക്കയർപ്പിച്ച് ആനപ്പുറത്തേറി നഗരപ്രദക്ഷിണം ചെയ്യുന്ന ഭഗവാനെ കാണാൻ തെക്കെ നടയിലേക്ക് ജയേട്ടൻ നീങ്ങി.

നെയ്യാറ്റിൻകരവാഴും കണ്ണാ നിൻ മുന്നിലൊരു നെയ്യ് വിളക്കാവട്ടെ എന്റെ ജന്മം എന്ന പുഷ്പാഞ്ജലി ആൽബത്തിലെ ഗാനം കേൾക്കാത്ത ഭക്ത മനസ്സുണ്ടോ ? അടുത്തിടെ പാടിയ കൃഷ്ണരാഗം ആൽബത്തിലെ പാട്ടുകൾ എന്നും കേൾക്കാൻ തോന്നും. കല്ലറ ഗോപൻ സംഗീതം നൽകിയ പാട്ടുകൾ ബി.കെ.ഹരി നാരായണനാണ് എഴുതിയത് . പ്രായം കൂടുംതോറും ജയേട്ടന്റെ സ്വരവും മധുരമേറി വരുന്നു എന്ന് ഒരിക്കൽ പദ്മഭൂഷൺ മോഹൻലാൽ പറയുകയുണ്ടായി. ചെയർമാൻ മോഹൻദാസും ,മെമ്പർ അജിത്തും ജയേട്ടനെ മേളത്തിന് മുന്നിലേക്ക് ആനയിച്ചു . ചെണ്ടയിൽ പെരുക്കുന്ന പെരുവനം കുട്ടൻ മാരാർ ജയേട്ടന്റെ കാൽതൊട്ടു വന്ദിച്ചത് എല്ലാവരിലും കൗതുകം പടർത്തി .

മലയാളഭാഷതൻ മാദകഭംഗി നിൻ മലർമന്ദഹാസമായ് വിടർത്തിയ ഭാവ ഗായകനെ ആർക്കാണ് തൊട്ടുവന്ദിക്കാതിരിക്കാൻ കഴിയുക. കാലം നൽകിയ രണ്ടു അഭൗമസ്വരങ്ങളാണ് യേശുദാസും , പി ജയചന്ദ്രനും. ആദ്യം റേഡിയോയിലൂടെയും പിന്നെ ടിവി യിലൂടെയും ഒഴുകിയെത്തിയ നാദധാര ഭാരതത്തിന്റെ സംഗീതമാണ്. മലയാളിയുടെ സ്വത്താണ്. സർവ്വസ്വമാണ്. ആറാട്ട് ദിവസമായ ഇന്നലെ മലയാളത്തിന്റെ നർമ്മ മലർ ജയരാജ് വാര്യർ ഭഗവാനെ തൊഴാൻ വന്നിരുന്നു . മാസ്ക് മുഖത്തുള്ളതിനാൽ പലർക്കും ചിരിയുടെ കഷായത്തിനെ തിരിച്ചറിഞ്ഞില്ല . നഗരസഭാ ചെയർമാൻ കൃഷ്ണദാസും മേളം കാണാൻ വന്നിരുന്നു . ഹാസ്യ നക്ഷത്രത്തെ കണ്ടപ്പോൾ ചെയർമാൻ ചിരിച്ചു. ചിരിക്ക് മറക്കെട്ടിയ കവചം പുറത്തേക്ക് വരാൻ അനുവദിച്ചില്ല .

വേദികളിൽനിന്ന് വേദികളിലേക്ക് പടർന്നുകയറുന്ന നർമ്മ മിഴാവ് ഒരു വർഷമായി പരിപാടികൾ കുറവാണ് എന്ന് കൃഷ്ണദാസിനോട് പറഞ്ഞു . തിച്ചൂർ മോഹനും , പറക്കാട് തങ്കപ്പൻ മാരാരും ജയരാജ് വാര്യരുടെ കൈപിടിച്ച് ആശ്ലേഷിച്ചു . മാസ്ക് മാറ്റിയപ്പോൾ അഡ്മിനിസ്ട്രറ്റർ ജയരാജ് വാര്യരുടെ അടുക്കലേക്ക് വന്ന് കുശലം ചോദിച്ചു . മൂന്ന് ആനകളാണ് എഴുന്നെള്ളിപ്പിനുള്ളത് . ആയിര കണക്കിന് പറ ചൊരിയേണ്ട നടയിൽ 10 പറയേ ഉള്ളു. വീഥിയും , വിതാനങ്ങളും നിറയേണ്ട മുറ്റത്തു എല്ലാം കുറവാണ്. ഓസ്ക്കാറിലേക്ക് തന്റെ മം എന്ന സിനിമ പരിഗണിച്ച സന്തോഷത്തിലെത്തിയ വിജീഷ് മണിയെ ജയരാജ് വാര്യർ പൊന്നാടയണിയിച്ചു.

തേനീച്ചയുടെ ആവാസ സംബന്ധമായ സിനിമയിൽ ഐ.എം.വിജയനാണ് നായകൻ. സോഹൻ റോയ് നിർമ്മിച്ച പടം അടുത്ത മാസം തിയറ്ററുകളിൽ എത്തുമെന്ന് വിജീഷ് മണി പറഞ്ഞു . എല്ലാ വർഷവും ഉത്സവത്തിന് എത്താറുള്ള ദുബായ് വ്യവസായി ധീരജ് ഗോപാലും, ആലുക്കാസിന്റെ പരസ്യങ്ങൾ ചെയ്യുന്ന ഗായകൻ മധുബാലകൃഷ്ണന്റെ അനിയൻ ശ്രീകുമാറും ജയരാജ് വാര്യരുടെ അടുത്ത് നിന്ന് ഉത്സവ വിശേഷം പങ്കിട്ടു . അടുത്ത വർഷത്തേക്ക് എല്ലാം ശരിയാകും. എല്ലാം ശരിയാകും എന്ന് പറഞ്ഞ് നർമ്മ മിഴി വിടർന്നു , വേഗം വീട്ടിലെത്തണം അമ്മ കാത്തിരിക്കുന്നുണ്ടാകും..

ബാബു ഗുരുവായൂർ ..

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *