ഗുരുവായൂർ ക്ഷേത്രോത്സവം 2021 ; ദേശപ്പകർച്ച മുടങ്ങുന്നത് ആദ്യമായി..

ഗുരുവായൂർ: പാളപ്ലേറ്റിലെ ചൂടുള്ള കഞ്ഞിയും മുതിരപ്പുഴുക്കും പ്ലാവില കുത്തിയ കൈലുകൊണ്ട് ചൂടോടെ കോരിക്കുടിക്കുന്നതിന്റെ ഒരാനന്ദം… അത് ഗുരുവായൂർ ഉത്സവത്തിന്റെ സവിശേഷതയാണ്. ഇക്കുറി കോവിഡ് കാരണം അതില്ലാതായതിന്റെ നഷ്ടം ഭക്തരുടെ വേദനയാണ്. ഉത്സവത്തിന്റെ ദേശപ്പകർച്ച മുടങ്ങുന്നത് ഇതാദ്യമായാണ്. അരിയും മുതിരയും വെളിച്ചെണ്ണയും ശർക്കരയും അടങ്ങിയ കിറ്റുകൾ നൽകുന്നുണ്ടെങ്കിലും ക്ഷേത്രസന്നിധിയിൽ വന്ന് പകർച്ച ഏറ്റുവാങ്ങുന്നതിന് അതൊന്നും പകരമാകില്ല.

ഗുരുവായൂർ ക്ഷേത്രത്തിന്റെ സ്വർണക്കൊടിമരത്തിൽ ഉത്സവക്കൊടി ഉയർന്നാൽ പിറ്റേന്നുമുതൽ പതിനായിരക്കണക്കിന് ഭക്തരിലേക്കാണ് ദിവസവും പകർച്ചയെത്താറ്. ഉത്സവദിവസങ്ങളിൽ ഗുരുവായൂരിൽ പട്ടിണി പാടില്ലെന്ന ചിന്തയിൽ നിന്നാണ് ഗുരുവായൂരപ്പന്റെ ഉത്സവപ്രസാദം ഇത്രയധികം വിപുലമാക്കപ്പെട്ടത്.

രാവിലെ കഞ്ഞിയും പുഴുക്കും പപ്പടവും നാളികേരക്കൊത്തും, ഉച്ചതിരിഞ്ഞ് ചോറും രസകാളനും പപ്പടവുമടങ്ങിയ ഭക്ഷണവുമാണ് ദേശപ്പകർച്ചയായി നൽകിവന്നിരുന്നത്. ഇവ വാങ്ങാൻ രാവിലെ അഞ്ചുമുതൽ നാനാഭാഗങ്ങളിൽ നിന്നുള്ളവരുടെ നീണ്ട വരി കാണാമായിരുന്നു. ഗുരുവായൂരിലെ വിവിധ സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ, പാവപ്പെട്ടവരുടെ സങ്കേതമായ അഗതിമന്ദിരമടക്കമുള്ള സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം പകർച്ചയെത്തും.

ആദ്യമൊക്കെ ക്ഷേത്രത്തിനകത്തു മാത്രം ഒതുങ്ങിനിന്നിരുന്ന ഉത്സവ പ്രസാദ ഊട്ട് പുറത്തേയ്ക്ക് മാറ്റിയപ്പോൾ അതിൽ മതസൗഹാർദത്തിന്റെ വലിയൊരു സന്ദേശമായിരുന്നു ഉയർന്നത്. പള്ളിയിലെ പുരോഹിതൻമാരും ഹൈന്ദവാചാര്യൻമാരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിലേക്കായിരുന്നു പ്രസാദ ഊട്ടിന്റെ വേദി മാറിയത്. ജാതിമത ചിന്തകൾക്കും രാഷ്ട്രീയത്തിനുമപ്പുറം മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളും കക്ഷിനേതാക്കളും മുടങ്ങാതെ പ്രസാദ ഊട്ടുപന്തലിൽ എത്തുമായിരുന്നു; കൂടാതെ സിനിമക്കാരും സാംസ്‌കാരിക നായകൻമാരും. ദിവസവും 25,000-ത്തോളം പേർ ഭക്ഷണം കഴിക്കാനെത്തുന്ന തെക്കേ നടയിലെ ആ സ്ഥലം ഇപ്പോൾ ആളനക്കമില്ലാതെ ശൂന്യമായി കിടക്കുന്നതും ദേശപ്പകർച്ച നൽകുന്ന അന്നലക്ഷ്മി ഹാൾ അടഞ്ഞുകിടക്കുന്നതും നഷ്ടപ്പെടലിന്റെ വേദനതന്നെ.

ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടപ്പന്തലിൽ രാത്രിമുഴുവൻ പച്ചക്കറി നുറുക്കുന്നവർ, ദേഹണ്ഡപ്പുരകളിൽ നൂറോളം പേരുടെ കഠിനാധ്വാനം, കഞ്ഞി കുടിക്കാൻ പ്ലാവിലകൊണ്ട് കൈല്‌ കുത്തുന്നവർ, പാളപ്ലേറ്റുകൾ തയ്യാറാക്കുന്നവർ, ഭക്ഷണം വിളമ്പാൻ സേവനസന്നദ്ധരായെത്തുന്ന അമ്മമാരും പൊതുസേവകരും,

വിവിധ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും പ്രതിനിധികൾ… ഇങ്ങനെ വലിയൊരു വിഭാഗമാളുകളുടെ കൂട്ടായ പങ്കാളിത്തമാണ് ഓരോ വർഷത്തേയും ഉത്സവപ്പകർച്ചയുടെ വിജയം. എല്ലാവരേയും ഏകോപിപ്പിക്കുന്ന ദേവസ്വം ഉദ്യോഗസ്ഥവിഭാഗങ്ങളുടെ പങ്കും പ്രധാനപ്പെട്ടതാണ്. 

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *