ഗുരുവായൂർ ദേവസ്വം ഔദ്യോഗിക ഫേസ്ബുക് പേജിനും യൂട്യൂബ് ചാനലിനും ഇന്ന് ഒരു വയസ്സ് തികയുന്നു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം കമ്പ്യൂട്ടർവൽക്കരണത്തിൽ നിന്നും ഫേസ്ബുക്ക് പേജിലേക്കും, യൂ ട്യൂബ് ചാനലിലേക്കും. ദേവസ്വം ഔദ്യോഗിക ഫേസ്ബുക് പേജിനും യൂട്യൂബ് ചാനലിനും ഇന്ന് (മാർച്ച് 1, 2021) ഒരു വയസ്സ് തികയുന്നു. ഗുരുവായൂർക്ഷേത്രം ഗോപുരത്തിന്റെ വടക്കെ ഭാഗത്ത് ഗുരുവായൂരപ്പന് നൽകാൻ ഉദ്ദേശിക്കുന്ന വഴിപാടുകൾക്ക് ഭക്തജനങ്ങൾ പണം നൽകിയാൽ ക്ഷേത്രം സൂപ്രഡണ്ട് അവിടെ വെച്ച് രശീതി നൽകുന്ന സംപ്രദായം പഴയതലമുറ മറന്നിട്ടുണ്ടാവില്ല. ഭക്തജനത്തിരക്ക് വർദ്ധിച്ചു വന്ന സാഹചര്യത്തിൽ വഴിപാടുകൾക്ക് ശീട്ടാക്കാൻ രശീതി കൗണ്ടർ തന്നെ ആരംഭിച്ചു. കാലം കടന്നുപോയപ്പോൾ തിരക്ക് വർദ്ധിച്ചുവന്നു. ഒരുകൗണ്ടർപോരാ,രണ്ടായി,മൂന്നായി,നാലായി, ഗുരുവായൂരപ്പന്റെ കാരുണ്യവർഷം ലോകമെങ്ങും പരക്കാൻ തുടങ്ങി.

രശീതികൗണ്ടറുകളിലെ തിക്കുംതിരക്കും സമയക്രമവും വർദ്ധിപ്പിച്ചു.
അതിരാവിലെ തുറക്കുന്ന കൗണ്ടർ ഉച്ചക്ക് നട അടക്കുന്നത് വരേയും വൈകുന്നേരം 5 മണിമുതൽ രാത്രി 9 മണിവരേയും എന്നായി. ലോകംമുഴുവനും ആധുനിക വിവരസാങ്കേതിക വിദ്യയിലൂടെ മുന്നേറുന്ന അവസ്ഥയിലായി. അങ്ങിനെ ഗുരുവായൂർ ദേവസ്വത്തിലും കമ്പ്യൂട്ടർവൽക്കരണം വേണമെന്നായി. അതിനെകുറിച്ച് ആലോചനയും നടപടികളെകുറിച്ച് തീരുമാനങ്ങളും വന്നു.

ക്ഷേത്രദർശനത്തിനുവരുന്ന ഭക്തജനങ്ങൾക്ക് കൂടുതൽ സൗകര്യമൊരുക്കാൻ ക്ഷേത്രം ടിക്കറ്റ് കൗണ്ടർ, തുലാഭാരക്കൗണ്ടർ, ബുക്കിങ്ങ്കൗണ്ടർ ദേവസ്വം ആപ്പീസ് ധനകാര്യവിഭാഗങ്ങൾ എല്ലാം കമ്പ്യട്ടർവൽക്കരിക്കാൻ 16 വർഷംമുമ്പ് 2005 ൽ ദേവസ്വം തീരുമാനിച്ചു. ഭക്തജനങ്ങൾ വഴിപാടായി നെറ്റവർക്ക്, സർവർ എന്നിവ നാഗപ്പൂരിലെ നായർ കോൾ സർവീസ് ലിമിറ്റഡ് സ്ഥാപനവും, 5 കെ.വി.എ. കപ്പാസിറ്റിയുള്ള 3 യു.പി.എസ് അതിനുള്ള ബാറ്ററികൾ എന്നിവ ബാങ്കളൂരിലെ യു.ബി.ഗ്രൂപ്പ് ചെയർമാൻ രവി നെടുങ്ങാടി എന്നവരും, 8 കമ്പ്യൂട്ടർ, 22 പ്രിന്റർകൾ എന്നിവ ടി.വി.എസ്സ്.മോട്ടോഴ്‌സ് എന്നവരും ഓഫീസ്ഫർണീഷിങ്പ്രവർത്തികൾ, ഇലക്ട്രിക്കൽ വർക്കുകൾ, രശീതികൾ എന്നിവ ഗുരുവായൂരിലെ ഗോവിന്ദ് ഗ്രൂപ്പും വഴിപാടായി നൽകി. എല്ല വർക്കുകളും കഴിഞ്ഞ് ഗുരുവായൂർ ക്ഷേത്രത്തിലെ ടിക്കറ്റ്‌ കൗണ്ടറിലെ രശീതികൾ 2005 ജൂൺ 3ന് ആദ്യമായി കമ്പ്യട്ടർ രശീതികളായി നൽകാൻ ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം അന്നത്തെ ദേവസ്വം മന്ത്രി കെ.സി.വേണുഗോപാൽ നിർവഹിച്ചു. ദേവസ്വം ചെയർമാൻ കെ.വി.നമ്പ്യാരുടെ നേതൃത്വത്തിൽ ആയിരുന്നു ദേവസ്വം ഭരണസമിതി.

മാസങ്ങളും വർഷങ്ങളും കടന്നുപോയി. ആധുനികവൽക്കരണം പലഘട്ടങ്ങളിലായി മന്ദം മന്ദം നടന്നുവന്നു. പലപ്പോഴായി പല തടസ്സങ്ങളുംനേരിട്ടുകൊണ്ടിരുന്നു. പഴയ സമ്പ്രദായങ്ങൾ എല്ലാം മാറിതുടങ്ങി. ഗുരുവായൂർ ദേവസ്വം വെബ്സൈറ്റ് ആരംഭിച്ചു എങ്കിലും തുടർച്ചയായ സേവനം ഭക്തജനങ്ങൾക്കു ലഭിക്കാതായി. എന്നാൽ മന്ദഗതിയിലായിരുന്ന ആധുനികവൽക്കരണം ദ്രുതഗതിയിലാക്കാൻ അഡ്വ.കെ.ബി.മോഹൻദാസ് ചെയർമാനായ ഭരണസമിതി ശ്രമമാരംഭിച്ചു.

ഇതിനിടയിൽ ശരത്.എ.ഹരിദാസൻ എന്ന ഭക്തൻ ദേവസ്വത്തിനാവശ്യമായ യൂട്യൂബ് ചാനലും, ദേവസ്വം ഔദ്യോഗിക ഫേസ്ബുക്ക് പേജും ഗുരുവായൂരപ്പന്റെ കാര്യങ്ങൾ ഭക്തജനങ്ങൾക്ക് അന്നന്ന്,അപ്പപ്പോൾ അറിയിക്കാനുള്ള നടപടികൾ വഴിപാടായി ചെയ്യാമെന്ന് അറിയിച്ചു. അതിൽ നിന്നും ലഭ്യമാകുന്ന വരുമാനം ദേവസ്വത്തിനു മാത്രമാണെന്നും അറിയിച്ചു. ആയതിനെ തുടർന്ന് കഴിഞ്ഞ 2020 മാർച്ച് 1 ന് ഗുരുവായൂർ ദേവസ്വത്തിന്റെ ഔദ്യോഗിക യൂ ട്യൂബ് ചാനലും, ഫേസ്ബുക്ക് പേജും ആരഭിച്ചു. കേരള കൃഷിവകുപ്പമന്ത്രി സുനിൽകുമാർ കഴിഞ്ഞവർഷം ഉദ്ഘാടനം നിർവഹിച്ച ദേവസ്വം ഔദ്യോഗിക ചാനലിലൂടെ ഗുരുവായൂരപ്പന്റെ അന്നന്നത്തെ ക്ഷേത്രവിശേഷങ്ങളും,ചടങ്ങുകളും വഴിപാട്സംബന്ധിച്ച കാര്യങ്ങളും വിരൽതുമ്പിൽ പ്രതിനിമിഷം അറിയാമെന്നായി. ദേവസ്വത്തിന് യൂട്യൂബിൽ നിന്ന് വരുമാനവും ലഭിച്ചു തുടങ്ങി. വഴിപാടുകൾക്ക് പണമയക്കാനും ഭക്തജനങ്ങൾക്ക് വളരെ സഹായകകരമായ ഈ സംവിധാനം നിലവിൽവന്നിട്ട് ഇന്ന് ഒരു വർഷം…!!!

ദേവസ്വം യൂട്യൂബ് ചാനൽ വഴി ഗുരുവായൂരപ്പന്റെ അതിമനോഹരമായ പടവും, നാരായണീയവും, ഭാഗവതവും, ജ്ഞാനപ്പാനയും തുടങ്ങി ഒട്ടനവധി ആദ്ധ്യാത്മിക ഉണർവുകൾ വരുത്തുന്ന ഒരു ആധുനിക സംവിധാനം ഭക്തജനങ്ങൾ കണ്ടും കേട്ടും ആസ്വദിക്കുന്നു. ലോകം മുഴുവനും കൊറോണ എന്ന മഹാമാരിയിൽ ഞെരിഞ്ഞമരുമ്പോൾ ഗുരുവായൂരപ്പന്റെ സ്വന്തം യൂട്യൂബ് ചാനൽ ഭക്തജനങ്ങൾക്ക് സമാധാനകേന്ദ്രമായി മാറുന്നു. ലോകാ: സമസ്താ: സുഖിനോ: ഭവന്തു: നാരായണ

ലേഖകൻ:
രാമയ്യർ പരമേശ്വരൻ,
റിട്ട. മാനേജർ,
ഗുരുവായൂർ ദേവസ്വം

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *