ഗുരുവായൂർ ക്ഷേത്രോത്സവം 2021 ; ഇന്ന് ആറാംവിളക്ക്, എഴുന്നള്ളിപ്പിന് സ്വർണക്കോലം..

ഗുരുവായൂർ: ക്ഷേത്രത്തിൽ ഉത്സവത്തിന്റെ പകുതി ദിവസങ്ങൾ പിന്നിട്ടു. ആറാംവിളക്ക് ദിവസമായ തിങ്കളാഴ്‌ച മുതൽ ചടങ്ങുകൾക്ക് പ്രാധാന്യമേറും. ഗുരുവായൂരപ്പൻ വിശിഷ്ട സ്വർണക്കോലത്തിൽ എഴുന്നള്ളാൻ തുടങ്ങും. ഉത്സവം കഴിയുന്നതുവരെ ഇനി കാഴ്‌ചശ്ശീവേലിക്കും പള്ളിവേട്ട, ആറാട്ട്‌ ദിവസങ്ങളിൽ ഗ്രാമപ്രദക്ഷിണത്തിനും സ്വർണക്കോലത്തിലാണ് ഭഗവാന്റെ തിടമ്പ് എഴുന്നള്ളിക്കുക.

തിങ്കളാഴ്‌ച വൈകീട്ട് മൂന്നരയ്ക്കുള്ള കാഴ്‌ചശ്ശീവേലിക്കാണ് ആദ്യത്തെ സ്വർണക്കോലം എഴുന്നള്ളിപ്പ്. കൊമ്പൻ ദാമോദർദാസ് കോലമേറ്റും. ആദ്യമായാണ് ദാമോദർദാസിന് സ്വർണക്കോലം ശിരസ്സിലേറ്റാനുള്ള അവസരം ലഭിക്കുന്നത്. പഞ്ചാരിമേളം അകമ്പടിയാകും.

മേളത്തിൽ വാദ്യകലാകാരന്മാരുടെ വൈഭവം പ്രകടിപ്പിക്കുന്ന വകകൊട്ടൽ. രാവിലെ എഴുന്നള്ളിപ്പ് വടക്കേനടയിൽ എത്തിയാൽ പഞ്ചാരിയുടെ മട്ടും ശൈലിയും മാറി വകകൊട്ടലിലേക്ക് പ്രവേശിക്കും. മേളപ്രമാണി നിശ്ചയിക്കുന്ന കലാകാരന്മാർക്ക് അവരവരുടെ മനോധർമപ്രയോഗത്തിനുള്ള അവസരമാണിത്.

പണ്ടുകാലത്ത് ആറാംവിളക്ക് പുന്നത്തൂർ രാജവംശത്തിന്റെ വകയായിരുന്നു. വകകൊട്ടി മികവ് പ്രകടിപ്പിക്കുന്നവർക്ക് പുന്നത്തൂർ രാജാവ് ഓണപ്പുടവ നൽകി അഭിനന്ദിക്കുമായിരുന്നു. ഇപ്പോൾ ദേവസ്വം അധികൃതർ ചടങ്ങ് നിർവഹിക്കും. താന്ത്രികച്ചടങ്ങുകളിൽ അതിപ്രധാനമായ ഉത്സവബലി ബുധനാഴ്‌ച നടക്കും. വ്യാഴാഴ്‌ച പള്ളിവേട്ടയ്ക്കും വെള്ളിയാഴ്‌ച ആറാട്ടിനും സന്ധ്യയ്ക്ക് ഗുരുവായൂരപ്പൻ ക്ഷേത്രം വിട്ട് ഗ്രാമപ്രദക്ഷിണത്തിന് എഴുന്നള്ളും.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *