നാളെ ഭാരത് ബന്ദ്; കേരളത്തെ ബാധിച്ചേക്കില്ല..

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) വ്യവസ്ഥ പുനഃ പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഐഐടി) ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ. രാജ്യത്തുടനീളമുള്ള 40,000 വ്യാപാര സംഘടനകള്‍ പിന്തുണ നല്‍കിയതായാണ് സിഐഐടിയുടെ അവകാശവാദം. രാവിലെ ആറ് മുതല്‍ വൈകീട്ട് എട്ടു വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്കുന്ന വ്യാപാരികള്‍ രാജ്യത്തെ 1500 സ്ഥലങ്ങളില്‍ ധര്‍ണ നടത്തും. അതേസമയം, ഭാരത് ബന്ദ് കേരളത്തില്‍ കാര്യമായ ചലനമുണ്ടാക്കില്ല. സംസ്ഥാനത്തെ സംഘടനകളൊന്നും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.

ബന്ദിന് ഓള്‍ ഇന്ത്യ ട്രാന്‍സ്പോര്‍ട്ടേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (എഐടിഡബ്ല്യുഎ) പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തെ ഒരു ലക്ഷം ട്രക്കുകള്‍ നാളെ പണിമുടക്കുമെന്നാണ് സൂചന. ഇ-വേ ബില്ലിന് പകരം ഇ-ഇന്‍വോയ്‌സ് നല്‍കണമെന്നും ഡീസല്‍ വില ഉടന്‍ കുറയ്ക്കണമെന്നുമാണ് എഐടിഡബ്ല്യുഎയുടെ ആവശ്യം.

പ്രതിഷേധസൂചകമായി എല്ലാ ട്രാന്‍സ്‌പോര്‍ട്ട് കമ്ബനികളും തങ്ങളുടെ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ അഭ്യര്‍ത്ഥിക്കുന്നതായി എഐടിഡബ്ല്യുഎ ദേശീയ പ്രസിഡന്റ് മഹേന്ദ്ര ആര്യ പറഞ്ഞു. ‘എല്ലാ ട്രാന്‍സ്‌പോര്‍ട്ട് ഗോഡൗണുകളും പ്രതിഷേധ ബാനറുകള്‍ ഉയര്‍ത്തും. ഉപഭോക്താക്കള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്ബനികളെ സമീപിച്ച്‌ വെള്ളിയാഴ്ച സാധനങ്ങള്‍ ബുക്ക് ചെയ്യുകയോ ലോഡ് ചെയ്യുകയോ ചെയ്യരുത്, “അദ്ദേഹം ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും ട്രക്കറുകള്‍ ബന്ദിന്റെ ഭാഗമാകാന്‍ തീരുമാനിച്ചിട്ടുണ്ട്. “ഗതാഗത വ്യവസായത്തിന്റെ വിവിധ വിഷയങ്ങള്‍ ബോംബെ ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (ബിജിടിഎ) സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നു. പ്രധാനമായും ജിഎസ്ടി പ്രകാരമുള്ള പ്രായോഗികമല്ലാത്ത ഇ-വേ ബില്‍, ഡീസലിന്റെ വിലനിര്‍ണയ നയം എന്നിവ,” സെക്രട്ടറി സുരേഷ് ഖോസ്‌ല പറഞ്ഞു:

ഓള്‍ ഇന്ത്യ എഫ്‌എംസിജി ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, അലുമിനിയം പാത്ര നിര്‍മ്മാതാക്കളുടെ അസോസിയേഷനുകളുടെ ഫെഡറേഷന്‍, നോര്‍ത്തേണ്‍ ഇന്ത്യ സ്‌പൈസസ് ട്രേഡേഴ്‌സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ കോസ്‌മെറ്റിക് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ വുമണ്‍ എന്റര്‍പ്രണേഴ്‌സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ കമ്ബ്യൂട്ടര്‍ ഡീലേഴ്‌സ് അസോസിയേഷനുകള്‍ എന്നിവയാണ് ബന്ദില്‍ പങ്കെടുക്കുന്ന മറ്റ് പ്രമുഖ സംഘടനകള്‍.

ചില സംഘടനകള്‍ ബന്ദില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഭാരത് ബന്ദ് കേരളത്തില്‍ ചലനം സൃഷ്ടിക്കില്ലെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു. സമിതി ബന്ദില്‍ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാരത് ബന്ദിനു പിന്നാലെ ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ മാര്‍ച്ച്‌ രണ്ടിന് വാഹന പണിമുടക്ക് വരുന്നുണ്ട്. തൊഴിലാളി സംഘടനകളാണു പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *