
ഭൂമിയില്‍ ജീവിച്ച ഏറ്റവും ഭാഗ്യമുള്ള 2 സ്ത്രീകള്‍ ആരെന്നു ചോദിച്ചാല്‍ നമുക്ക് പറയാം ആദ്യത്തേത് യശോദാമ്മയെന്ന് ; പിന്നെ രണ്ടാമത്തേത് ആരെന്ന് സംശയമില്ല, കുറൂരമ്മ(1570–1640 AD)തന്നെ എന്ന്. പരൂര് എന്ന ഗ്രാമത്തില്‍ AD 1570 ല്‍ ജനിച്ച ഗൌരി,
വെങ്ങിലശ്ശേരിയിലെ കുറൂര്‍ ഇല്ലത്തേക്ക് വേളി കഴിച്ചു വന്നതോടെ “കുറൂരമ്മ”യായി.
ചെറുപ്രായത്തില്‍ വേളി കഴിഞ്ഞ ഗൌരി പതിനാറാം വയസ്സില്‍ വിധവയായി.

അന്നത്തെ സാമൂഹിക വ്യവസ്ഥിതിയനുസരിച്ച് പിന്നെ അവര്‍ക്ക് പുറം ലോകവുമായി വലിയ ബന്ധമൊന്നും ഉണ്ടായില്ല.
ഈ സാഹചര്യങ്ങളൊന്നും “അമ്മ”യെ മാനസികമായി തളര്‍ത്തിയില്ല എന്നുമാത്രമല്ല ഏകാന്തമായ ഭഗവത് ഭക്തിയാല്‍ കണ്ണനുമായി കൂടുതല്‍ അടുക്കുകയും ചെയ്തു. ഉള്ളിലെ ആ നിഷ്കളങ്ക ഭക്തിയാല്‍ കുറൂരമ്മ ആരാധിച്ചിരുന്ന അതേ രൂപത്തില്‍ കണ്ണന് അവര്‍ക്ക് പ്രത്യക്ഷമാവാനും തുടങ്ങി. അങ്ങനെ കണ്ണന് കുറൂരമ്മയുടെ കൂടെ പൂപറിക്കാനും പൂജക്കൊരുക്കാനും കൂടാന്‍ തുടങ്ങി. ഒരു കുഞ്ഞ് സ്വന്തം അമ്മയോട് ചെറുപ്രായത്തില്‍ കാണിക്കുന്ന കുറുമ്പുകളെല്ലാം കാട്ടി എപ്പോളും സാമീപ്യം കൊണ്ട് സന്തോഷിപ്പിച്ചു. ഇതെല്ലാം കണ്ട കുടുംബാംഗങ്ങള്‍ അവര്‍ക്ക് “ചിത്ത ഭ്രമം” ആരോപിച്ച് തനിച്ചാക്കി. അങ്ങനെ അവര്‍ മറ്റൊരു ഗൃഹത്തിലേക്ക് തനിയെ താമസമാരംഭിച്ചു. അവിടെവച്ച് കണ്ണന് കുറൂരമ്മയുമായി കുറെ ലീലകളാടി. അതെല്ലാം ഹൃദ്യമായ കീര്‍ത്തനങ്ങളില്‍ നമ്മള് കേട്ടിട്ടുണ്ടല്ലോ.

“കുട്ടിക്കളി മൂത്ത് മൂത്ത് കലമുടച്ചപ്പോള്‍ കുട്ടകത്തിലടച്ചിട്ടു കുറൂരമ്മ…” “അരിമാവില്‍ ചന്ദനമിട്ടു, പുല്‍പ്പായില്‍ ചാണകമിട്ടു,
പലകപ്പുറത്തോ കരിയുമിട്ട….” അങ്ങനെയനേകം.. ആ ഉണ്ണിക്കണ്ണന് അങ്ങനെ അവസാന നിമിഷം വരെ കൂടെ നിന്ന്, ഭൗതികശരീരം കൂടി ഭൂമിയില്‍ അവശേഷിപ്പിക്കാതെ AD 1640 ല്‍ കുറൂരമ്മയെ തന്നോട് ചേര്‍ത്തു.
തൃശ്ശൂര്‍ ജില്ലയിലെ അടാട്ട് അടുത്ത്(ചെങ്ങഴിനാട്) വെങ്ങിലശ്ശേരിയില്‍ കണ്ണന്റെ കാലടി പതിഞ്ഞ “കുറൂർ ഇല്ലം” ഇന്നും നമുക്ക് കാണാം…. അവസാന നിമിഷങ്ങളില്‍ വിഷ്ണു സഹസ്രനാമം ചൊല്ലി കണ്ണീര് വാര്‍ത്ത കണ്ണന്റെ മടിയില്‍ കിടന്നായിരുന്നത്രേ കുറൂരമ്മയുടെ അന്ത്യം…. “ദേവകീ നന്ദനഃ സൃഷ്ടാ ക്ഷിതീശഃ പാപനാശനഃ …” എന്ന അവസാന ഭാഗം ചൊല്ലിയപ്പോള്‍ കണ്ണന്റെ കണ്ണില്‍ നിന്ന് കണ്ണീര് വീണുവത്രേ കുറൂരമ്മയുടെ മുഖത്ത്!!! ഭഗവാന്റെ ആ പൂര്‍ണബ്രഹ്മത്തെ താന്‍ ആരാധിക്കുന്ന രൂപത്തില്‍ ദര്‍ശിക്കാനും മാറോടണക്കാനും ഭാഗ്യം സിദ്ധിച്ച ആ പുണ്യമാതാവിനെ നമുക്ക് കൈതൊഴാം.
ഒരിക്കൽ വൃദ്ധനായ ഒരു ബ്രാഹ്മണന് കലശലായ ഉദരരോഗം പിടിപെട്ടു. ചികിത്സകൾകൊണ്ടൊന്നും ഫലമില്ലാതെവന്നപ്പോൾ അദ്ദേഹം വില്വമംഗലം സ്വാമിയാരെ സമീപിച്ച് തന്റെ സങ്കടങ്ങൾ ബോധിപ്പിച്ചു. ഗുരുവായൂരപ്പനെ പ്രത്യക്ഷമായി കാണത്തക്കവിധം സിദ്ധിനേടിയ വില്വമംഗലം തന്റെ രോഗത്തിന് പരിഹാരമുണ്ടാക്കിത്തരുമെന്നായിരുന്നു രോഗിയുടെ വിശ്വാസം പക്ഷെ അതൊരു കർമ്മവ്യാധിയാണെന്നും അനുഭവിക്കുകയെ തരമുള്ളു എന്നുമായിരുന്നു സ്വാമിയുടെ മറുപടി. ഭഗ്നാശനാനായ ബ്രാഹ്മണൻ ഗത്യന്തരമില്ലാതെ സ്വസ്ഥാനത്തേക്കു മടങ്ങി. നടന്നു നടന്നു ഒരു മധ്യാഹ്നത്തിൽ അദ്ദേഹം ഒരില്ലത്തിന്റെ പടിക്കലെത്തി. കലശലായ ദാഹം തീർക്കാൻ വേണ്ടി അദ്ദേഹം അവിടെ കയറി. അൽപ്പം വെള്ളം കിട്ടിയാൽ കൊള്ളാമെന്നപേക്ഷിച്ചു. ഒരന്തർജ്ജനം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. അത് കുറൂരമ്മയല്ലാതെ മറ്റാരുമായിരുന്നില്ല കുറൂരമ്മയെ കുറിച്ച് രോഗിയായ ബ്രാഹ്മണൻ കേട്ടിട്ടുണ്ടായിരുന്നെങ്കിലും നേരിൽ കണ്ട പരിചയം ഇല്ലായിരുന്നു. അന്തർജ്ജനം പറഞ്ഞു ” ഇവിടെ ഊണൊക്കെ കാലായിട്ടുണ്ട് വേഗത്തിൽ കുളിച്ചു വന്നാൽ ഊണ് കഴിക്കാം”. രോഗി പറഞ്ഞു. “അയ്യോ !! ഞാൻ ഒരു വയറുവേദനക്കാരനാണ് ആഹാരം വയറിൽ തട്ടിയാലുടനെ ഛർദ്ദിക്കുന്ന ഒരുതരം രോഗമാണെനിക്ക്. ഊണൊന്നും കഴിക്കാൻ വയ്യ അല്പം വെള്ളം മാത്രം കിട്ടിയാൽ മതിയായിരുന്നു”. അല്പമൊന്നാലോചിച്ചുകൊണ്ടു കരുണാമയിയായ കുറൂരമ്മ പറഞ്ഞു “അങ്ങ് പേടിക്കണ്ട ഗോവിന്ദനാമം ഉരുവിട്ടുകൊണ്ടു ഭക്ഷണം കഴിക്കുക. വയറ്റിൽ വേദനയോ ഛർദ്ദിയോ വരില്ല. ഈ പറയുന്നത് ഗുരുവായൂരപ്പനെ സാക്ഷിയാക്കികൊണ്ടു കുറൂരമ്മഭിക്ഷയാണ്” കുറൂരമ്മ എന്ന് കേട്ടപ്പോൾ തന്നെ രോഗിക്ക് ആ വാക്കുകളിൽ വിശ്വാസം ജനിച്ചു. പക്ഷെ വില്വമംഗലം പോലും കൈവിട്ട തനിക്കു ഈ രോഗം മാറുകയോ! അതുണ്ടാവില്ല. എങ്കിലും പരീക്ഷിച്ചു നോക്കാം എന്നുകരുതി കുളിച്ചു വന്നു. ഗോവിന്ദനാമം ഉച്ചരിച്ചുകൊണ്ടു ഭക്തിയോടെ ഇരുന്ന ബ്രാഹ്മണന് ഗുരുവായൂരപ്പനെന്ന തന്റെ കളിക്കുഞ്ഞിനെ ധ്യാനിച്ചുകൊണ്ട്. കുറൂരമ്മ ചോറും കറിയും വിളമ്പി. ആദ്യത്തെ ഉരുള അകത്തുചെന്നപ്പോൾ തന്നെ ബ്രാഹ്മണന് അതിയായ ആശ്വാസം തോന്നി. അദ്ദേഹം ഭക്ഷണം തുടർന്നു. എന്തിനേറെ വയറുനിറയെ ഭക്ഷണം കഴിച്ചെഴുനേറ്റ അദ്ദേഹത്തിന് ഒരസ്വാസ്ഥ്യവും തോന്നിയില്ല. കുറൂരമ്മയുടെ ദൃഢമായ വിശ്വാസം അദ്ദേഹത്തെ രക്ഷപ്പെടുത്തി. എങ്ങിനെയാണ് തന്റെ നന്ദി പറയേണ്ടതെന്ന് അദ്ദേഹത്തിനറിവുണ്ടായിരുന്നില്ല. ആ ഭക്തയെ സാഷ്ടാഗം നമസ്കരിച്ച് ഗുരുവായൂരപ്പനെ ധ്യാനിച്ച് ഗോവിന്ദനാമം ജപിച്ച് അദ്ദേഹം സ്വഗൃഹം പൂകി.