
കൊച്ചി: രണ്ടില ചിഹ്നവും കേരള കോൺഗ്രസ് (എം) എന്ന പേരും ജോസ് വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബഞ്ചും ശരിവെച്ചു. സിങ്കിൾ ബഞ്ചു ത്തരവ് ചോദ്യം ചെയ്ത് പി.ജെ ജോസഫ് സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തള്ളി. സിങ്കിൾ ബഞ്ചുത്തരവിൽ ഇടപെടാൻ കാരണങ്ങൾ കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരുമാനത്തിൽ ഇടപ്പെടരുതെന്നും കമ്മീഷന്റേത് ഭൂരിപക്ഷ തീരുമാനമാണമെന്നുമുള്ള ജോസ് കെ.മാണിയുടെ വാദം ഡിവിഷൻ ബഞ്ചും അംഗീകരിച്ചു. കേരള കോൺഗ്രസിൽ രണ്ട് വിഭാഗങ്ങൾ ഉണ്ടന്നും പിളർപ്പ് ഒരു യഥാർത്ഥ്യമാണന്നും കണ്ടെത്തിയാണ് കമ്മീഷൻ തീരുമാനമെടുത്തതെന്നായിരുന്നു സിങ്കിൾ ബഞ്ചിന്റെ നിരീക്ഷണം.
കമ്മീഷൻ തങ്ങൾക്ക് മുന്നിലെത്തിയ രേഖകളും തെളിവുകളും പരിശോധിച്ചാണ് തീരുമാനത്തിലെത്തിയത്. വസ്തുതകൾ പരിശോധിച്ച് കമ്മീഷൻ എടുത്ത തീരുമാനം തെറ്റാണന്ന് പറയാനാവില്ലെന്നും ഹൈക്കോടതിയുടെ സവിശേഷാധികാരം ഉപയോഗിച്ച് ഇടപെടാനാവില്ലന്നും സിങ്കിൾ ബഞ്ച് വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റേത് ഏകകണ്ഠമായ തീരുമാനമായിരുന്നില്ലെന്നും ഒരംഗം വിയോജിച്ചിരുന്നവെന്നും സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ തെളിവെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ജോസഫിന്റെ ഹർജി.
ചിഹ്നത്തർക്കം സംബന്ധിച്ച് കമ്മീഷൻ എടുക്കുന്ന തീരുമാനത്തിൽ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതിയുടെ ഉത്തരവുകൾ ഉണ്ടെന്നും കോടതി വ്യക്തമാക്കി. കേരള കോൺഗ്രസ്(എം) ഒരു സംസ്ഥാന പാർടിയാണന്നും അവരുടെ സംസ്ഥാന കമ്മിറ്റിയിലേയും നിയമസഭാകക്ഷിയിലേയും ഭൂരിപക്ഷം പരിശോധിച്ചാണ് കമ്മീഷൻ തീരുമാനമെടുത്തത്. ചിഹ്നവും പേരും ജോസ് വിഭാഗത്തിന് അനുവദിച്ചതിൽ 2019 ജൂണിൽ നടന്ന ചെയർമാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിച്ചിട്ടില്ലന്ന് കോടതി നിരീക്ഷിച്ചു. പാലാ ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗവും പ്രത്യേക യോഗം ചേർന്ന് സ്ഥാനാർത്ഥി നിർണയത്തിൽ തീരുമാനമെടുത്തു. ഏഴംഗ നിയമസഭയിൽ നാല് പേർ യോഗം ചേർന്ന് പ്രത്യക വിഭാഗമായിരിക്കാൻ തീരുമാനിച്ചു. 450 അംഗ സംസ്ഥാന കമ്മിറ്റിയിൽ ഇരു വിഭാഗവും ഭൂരിപക്ഷം അവകാശപ്പെട്ടങ്കിലും യഥാർത്ഥ പട്ടിക ആരും ഹാജരാക്കിയില്ല.
സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷം പരിശോധിക്കാൻ കമ്മീഷന് കഴിയില്ലന്നും പട്ടികയും സത്യവാങ്ങ്മൂലങ്ങളും പരിശോധിച്ച ഉദ്യോഗസ്ഥൻ ഇരു വിഭാഗവും രേഖകളിൽകൃത്രിമം നടത്തിയിട്ടുണ്ടെന്നത് തള്ളിക്കളയാനാവില്ലെന്ന് റിപ്പോർട്ട് നൽകി. ഇരു വിഭാഗവും സമർപ്പിച്ച പട്ടിക വിശ്വാസ്യത ഇല്ലാത്തതിനാൽ പട്ടികയിലെ 305 പേരിൽ പൊതുവായ 174 പേരെ ഭൂരിപക്ഷമായി കണക്കാക്കിയ കമ്മീഷന്റെ തീരുമാനത്തിൽ തെറ്റ് പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി.
കമ്മീഷന്റെത് ഏകകണ്ഠമായ തീരുമാനമല്ലന്നും ഒരംഗം വിയോജിപ്പ് രേഖപ്പെടുത്തിയെന്നും സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ നിലപാടിൽ തെളിവെടുക്കണമെന്ന് നിർദേശിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജോസഫിന്റെ ഹർജി.