പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം; ആലപ്പുഴ ബൈപ്പാസ് ഇന്ന് തുറക്കും..

ആലപ്പുഴ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമാകുന്നു. ആലപ്പുഴ ബൈപ്പാസ് ഇന്ന് ഗതാഗതത്തിനായി തുറക്കും. ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും. സ്ഥലം ഏറ്റെടുത്തതിനുപിന്നാലെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്ന പദ്ധതിയാണ് ഇന്ന് യാഥാര്‍ഥ്യമാകുന്നത്.

1969ല്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രി ടി.കെ ദിവാകരനാണ് ബൈപ്പാസ് എന്ന ആശയം മുന്നോട്ട് വച്ചത്. 1990 ഡിസംബറിലായിരുന്നു ആദ്യ നിര്‍മാണോദ്ഘാടനം. 2001ല്‍ ഒന്നാംഘട്ടം പൂര്‍ത്തിയാക്കി. 2004ല്‍ രണ്ടാംഘട്ടനിര്‍മാണം തുടങ്ങി. എന്നാല്‍ സ്ഥലമേറ്റെടുപ്പിന്റെയും റെയില്‍വേ മേല്‍പ്പാലങ്ങളുടെ പേരിലും വര്‍ഷങ്ങളോളം നിര്‍മാണം വൈകി. കടല്‍മണ്ണ് ശേഖരിച്ചുള്ള റോഡ്‌നിര്‍മാണത്തിന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പും എതിര്‍പ്പുമായെത്തി. 2006ല്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന എം.കെ മുനീറാണ് ബീച്ചിലൂടെ മേല്‍പ്പാലം എന്ന ആശയം പ്രഖ്യാപിച്ചത്. എന്നാല്‍ റെയില്‍വേ മേല്‍പ്പാലം, ഫ്‌ളൈ ഓവര്‍ എന്നിവയുടെ പേരില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തര്‍ക്കം തുടര്‍ന്നു.

ഒടുവില്‍ 2009ല്‍ ഹൈക്കോടതി ഇടപെട്ടു. കൊല്ലം, ആലപ്പുഴ ബൈപ്പാസുകള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചു. 2012ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരഭമായി ബൈപ്പാസ് പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചു. 2015ല്‍ 344 കോടിയുടെ പുതിയ എസ്റ്റിമേറ്റ് വന്നു. ഏപ്രില്‍ 10ന് വീണ്ടും നിര്‍മാണോദ്ഘാടനം. 2016ല്‍ മേല്‍പ്പാലത്തിനായി ബീച്ചിനോട് ചേര്‍ന്ന് കൂറ്റന്‍ തൂണുകള്‍ ഉയര്‍ന്നു. എന്നാല്‍, റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണം തുടങ്ങിയിരുന്നില്ല. പിന്നീട് പിണറായി വിജയന്‍സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍, മേല്‍പ്പാലം സംബന്ധിച്ചുള്ള തര്‍ക്ക പരിഹാരത്തിനായി റെയില്‍വേയുമായി നിരന്തരം ചര്‍ച്ചകള്‍ തുടര്‍ന്നു. ഒടുവില്‍ 7.5 ലക്ഷം രൂപ കെട്ടിവെച്ചാണ് അനുമതി നേടിയത്. മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് റെയില്‍വേക്ക് കെട്ടിവയ്ക്കാനുള്ള 7 കോടി രൂപ നല്‍കിയതും സംസ്ഥാന സര്‍ക്കാരാണ്. 2020 ജൂണില്‍ റെയില്‍വേ മേല്‍പ്പാലങ്ങള്‍ പൂര്‍ത്തിയാക്കി. പിന്നാലെ ടാറിംഗും നവീകരണ ജോലികളും തീര്‍ക്കുകയായിരുന്നു.

3.2 കിലോമീറ്റര്‍ റയില്‍വേ മേല്‍പ്പാലവും, 4.8 കിലോമീറ്റര്‍ എലിവേറ്റഡ് ഹൈവേയും ഉള്‍പ്പെടെ 6.8 കിലോമീറ്ററാണ് ബൈപ്പാസ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 174 കോടി രൂപ വീതം ചെലവഴിച്ചു നിര്‍മിച്ച ബൈപ്പാസിന്റെ നിര്‍മാണം പൂര്‍ണ്ണമായും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിര്‍വ്വഹിച്ചത്. കൊമ്മാടി മുതല്‍ കളര്‍കോട് വരെ കടല്‍ തീരത്തോട് ചേര്‍ന്ന് മനോഹരമായ യാത്രാ അനുഭവമാണ് ബൈപ്പാസ് സഞ്ചാരികള്‍ക്ക് നല്‍കുക.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *