ഗുരുവായൂർ ക്ഷേത്രോത്സവം 2021 ; കർശന നിയന്ത്രണം..

ഗുരുവായൂർ: ക്ഷേത്രദർശനവും ഉത്സവനടത്തിപ്പും സംബന്ധിച്ച് ജില്ലാ ആരോഗ്യവകുപ്പ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. ഇക്കഴിഞ്ഞ 17-ന് ഗുരുവായൂരിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങളുടെ തുടർച്ചയെന്നോണമാണ് ഡി.എം.ഒ. കർശന നിർദേശങ്ങൾ മുന്നോട്ടുവെച്ചിരിക്കുന്നത്‌.

തദ്ദേശവാസികൾക്കും ജീവനക്കാർക്കും നൽകുന്ന സ്‌പോട്ട് പാസ് ഒരു ദിവസം 250 എണ്ണം മതിയെന്നാണ് നിർദേശം. വെർച്വൽ ദർശനത്തിന് 3000 എന്നത് 4750 ആക്കാമെന്നും ദർശനത്തിനെത്തുമ്പോൾ ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തി നെഗറ്റീവായ സർട്ടിഫിക്കറ്റ് കൊണ്ടുവരണമെന്നും പറയുന്നു. ആനയോട്ടത്തിന് ഒരു ആന മാത്രം. ഉത്സവത്തിന്റെ ആറാട്ടിന് പൊതുജനങ്ങളെ പ്രവേശിപ്പിക്കരുതെന്നും പരമാവധി 20 പേരെ മാത്രം അനുവദിച്ചാൽ മതിയെന്നും നിർദേശമുണ്ട്. പള്ളിവേട്ടയ്ക്കും ആറാട്ടിനും പറവെപ്പ് 100 വീതമാക്കാനും ഒരു പറ വഴിപാടുകാരിൽ നാലു പേരാക്കി നിജപ്പെടുത്താനുമാണ് തീരുമാനം.

ക്ഷേത്രത്തിൽ തൊഴാനും വിവാഹത്തിനും എത്തുന്ന പത്തുവയസ്സിൽ താഴെയുള്ളവരെയും 65 കഴിഞ്ഞവരെയും സുരക്ഷാ ഉദ്യോഗസ്ഥരെ വെച്ച് നിയന്ത്രിക്കണം. ക്ഷേത്രപരിസരത്തും നടപ്പന്തലിലും വിവാഹസംഘങ്ങൾ ഫോട്ടോ എടുക്കരുത്.

എം.എൽ.എ.യുടെയും കളക്ടറുടെയും നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഉത്സവനടത്തിപ്പു സംബന്ധിച്ച കാര്യങ്ങൾ നിശ്ചയിക്കാൻ ഡി.എം.ഒ.യെ ചുമതലപ്പെടുത്തിയിരുന്നു. അതേസമയം ഗുരുവായൂരിന്റെ കാര്യത്തിൽ നിയന്ത്രണങ്ങൾ ഇത്രയധികം കടുപ്പിക്കേണ്ടതില്ലെന്നാണ് ദേവസ്വത്തിന്റെ നിലപാട്. കഴിഞ്ഞ 17ന് കലക്ടർ വിളിച്ച യോഗത്തിൽ ദേവസ്വം വച്ച നിർദ്ദേശങ്ങളിൽ ഭൂരിഭാഗവും തള്ളിക്കളയുന്ന റിപ്പോർട്ടാണ് ആരോഗ്യവിഭാഗം നൽകിയിട്ടുള്ളത്.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *