ഗുരുവായൂർ ക്ഷേത്രോത്സവം 2021 ; റെക്കോഡ് വിജയിയെ അട്ടിമറിച്ച് ആനയോട്ട താരം ഗോപീകൃഷ്ണൻ..

ഗുരുവായൂർ: ആളും ആരവവും ആനകളുടെ എണ്ണവും കുറഞ്ഞെങ്കിലും ആനയോട്ടത്തിന്റെ ആവേശം കുറഞ്ഞില്ല. മൂന്നുപേർ മാത്രം പങ്കെടുത്ത ആനയോട്ടത്തിൽ മുതിർന്ന കൊമ്പൻ പത്തിലേറെ വർഷത്തെ വിജയ റെക്കോഡുള്ള ആനയോട്ട താരം ഗോപീകണ്ണനെ പിന്നിലാക്കിയ മുന്നേറ്റം. 20 വർഷങ്ങൾക്കുമുമ്പ് ആനയോട്ടത്തിൽ ജയിച്ചിട്ടുള്ള ആനയാണ് ഗോപീകൃഷ്ണൻ. എല്ലാ വർഷവും ഓട്ടത്തിൽ പങ്കെടുക്കാറുണ്ട്. ഇരുപത്തഞ്ചോളം ആനകൾ പങ്കെടുക്കാറുള്ള ആനയോട്ടത്തിൽ ഇക്കുറി കോവിഡ് മാനദണ്ഡങ്ങൾ കാരണം മൂന്നാനകൾക്കായിരുന്നു അനുമതി. ഗോപീകണ്ണനും ഗോപീകൃഷ്ണനും ദേവദാസുമാണ് മത്സരിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നിന് ചടങ്ങുകൾ തുടങ്ങി. ആനയുമായി ബന്ധപ്പെട്ട പാരമ്പര്യാവകാശമുള്ള കണ്ടിയൂർപ്പട്ടത്ത് വാസുദേവൻ നമ്പീശൻ ആനകൾക്കുള്ള കുടമണികൾ മാതേമ്പാട്ട് ചന്ദ്രശേഖരൻ നമ്പ്യാർക്ക് കൈമാറി. കുടമണികൾ ഏറ്റുവാങ്ങി പാപ്പാൻമാർ ക്ഷേത്രനടയിലൂടെ മഞ്ജുളാലിലേക്ക് മത്സരിച്ചോടി. മൂന്ന് ആനകൾക്കും മണികൾ അണിയിച്ചു. ക്ഷേത്രം മാരാർ ശംഖുനാദം മുഴക്കിയയുടൻ ഒാട്ടം തുടങ്ങി. ആദ്യം മുന്നോട്ടു കുതിച്ച ഗോപീകൃഷ്ണനെ 100 മീറ്റർ കടന്നപ്പോഴേയ്ക്കും ഗോപീകണ്ണൻ പിന്നിലാക്കി. എന്നാൽ സത്രം ഗേറ്റ് എത്താറാകുമ്പോഴേയ്ക്കും ഗോപീകൃഷ്ണൻ മറികടന്നു. ഗോപീകൃഷ്ണനെ അവകാശി ചൊവ്വല്ലൂർ വാരിയത്ത് നാരായണ വാര്യർ പറവെച്ച് ക്ഷേത്രം കൊടിമരത്തിനു മുന്നിൽ സ്വീകരിച്ചു. ശ്രീകുമാർ എന്ന രാജയാണ് ഗോപീകൃഷ്ണന്റെ ചട്ടക്കാരൻ. രണ്ടാം പാപ്പാനായ ദിലീപ് ആനപ്പുറത്തിരുന്ന് നിയന്ത്രിച്ചു.

തൃശ്ശൂരിലെ നാണു എഴുത്തച്ഛൻ നടയിരുത്തിയ ആനയാണ് ഗോപീകൃഷ്ണൻ. ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ്, ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, ഭരണസമിതിയംഗങ്ങളായ കെ. അജിത്, എ.വി. പ്രശാന്ത്, കെ.വി. ഷാജി, ഇ.പി.ആർ. വേശാല, കെ.വി. മോഹനകൃഷ്ണൻ, അഡ്മിനിസ്‌ട്രേറ്റർ ടി. ബ്രീജാകുമാരി തുടങ്ങിയവർ പങ്കെടുത്തു

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *