ഹോളിവുഡ് നടി ക്ലോറിസ് ലീച്ച്മാന്‍ വിടവാങ്ങി…

കാലിഫോര്‍ണയ: ഹോളിവുഡ് നടി ക്ലോറിസ് ലീച്ച്മാന്‍(94) വിടവാങ്ങി. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലങ്ങളായി ചികിത്സയിലായിരുന്നു. കാലിഫോര്‍ണയയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഏഴ് പതിറ്റാണ്ടിലേറെക്കാലം സിനിമാരംഗത്തെ നിറസാന്നിധ്യമായിരുന്നു.
ക്ലോറിസ് സ്വഭാവനടിയായും ഹാസ്യനടിയായും ഒരപാട് ചിത്രങ്ങളില്‍ തിളങ്ങി. ഒട്ടനവധി ടെലിവിഷന്‍ ഷോകളിലും ടെലി ഫിലിമുകളിലും വേഷമിട്ടു.
1926 ഏപ്രില്‍ 20 ന് അമേരിക്കയിലെ ഡെസ് മൊയ്‌നിലാണ് ജനനം. കൗമാരപ്രായത്തില്‍ തന്നെ നാടക രംഗത്ത് സജീവമായിരുന്നു.

1946 ല്‍ മിസ് അമേരിക്ക സൗന്ദര്യമത്സരത്തില്‍ പങ്കെടുത്തശേഷം ടെലിവിഷനിലും സിനിമകളിലും സജീവമായ ക്ലോറിസിന്റെ ആദ്യചിത്രം 1947 ല്‍ പുറത്തിറങ്ങിയ ‘കാര്‍നേജി ഹാള്‍’ ആണ്. ‘കിസ് മി ഡെഡ്‌ലി’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധനേടുന്നത്.
1953 ല്‍ ക്ലോറിസ് ഹോളിവുഡ് നടനും സംവിധായകനുമായിരുന്ന ജോര്‍ജ്ജ് എംഗ്ലണ്ടിനെ ലീച്ച്മാന്‍ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ അഞ്ചുമക്കളുമുണ്ട്. 1979 ല്‍ ഇവര്‍ വിവാഹമോചിതരായി.

‘ദ ലാസ്റ്റ് പിക്ചര്‍ ഷോ’യിലെ (1971) അഭിനയത്തിന് ഓസ്‌കര്‍ പുരസ്‌കാരവും ബാഫ്ത പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ എട്ട് പ്രൈംടൈം എമ്മി പുരസ്‌കാരവും ഒരു ഡേ ടൈം എമ്മി പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.
‘യെസ്റ്റര്‍ഡേ’, ‘എ ട്രോള്‍ ഇന്‍ സെന്‍ട്രല്‍ പാര്‍ക്ക്’, ‘നൗ ആന്റ് ദെന്‍’, ‘സ്പാഗ്ലിഷ്’, ‘എക്‌സ്‌പെക്ടിങ് മേരി’, ‘യു എഗൈന്‍’, ‘ദ വിമണ്‍’ തുടങ്ങിയവയാണ് ക്ലോറിസ് അഭിനയിച്ച പ്രധാനപ്പെട്ട ചിത്രങ്ങള്‍.

‘ഹൈ ഹോളിഡേ’ എന്ന ചിത്രമാണ് ക്ലോറിസ് ലീച്ച്മാന്‍ അവസാനമായി അഭിനയിച്ച ചിത്രം. ഈ ചിത്രം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. 2020 ല്‍ ഷൂട്ടിങ് പൂര്‍ത്തിയായ ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ ക്ലോറിസ് ലീച്ച്മാന്‍ വിടവാങ്ങുകയായിരുന്നു.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *