ഗുരുവായൂർ ക്ഷേത്രോത്സവം 2021 ; നാളെ “ആനയില്ലാശീവേലി”.

ഗുരുവായൂർ: ഗുരുവായൂർ ഉത്സവത്തിന് പരിപാവനവും,ഭക്തിനിർഭരവും,ഭക്തജനങ്ങൾക്ക് കൗതുകകരവുമായ പ്രധാനപ്പെട്ട ഒരുചടങ്ങാണ് കൊടിയേറ്റദിവസം രാവിലെനടത്തുന്ന “ആനയില്ലാശീവേലി”. ഗജപ്രിയനാണ് ഗുരുവായൂരപ്പൻ എന്നത് ഭക്തജനങ്ങളെ സംബന്ധിച്ച് വളരെ അനുഭവസ്ഥരാണ്. ഈ സന്നിധിയിൽ ആനയെ നടയിരുത്തിയ ഓരോരുത്തർക്കും ഗുരുവായൂരപ്പൻ ഓരോ അനുഭവം നൽകിയിട്ടുള്ളതും അത്ഭുതാവഹം തന്നെ. എന്നാൽ ഭഗവാന്റെ ഉത്സവത്തിന് ആനയില്ലാത്ത ഒരു സാഹചര്യം ഒരിക്കൽ ഉണ്ടായതായി ചരിത്രം.

ഭക്തന്മാരുടെ വേദന ഗുരുവായൂരപ്പൻ സഹിക്കില്ല. തിരുവഞ്ചിക്കുളത്തിനടുത്ത് തൃക്കണാമതിലകം ക്ഷേത്രത്തിന്റെ കീഴേടമായിരുന്നുവത്രെ ഈ ഗുരുവായൂർക്ഷേത്രം.അവിടുത്തെ ഉത്സവത്തിന് ആനകൾ ധാരാളത്തിലധികം.ഇവിടെ ഒരാനപോലും ഇല്ലാത്ത അവസ്ഥ. കൊടിയേറ്റത്തിന്റ അന്ന് രാവിലെ ഉഷശ്ശീവേലിക്ക് സമയമായി . പാണികൊട്ടി മേശ്ശാന്തി ഹവിസ്സ് തൂവി പുറത്തകടന്നു. ഭഗവാന്റെ സ്വർണ്ണത്തിടമ്പ് എടുത്ത് ശാന്തിക്കാരനും നാലമ്പല ത്തിനുപുറത്തുവന്നു. ആരും അത്ര ശ്രദ്ധിച്ചില്ല. ഗുരുവായൂരപ്പനെ എഴുന്നള്ളിക്കാൻ ആനയില്ല. നാമസംകീർത്തനംചെയ്ത് ഭക്തൻമാർ എഴുന്നള്ളിച്ചശാന്തിക്കാരനു ചുറ്റും വലയം ചെയ്തു. കുത്തുവിളക്കുകളുമായി കഴകക്കാരും ഭഗവാന്റെ ചുറ്റും നിരന്നുനീങ്ങി. ശീവേലി വൈകരുതല്ലോ ചടങ്ങിന് 3 പ്രദക്ഷിണം വാദ്യമേളങ്ങളോടെ മുഴവനാക്കി. ഭക്തൻമാർ മനംനൊന്തു പ്രാർത്ഥിച്ചു. ഗുരുവായൂരപ്പാ..അവിടുത്തെ ഉത്സവത്തിന് ആനയില്ലായ്കയോ.. അനുഗ്രഹിക്കണേ.. നാരായണാ…ഗുരുവായൂരപ്പൻ ആ പ്രാർത്ഥന കേട്ടു. ഉച്ചപ്പൂജ കഴിഞ്ഞു. മേശ്ശാന്തി നടയടച്ചു. വിശ്രമത്തിനുപോയി.

ആകാംഷയോടെ വ്യാകുലചിത്തരായ ഭക്തന്മാരുടെ പ്രാർത്ഥനാനിരതമായ കാത്തിരിപ്പ് ഫലിച്ചു. ദൂരെനിന്നും ചങ്ങല ശബ്ദം കേൾക്കുന്നു. ഗുരുവായൂർ ക്ഷേത്രസന്നിധിയിലേക്ക് ഏതാനും ആനകൾ ഓടിവരുന്ന അത്ഭുതകരമായ കാഴ്ചയാണത്രെ ഉണ്ടായത്. ഭക്തൻമാർ നാമസംകീർത്തനത്തോടെ ആനകളെ സ്വീകരിച്ചുവത്രെ. ചിലർ ആനവിചാരിപ്പുകാരനായ മാതേമ്പാട്ട് കുടുംബത്തെ വിവരംധരിപ്പിച്ചു. എല്ലാവരും ക്ഷേത്രസന്നിധിയിലേക്കോടിയെത്തി. കണക്കെഴുത്തുകാരനായ കണ്ടിയൂർപട്ടത്ത് നമ്പീശനോട് ഇവിടേയ്ക്ക് ഓടിയെത്തിയ ആനകളെ സ്വീകരിക്കാനും കൂടെയുള്ള പാപ്പാൻമാർക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്യാനും ഉത്സവത്തിന്റ എല്ലാ ചുമതലയുമുള്ള ഊരാളൻ മല്ലിശ്ശേരിയും നിർദ്ദേശം നൽകിയത്രെ.ആദ്യം ഓടിയെത്തിയ ഗജവീരനെ ഉത്സവക്കാലത്തെ ആദ്യത്തെ പത്ത് പ്രവർത്തികഴക്കാരനായ ചൊവ്വല്ലൂർ വാരിയരോട് നിറപറയും നിലവിളക്കും വെച്ച് സ്വീകരിപ്പാനും നിർദ്ദേശിച്ചുവത്രെ.

ഓടിയെത്തിയ ആനകൾക്കെല്ലാം കുടമണികൾ അണിയാനും, ഭക്തൻമാരുടെ ആകാംക്ഷക്ക് സന്തോഷം നൽകി ആദ്യം ഓടിവന്ന ഗജവീരന് പ്രത്യേക പരിഗണന നൽകാനും കണ്ടിയൂർപട്ടത്ത് നമ്പീശൻ മാതേമ്പാട്ട് നമ്പ്യാരെ ഏർപ്പാടാക്കി യത്രെ. ഭക്തൻമാർക്ക് സന്തോഷമായി. ആനകളും ആനക്കാരും വിശിഷ്യ ഭക്തജനങ്ങളും നാട്ടുപ്രമാണിമാരും അത്യുൽസാഹത്തോടെ നാമജപത്തോടെ ഗുരുവായൂരപ്പന് 7 പ്രദക്ഷിണം വെച്ചുവെന്നും പറയപ്പെടുന്നു.

എന്തായാലും ഇതെല്ലാം വാസ്തവം മാണെന്ന അനുഭവം വ്യക്തമാക്കുന്നതാണ് ഇന്നും നടന്നുവരുന്ന ചടങ്ങുകൾ. അന്ന് മുതൽക്കാണത്രെ നിത്യം നടക്കോന്ന ശീവേലിക്ക് ആന എത്തിയിട്ടുണ്ടോ എന്ന് നോക്കി വേണം ശീവേലിക്ക് തയ്യാറാവാൻ എന്ന് അകം കോയ്മനോക്കണമെന്ന നിബന്ധന ഏർപ്പാടാക്കിയത്.കൊടിയേറ്റ ദിവസം രാവിലെ ഗുരുവായൂരപ്പന് 47ആനകൾ ഉണ്ടെങ്കിലും ശീവേലിക്ക് ആനയില്ലാതെയാണ് പതിവുള്ളശീവേലി നടത്തുന്നത്. ഒരുപക്ഷെ ഗുരുവായൂർക്ഷേത്രത്തിൽ ഗുരുവായൂരപ്പന് ആനയെയിരുത്തി കളഭം വഴിപാടിന് ഇത്രയധികം പ്രചാരംലഭിച്ചത് ഈ അത്ഭുതകരമായ സംഭവത്തിനുശേഷമായിരിക്കാമെന്ന് ഭക്തൻമാർ വിശ്വസിച്ചുവരുന്നു.

അതിന് ഉപോൽഫലകമായി ഇന്നും ഗുരുവായൂരപ്പന് ആനയെ നടയിരുത്തുന്ന ചടങ്ങുകൾ ശ്രദ്ധിച്ചാൽ കാണാം. മല്ലിശ്ശേരി നമ്പൂതിരിയും കണ്ടിയൂർപട്ടത്ത് നമ്പീശനും,മാതേമ്പാട്ട് നമ്പ്യാരും,ആനയെനടയിരുത്തൽചടങ്ങിൽ മുഖ്യമായും സന്നിഹിതരാകുന്നു. കൂടാതെ പത്തുകാരൻ വാരിയർ അരിമാവണിഞ്ഞ് ഭദ്രദീപംതെളിയിക്കുന്നു. ഇതിനെല്ലാം പുറമേ മേശ്ശാന്തി തീർത്ഥം തളിച്ച് മാലചാർത്തികളഭം അണിയിച്ച് ആനക്ക് നാമധേയം നടത്തുന്നു.മാരാർ ശംഖനാദം മുഴക്കുന്നു.

ആനയോട്ടത്തിന് ക്ഷേത്രപൂജാസംപ്രദായങ്ങളുമായി ബന്ധമില്ലെങ്കിലും നട അടച്ച നേരത്താണ് ആനയോട്ടം നടക്കുന്നത്. ആനയോട്ടത്തിന് കുടമണികൾ എടുത്ത് നൽകുമ്പോൾ മല്ലിശ്ശേരിയുടെ അസാന്നിധ്യത്തിൽ കണ്ടിയൂർപട്ടത്ത്നമ്പീശനാണ് മാതേമ്പാട്ട് നമ്പ്യാർക്ക് മണികൾ എടുത്ത് നൽകി ആനക്കാരെ ഏൽപ്പിക്കുന്നത്. നിറപറവെച്ച് സ്വീകരിക്കാൻ ചൊവ്വല്ലൂർ വാരിയരും സന്നിഹിതനാകുന്നുണ്ട്. ആനയോട്ടം എന്നചടങ്ങിൽ ആദ്യം ക്ഷേത്രത്തിൽ എത്തുന്ന ആനയെ മാരാർ ശംഖനാദംമുഴക്കി പത്ത്കാരൻവാരിയർ സ്വീകരിക്കുന്നു. പത്ത് ദിവസവും പ്രത്യേക പരിഗണന നൽകുന്നതും ഭഗവാന്റ ചടങ്ങുകൾ മുടക്കംകൂടാതെ നടക്കണമെന്ന നിബന്ധനകൊണ്ടത്രെ.

ലേഖകൻ: രാമയ്യർ പരമേശ്വരൻ, റിട്ട. മാനേജർ, ഗുരുവായൂർ ദേവസ്വം

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *