
ഗുരുവായൂർ: ക്ഷേത്രത്തിലെ ഉപദേവതയായ ഭഗവതിക്ക് താലപ്പൊലിയായതിനാൽ ഫെബ്രുവരി അഞ്ചിന് ഗുരുവായൂരപ്പന്റെ ശ്രീലകം ഉച്ചയ്ക്ക് രണ്ടുമണിക്കൂർ നേരത്തേ 11.30-ന് അടയ്ക്കും. പിന്നീട് വൈകീട്ട് നാലരയ്ക്കേ തുറക്കൂ. നട അടഞ്ഞുകിടക്കുന്ന നേരം വിവാഹം, തുലാഭാരം, വാഹനപൂജ എന്നിവ നടക്കില്ല. ദേവസ്വം വകയാണ് താലപ്പൊലി. നാട്ടുകാരുടെ പിള്ളേര് താലപ്പൊലി ജനുവരി അഞ്ചിന് ആഘോഷിച്ചിരുന്നു.
കോവിഡ് നിയന്ത്രണമുള്ളതിനാൽ വലിയ ആഘോഷമില്ലാതെയാണ് താലപ്പൊലി നടത്തുക. ഗുരുവായൂരപ്പന്റെ ശ്രീകോവിൽ അടച്ചതിനു ശേഷം പന്ത്രണ്ടിന് പഞ്ചവാദ്യ അകമ്പയിൽ ഭഗവതിയുടെ എഴുന്നളളിപ്പ് തുടങ്ങും. വാദ്യകലാകാരന്മാരുടെ എണ്ണം കുറയും. ക്ഷേത്രത്തിൽത്തന്നെ പഞ്ചവാദ്യം അവസാനിപ്പിയ്ക്കും. ക്ഷേത്രത്തിനു പുറത്ത് നടപ്പന്തലിൽ ചെണ്ടയുടെ അകമ്പടിയിൽ ഭഗവതി എഴുന്നള്ളും. നടയ്ക്കൽപ്പറയ്ക്ക് ശേഷം തീർത്ഥക്കുളം പ്രദക്ഷിണം വെയ്ക്കും. രാത്രി എഴുന്നള്ളിപ്പിനു ശേഷം കളംപാട്ട് നടക്കും.