
ഗുരുവായൂർ: ആയിരം കലശവും അതിവിശേഷ ബ്രഹ്മകലശവും ചൊവ്വാഴ്ച ഗുരുവായൂരപ്പന് അഭിഷേകം ചെയ്യും. തുടർന്ന് ബുധനാഴ്ച രാത്രി എട്ടരയ്ക്ക് പത്തുദിവസത്തെ ഉത്സവത്തിന് കൊടിയേറും. കോവിഡ് നിയന്ത്രണമുള്ളതിനാൽ ഭക്തരുടെ സാന്നിധ്യം പരമാവധി കുറച്ച് ചടങ്ങുകൾ തടസ്സമില്ലാതെ നടത്താനാണ് അധികൃതരുടെ ശ്രമം. സഹസ്രകലശാഭിഷേകം ചൊവ്വാഴ്ച ഉച്ചപ്പൂജയ്ക്കുമുൻപ് നടക്കും. രാവിലെ ഏഴിന് പന്തീരടിപൂജ കഴിഞ്ഞ് ആയിരം കലശാഭിഷേകം തുടങ്ങും.
കലശങ്ങൾ ആടിയശേഷം പത്തിന് ബ്രഹ്മകലശം കൂത്തമ്പലത്തിൽനിന്ന് നാലമ്പലത്തിലേക്ക് എഴുന്നള്ളിക്കും. പാണിയും വാദ്യങ്ങളും അകമ്പടിയാകും. പട്ടുകുടയ്ക്ക് കീഴെ മേൽശാന്തി മൂർത്തിയേടത്ത് കൃഷ്ണൻ നമ്പൂതിരി ബ്രഹ്മകലശം വഹിക്കും. തന്ത്രി അഭിഷേകച്ചടങ്ങ് നിർവഹിക്കും. തത്ത്വകലശം തിങ്കളാഴ്ച ഗുരുവായൂരപ്പന് തന്ത്രി അഭിഷേകം ചെയ്തു. ശ്രീലകമുന്നിലുള്ള നമസ്കാരമണ്ഡപത്തിൽ തത്ത്വഹോമവും പൂജയും നടത്തിയ ശേഷമായിരുന്നു ഭഗവാന് അഭിഷേകം.