ഗുരുവായൂർ ക്ഷേത്രോത്സവം 2021 ; ഗ്രാമപ്രദക്ഷിണവും പള്ളിവേട്ടയും ഇന്ന് ,രാത്രി കണ്ണൻ്റെ സുഖനിദ്രയ്ക്കായി ഗുരുവായൂർ നിശബ്ദതയിലാകും..

ഗുരുവായൂർ : ചൈതന്യതേജസ്സിൽ ശ്രീഗുരുവായൂരപ്പൻ ഗ്രാമപ്രദക്ഷിണത്തിനായി ശ്രീലകം വിട്ട് ഇന്ന് പുറത്തേക്ക് എഴുന്നള്ളും. സന്ധ്യക്ക് കൊടിമരച്ചുവടിന് സമീപം ദീപാരാധന ചടങ്ങ് കഴിഞ്ഞാൽ മേളം, തവിൽ നാദസ്വരം, നാമജപം, ഉടുത്തുകെട്ടി വാളും പരിചയും പിടിച്ച് കൃഷ്ണനാട്ടം കലാകാരന്മാർ, മുത്തുക്കുടകൾ, വെഞ്ചാമരം, ആലവട്ടം, സൂര്യമറ, കൊടിക്കൂറ കൾ, പന്ത ങ്ങൾ, വർണത്തഴകൾ എന്നിവയുടെ അകമ്പടിയോടെയാണ് ഭഗവാന്റെ ഗ്രാമ പ്രദക്ഷിണ എഴുന്നള്ളത്ത്. കൊമ്പൻ സിദ്ധാർത്ഥൻ സ്വർണ്ണക്കോല മേറ്റും.

പള്ളിവേട്ട ദിവസം ശീവേലിത്തിടമ്പാണ് സ്വർണ്ണക്കോലത്തിൽ പ്രതിഷ്ഠിക്കുക. വലിയ വിഷ്ണ, ദാമോദർ ദാസ് എന്നീ കൊമ്പന്മാർ പറ്റാനകളാവും. പുറത്തേക്കെഴുന്നള്ളുന്ന ഭഗവാനെ ക്ഷേത്രം ഊരാളൻ അടക്കമുള്ള ഭരണസമിതിയംഗങ്ങൾ നിറപറ ചൊരിഞ്ഞ് സ്വീകരിക്കും. കോവിഡ് പാട്ടോക്കോൾ പാലിച്ചു കൊണ്ടാണ് ഇത്തവണത്തെ ഉത്സവാഘോഷങ്ങൾ, ആയതിനാൽ ഭകതജനങ്ങൾ നിറപറ സമർപ്പിക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്. ഗ്രാമപ്രദക്ഷിണം കഴിഞ്ഞ് രാത്രി 9.30ഓടെ പള്ളിവേട്ട നടക്കും. പള്ളിവേട്ടക്കു ശേഷം നാലമ്പലത്തിനുള്ളിലെ നമസ്കാരമണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ ശയ്യയിൽ ഭഗവാൻ പള്ളിയുറങ്ങും. ഭഗവാന്റെ ഉറക്കത്തിന് വിഘ്നമുണ്ടാവാതിരിക്കാൻ ഈ സമയം ക്ഷേതനാഴികമണി പോലും ശബ്ദിക്കില്ല.

പള്ളിയുറക്കം കഴിഞ്ഞ് നാളെ പുലർച്ചെ പശുക്കുട്ടിയുടെ കരച്ചിൽ കേട്ടാണ് ഗുരുവായൂരപ്പൻ ഉണരുക. നാളെ സന്ധ്യക്ക് ദീപാരാധനക്ക് ശേഷം ആറാട്ടിനു മുമ്പുള്ള ഗ്രാമപ്രദക്ഷിണമാരംഭിക്കും. മൂലവിഗ്രഹത്തിൽ നിന്നും മുഴുവൻ ചൈതന്യവും ആവാഹിച്ചെടുത്ത പഞ്ചലോഹ ത്തിടമ്പാണ് ഗ്രാമപ്രദക്ഷിണത്തിറങ്ങുമ്പോൾ സ്വർണക്കോലത്തിൽ പ്രതിഷ്ഠിക്കുക എന്നത് സവിശേഷതയാണ്. നാളെ കൊമ്പൻ നന്ദനാണ് തിടമ്പേറ്റുന്നത്. ഗ്രാമപ്രദക്ഷിണത്തിനു ശേഷം രാത്രി 9 മണിയോടെ രുദതീർത്ഥക്കുളത്തിൽ ഭഗവാന്റെ ആറാട്ടും തുടർന്ന് ഭഗവതിക്കെട്ടിൽ ഉച്ചപൂജാചടങ്ങും നടക്കും. ഭക്തജനങ്ങൾക്ക് ഇത്തവണ ആറാട്ടുകുളി അനുവദിച്ചിട്ടില്ല. പിന്നീട് ക്ഷേത്രത്തിനുള്ളിൽ 11വലം ഓട്ടപ്രദക്ഷിണവും നടത്തിയ ശേഷം സ്വർണധ്വജത്തിൽ നിന്നും ഉത്സവക്കൊടി ഇറക്കി ഈ ആണ്ടിലെ ഭഗവാന്റെ തിരുവുത്സവത്തിന് പരിസമാപ്തി കുറിക്കും.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *