
ഗുരുവായൂർ: ആറാട്ടിന് ഗുരുവായൂരപ്പൻ പുറത്തേക്കെഴുന്നള്ളിയപ്പോൾ ക്ഷേത്രമുറ്റത്ത് പഞ്ചവാദ്യത്തിന്റെ താളമധുരം വിളമ്പി. വെള്ളിയാഴ്ച സന്ധ്യമുതൽ രാത്രി എട്ടര വരെ നടവഴികൾ പഞ്ചവാദ്യത്തിന്റെ താളലഹരിയിലമർന്നു. പരയ്ക്കാട് തങ്കപ്പൻ മാരാരായിരുന്നു തിമിലയിൽ പ്രാമാണ്യം.

വൈക്കം ചന്ദ്രൻ, ചോറ്റാനിക്കര നന്ദപ്പൻ മാരാർ, നല്ലേപ്പിള്ളി കുട്ടൻ, കരിയന്നൂർ നാരായണൻ നമ്പൂതിരി തുടങ്ങിയവരും തിമിലക്കാരുടെ നിരയിലുണ്ടായി. ചെർപ്പുളശ്ശേരി ശിവനും കലാമണ്ഡലം കുട്ടിനാരായണനുമാണ് മദ്ദളം നയിച്ചത്. തിച്ചൂർ മോഹനൻ(ഇടയ്ക്ക), പാഞ്ഞാൾ വേലുക്കുട്ടി (താളം), മച്ചാട് ഉണ്ണിനായർ (കൊമ്പ്) എന്നിവരും പഞ്ചവാദ്യത്തിന്റെ നേതൃനിരയിലുണ്ടായി.

ക്ഷേത്രം കിഴക്കേ നടയിൽ ഒന്നേകാൽ മണിക്കൂറോളം പഞ്ചവാദ്യം കൊട്ടിക്കയറി. തുടർന്ന് ക്ഷേത്രക്കുളം വലംവെച്ചശേഷം സമാപിച്ചു. പിന്നീട് പെരുവനം കുട്ടൻമാരാരുടെ മേളമായിരുന്നു. ഉത്സവദിവസങ്ങളിൽ ആറാട്ടിന് മാത്രമാണ് പഞ്ചവാദ്യം ഉണ്ടാകാറ്. അതുകൊണ്ട് ഈ ദിവസം പഞ്ചവാദ്യം ആസ്വദിക്കാൻ മാത്രമായി വരുന്നവരുമുണ്ട്. ഗുരുവായൂർ മുരളിയുടെ നാഗസ്വരം, ഗുരുവായൂർ ഭജന മണ്ഡലിയുടെ സമ്പ്രദായ ഭജന എന്നിവയും ആറാട്ടെഴുന്നള്ളിപ്പിന് കൊഴുപ്പേകി.

ചിത്രങ്ങൾ: ഉണ്ണി, ഭാവന സ്റ്റുഡിയോ, ഗുരുവായൂർ