ഗുരുവായൂർ ക്ഷേത്രോത്സവം 2021 ; ഭക്തിപുരസ്സരം ഉത്സവബലി.

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവ ചടങ്ങുകളിലെ താന്ത്രിക പ്രധാന്യമേറിയ ഉത്സവബലി നടന്നു. രാവിലെ പന്തീരടി പൂജക്ക് ശേഷമാണ് ഉത്സവബലി ചടങ്ങുകള്‍ ആരംഭിച്ചത്. സപ്തമാതൃക്കള്‍ക്ക് ഹവിസ് തൂവി പുറത്തേക്കെഴുന്നള്ളുന്ന സമയത്ത് നാരായണനാമത്തിന്റെ അലയടികളാല്‍ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിലാണ് ചടങ്ങ് നടന്നത്.

ഹവിസ് തൂവിതുടങ്ങിയതോടെ നാലമ്പലത്തിനകത്ത് തെക്ക് ഭാഗത്ത് സ്വര്‍ണ പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിച്ച ഗുരുവായൂരപ്പനെ ദര്‍ശിക്കാന്‍ ഭക്തജന തിരക്കനുഭവപ്പെട്ടു. നാലമ്പലത്തിന് പുറത്ത് വലിയ ബലിക്കല്ലിലും ധ്വജദേവതകള്‍ക്കും പരിപാലകര്‍ക്കും ഹവിസ് തൂവിയശേഷം ക്ഷേത്രപാലകനും ഹവിസ് തൂവി ചടങ്ങ് പൂര്‍ത്തീകരിച്ചു. തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാടാണ് ചടങ്ങുകള്‍ നിര്‍വ്വഹിച്ചത്.

ആറ് മണിക്കുറോളം നീണ്ടു നിന്ന ചടങ്ങില്‍ തന്ത്രി, കീഴ്ശാന്തി, തിടമ്പെഴുന്നള്ളിക്കുന്ന നമ്പൂതിരി, വിളക്ക് പിടിക്കുന്നവര്‍ എന്നിവരെല്ലാം ഉത്തരീയം ധരിച്ച് ജലപാനമില്ലാതെ ഉപാസനത്തിലായിരുന്നു. ഓരോ ദേവതകള്‍ക്കും ഗുരുവായൂരപ്പന്റെ തങ്കതിടമ്പിന്റെ സാന്നിഹ്ദ്യത്തിലായിരുന്നു ഹവിസ് സമര്‍പിച്ചത്. ഗുരുവായൂരപ്പന്‍ നേരിട്ട് പരിവാര ദേവതകള്‍ക്ക് നിവേദ്യവും പൂജയും നല്‍കുന്നു എന്നതാണ് ഉത്സവബലിയിലെ സങ്കല്‍പ്പം. സാധാരണ ഉത്സവ ബലി ദര്‍ശനത്തിന് പതിനായിരങ്ങളെത്തേണ്ടതാണ്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭക്തര്‍ക്ക് നാലമ്പത്തിനകത്തേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *