
കൊച്ചി: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യും. യൂണിടാക് എംഡി സന്തോഷ് ഈപ്പന് വാങ്ങിയ ഐഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനായുള്ള നോട്ടീസ് അയച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് വിവാദമാവുംവരെ ഉപയോഗിച്ചിരുന്ന ഫോണിലെ സിം കാര്‍ഡും കണ്ടെത്തി. ഐഎംഇഐ നമ്പര്‍ വഴിയാണ് കസ്റ്റംസ് സിം കാര്‍ഡും കണ്ടെത്തിയത്. കോണ്‍സല്‍ ജനറലിന് നല്കിയ ഫോണ്‍ വിനോദിനിക്ക് എങ്ങനെ ലഭിച്ചെന്നും അന്വേഷിക്കും.
ഈ മാസം 10 ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സന്തോഷ് ഈപ്പൻ സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതിയായ സ്വപ്ന സുരേഷിന് വാങ്ങിക്കൊടുത്ത ആറ് ഐഫോണുകളിലൊന്ന് ഉപയോഗിച്ചത് വിനോദിനിയാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. 1.13 ലക്ഷം രൂപ വില വരുന്ന ഐഫോണാണ് വിനോദിനി ഉപയോഗിച്ചത്. സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ഐ ഫോണുകളിൽ ഏറ്റവും വില കൂടിയ ഫോണായിരുന്നു ഇത്.
ലൈഫ് മിഷന് കരാര്‍ ലഭിക്കുന്നതിന് വേണ്ടി കോഴ നൽകിയിരുന്നതായി സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി മൊബൈൽ ഫോണ്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കര്‍, അഡീഷണൽ പ്രോട്ടോക്കോള്‍ ഓഫീസര്‍ രാജീവൻ, പദ്മനാഭ ശര്‍മ, ജിത്തു, പ്രവീണ്‍ എന്നിവര്‍ക്കാണ് ലഭിച്ചതെന്ന് കണ്ടെത്തിയിരുന്നു. അഞ്ച് ഐഫോണുകളാണ് സന്തോഷ് ഈപ്പന് വാങ്ങിയിരുന്നത്. ഇതില്‍ ഏറ്റവും വിലകൂടിയ ഐഫോണാണ് വിനോദിനി ബാലകൃഷ്ണന് ഉപയോഗിച്ചിരുന്നതെന്ന് കസ്റ്റംസ് കണ്ടെത്തുകയായിരുന്നു.
അതേസമയം, ഡോളർ കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെയും കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി 12 ന് കൊച്ചി ഓഫീസിൽ ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് സ്പീക്കർക്ക് നോട്ടീസ് അയച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് 164-ാം വകുപ്പ് പ്രകാരമുള്ള സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയിൽ പറയുന്നത്.
കോൺസൽ ജനറൽ വഴിയാണ് ഡോളർ കടത്തെന്നും ഗൾഫിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ പണം നിക്ഷേപിച്ചുവെന്നുമാണ് കേസ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമകളുടെ മൊഴി കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. യുഎഇ മുന്‍ കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമെന്നും മൂന്നു മന്ത്രിമാര്‍ക്ക് ഇടപാടുകളില്‍ പങ്കുണ്ടെന്നും മൊഴിയില്‍ പറയുന്നു. അറബി ഭാഷ അറിയുന്നതിനാല്‍ കോണ്‍സുലേറ്റുമായുള്ള ബന്ധത്തില്‍ താന്‍ ഇടനിലക്കാരിയായെന്നുമാണ് ഏറ്റുപറച്ചില്‍. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങൾ നടത്തിയിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.