തലപ്പൊക്കത്തിന്റെ ചക്രവര്‍ത്തി മംഗലാംകുന്ന് കര്‍ണന്‍ ചരിഞ്ഞു..

ഉത്സവപ്പറമ്പുകളിലെ കരിവീര ചന്തം മംഗലാംകുന്ന് കര്‍ണന്‍ ചരിഞ്ഞു. 60 വയസ്സ് പ്രായമുണ്ട്. പ്രായാധിക്യത്തിന്റേതായ പ്രശ്‌നങ്ങള്‍ കുറച്ചുകാലമായി ആനയെ അലട്ടിയിരുന്നു. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംസ്കാരം ഇന്ന് വാളയാര്‍ വനത്തില്‍ നടക്കും.

2019 മാര്‍ച്ചിലാണ് മംഗലാംകുന്ന് കര്‍ണന്‍ അവസാനമായി ഉത്സവത്തില്‍ പങ്കെടുത്തത്. എഴുന്നള്ളത്ത് തുടങ്ങുംമുതല്‍ തിടമ്പ് ഇറക്കുംവരെ ആത്മവിശ്വാസം തുളുമ്പുന്ന പ്രൗഢമായ നില്‍പാണ് കര്‍ണന്റെ പ്രത്യേകത. കൂടുതല്‍ ഉയരമുള്ള ആനകള്‍ കൂട്ടാനകളായെത്തുമ്പോള്‍പ്പോലും ഈ ‘നിലവു’കൊണ്ടാണ് കര്‍ണന്‍ ശ്രദ്ധേയനാവുന്നത്. ഉടല്‍നീളംകൊണ്ടും കര്‍ണനെ എളുപ്പം തിരിച്ചറിയാനാവും.

എഴുന്നള്ളത്തില്‍ നിരന്നുനില്‍ക്കുന്ന മറ്റാനകളേക്കാള്‍ കര്‍ണന്റെ അമരവും വാലും പുറത്തേക്ക് കാണാനാവും. ഭാരിച്ച ശരീരമല്ലെങ്കിലും ഒത്ത ശരീരംതന്നെയാണ് കര്‍ണന്‍റേത്. ബിഹാറിയെങ്കിലും നാടന്‍ ആനകളെപ്പോലെ ലക്ഷണത്തികവുള്ളവനാണ് കര്‍ണന്‍.

വടക്കന്‍ പറവൂരിലെ ചക്കുമരശ്ശേരി ശ്രീകുമാര ഗണേശക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തില്‍ തുടര്‍ച്ചയായി ഒമ്പതുവര്‍ഷം വിജയിയായിരുന്നു കര്‍ണന്‍. ഇത്തിത്താനം ഗജമേളയിലും കര്‍ണന്‍ വിജയിയായിട്ടുണ്ട്. ഇരിക്കസ്ഥാനത്തുനിന്ന് നോക്കുമ്പോള്‍ 302 സെന്റീമീറ്ററാണ് ഉയരം. 91 ല്‍ വാരണാസിയില്‍നിന്നാണ് കര്‍ണന്‍ കേരളത്തിലെത്തുന്നത്. വരുമ്പോള്‍ത്തന്നെ കര്‍ണന്റെ തലപ്പൊക്കം പ്രശസ്തമായിരുന്നു. പേരെടുത്ത ആനപ്രേമിയായ മനിശ്ശേരി ഹരിദാസിന്റേതായിരുന്നപ്പോള്‍ മനിശ്ശേരി കര്‍ണനായിരുന്നു.

ഗുരുവായൂര്‍ ദേവസ്വം കഴിഞ്ഞാല്‍ ഏറ്റവും അധികം ആനകളുള്ളത് മംഗലാംകുന്ന് കുടുംബത്തിലാണ്. മംഗലാംകുന്ന് ഗണപതി (നേരത്തെ ചരിഞ്ഞു), മംഗലാംകുന്ന് കര്‍ണന്‍, മംഗലാംകുന്ന് അയ്യപ്പന്‍ എന്നീ മൂന്ന് വമ്പന്മാരാണ് തറവാട്ടിലെ ഏറ്റവും പ്രശസ്തര്‍. സിനിമകളിലും പരസ്യ ചിത്രങ്ങളിലും കര്‍ണന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മദപ്പാട് കാലത്തു പോലും തികഞ്ഞ ശാന്ത സ്വഭാവിയായിരുന്നു കര്‍ണന്‍.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *