ഗുരുവായൂർ ക്ഷേത്രോത്സവം 2021 ; സ്വർണക്കോല തേജസ്സിൽ പള്ളിവേട്ടയ്ക്ക് കണ്ണന്റെ ഗ്രാമപ്രദക്ഷിണം.

ഗുരുവായർ: പള്ളിവേട്ടയ്ക്ക് ഗ്രാമപ്രദക്ഷിണത്തിന് സ്വർണക്കോല തേജസ്സിൽ ക്ഷേത്രം വിട്ട് ഇറങ്ങിയ ഗുരുവായൂരപ്പനെ നമിച്ച് ക്ഷേത്രനഗരി. വ്യാഴാഴ്ച സന്ധ്യാനേരം ഭഗവാൻ ഗോപുരവാതിലിനു പുറത്ത് കടന്നതോടെ ഭക്തർ കൈകൂപ്പി നമസ്കരിച്ചു. ദീപങ്ങൾ തെളിച്ച്,നിറപറകൾ ചൊരിഞ്ഞ് വരവേറ്റു.

കൊടിമരച്ചുവട്ടിൽ പൊൻപഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിയ ഗുരുവായൂരപ്പന് ദീപാരാധന നടത്തിയ ശേഷമായിരുന്നു പുറത്തേക്ക് എഴുന്നള്ളിയത്. കീഴ്ശാന്തി തിരുവാലൂർ അനിൽകുമാർ നമ്പൂതിരി ദീപാരാധന നടത്തി. കൊമ്പൻ സിദ്ധാർഥൻ സ്വർണ്ണക്കോലത്തിൽ പൊൻതിടമ്പ് ഏറ്റുവാങ്ങിയ നേരം വാളും പരിചയുമേന്തിയ കൃഷ്ണനാട്ടം കലാകാരന്മാർ ചുവട് വെച്ച് വണങ്ങി. വലിയ വിഷ്ണുവും ദാമോദർദാസും പറ്റാനകളായി.

പെരുവനം കുട്ടൻമാരാർ മേളം നയിച്ചു. ക്ഷേത്ര ഓതിക്കൻ പഴയത്ത് കൃഷ്ണപ്രസാദ് നമ്പൂതിരി ബലിതൂവി മുന്നിൽ നീങ്ങി തീർത്ഥക്കുളം ചുറ്റി. നാഗസ്വരവും ഭജനയും അകമ്പടിയായി. എഴുന്നള്ളിപ്പ് തിരിച്ചെത്തി തിടമ്പ് കൊമ്പൻ ഗോപീകണ്ണന്റെ ശിരസ്സിലേക്ക് മാറ്റി വേട്ടയ്ക്ക് പുറപ്പെട്ടു. കോവിഡ് നിയന്ത്രണം മൂലം ആസ്ഥാന പന്നിവേഷം കെട്ടുന്ന മഠത്തിൽ രാധാകൃഷ്ണനു മാത്രമേ അനുവാദം നൽകിയുള്ളൂ. ഒമ്പത് ഓട്ടപ്രദക്ഷിണത്തിനു ശേഷം തിടമ്പ് നാലമ്പലത്തിലേക്ക് എഴുന്നള്ളിച്ചു.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *