ഗുരുവായൂർ ക്ഷേത്രോത്സവം 2021 ; സഹസ്രകലശചടങ്ങിന്റെ ഭാഗമായി ഗുരുവായൂരപ്പന് തത്വകലശം അഭിഷേകം ചെയ്തു.

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് മുന്നോടിയായുള്ള സഹസ്രകലശചടങ്ങിന്റെ ഭാഗമായി ഗുരുവായൂരപ്പന് തത്വകലശം അഭിഷേകം ചെയ്തു. നാളെ നടക്കുന്ന ബ്രഹ്മകലശത്തോടെ കഴിഞ്ഞ എട്ട് ദിവസമായി നടന്ന് വന്നിരുന്ന കലശ ചടങ്ങുകള്‍ക്ക് സമാപനമാകും. രാവിലെ ശീവേലിക്കുശേഷം ഏഴ്മണിയോടെ നമസ്‌കാര മണ്ഡപത്തില്‍ തത്വകലശ ഹോമം നടന്നു. തുടര്‍ന്ന് ഉച്ചപൂജക്ക് മുന്‍പായി തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാടാണ് ഗുരുവായൂരപ്പന് തത്വകലശം അഭിഷേകം ചെയ്തത്.

സഹസ്രകലശച്ചടങ്ങുകളുടെ ഭാഗമായി  കൂത്തമ്പലത്തിൽ കലശങ്ങളൊരുക്കുന്നു.

നാളെയാണ് അതിപ്രധാനമായ ആയിരംകലശാഭിഷേകം. ഇന്നലെ രാത്രി എട്ടോടെ കൂത്തമ്പലത്തില്‍ പട്ട്, നെറ്റിപ്പട്ടം, വെണ്‍ചാമരം, ആല വട്ടം, എന്നിവകൊണ്ടലങ്കരിച്ച കലശമണ്ഡപത്തില്‍ സ്ഥലശുദ്ധി വരുത്തി പത്മമിട്ടു. തുടര്‍ന്ന് വെള്ളിയിലും, സ്വര്‍ണത്തിലും തീര്‍ത്ത 1001 കലശക്കുടങ്ങള്‍ കമഴ്ത്തിവച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് പാണിവാദ്യത്തിന്റെ അകമ്പടിയോടെ മന്ത്രപുരസരം 975 വെള്ളികുംഭങ്ങളിലും 26 സ്വര്‍ണകുംഭങ്ങളിലും കലശദ്രവ്യങ്ങളും ജലവും നിറയ്ക്കും. ഇവയുടെ പരികലശപൂജ, അധിവാസഹോമം, കലശാധിവാസം എന്നിവയും രാത്രി തൃപ്പുകയ്ക്കുശേഷം സഹസ്ര കലശം അഭിഷേകം ചെയ്യാനുള്ള ഭഗവാന്റെ അനുവാദവും അനുഗ്രഹവും തേടുന്ന പ്രാര്‍ഥനാച്ചടങ്ങും നടക്കും.

സഹസ്രകലശച്ചടങ്ങുകളുടെ ഭാഗമായി കൂത്തമ്പലത്തിലേക്ക് മുളയെഴുന്നള്ളിക്കുന്നു.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *