സപ്തതിയിലേക്കെത്തുന് കൊടിമരം.. ; ഗുരുവായൂരപ്പന്റെ സ്വർണ്ണക്കൊടിമരം സ്ഥാപിച്ചിട്ട് ഇന്നേക്ക് 69 വർഷം!

ഗുരുവായൂർ: സപ്തതിയിലേക്കെത്തുന്ന ഗുരുവായൂരപ്പന്റെ സ്വർണ്ണക്കൊടിമരം സ്ഥാപിച്ചിട്ട് ഇന്നേക്ക് 69 വർഷം!. (25.1.2021) 1196 മകരത്തിലെ മകീര്യം ധ്വജപ്രതിഷ്ഠാദിനം. 1952 ജനവരി 30 ന് (1127 മകരം 3)നാണ് ഇന്ന് കാണുന്ന സ്വർണ്ണധ്വജം സ്ഥാപിച്ചതെന്ന് കൊടിമരത്തറയിലെ ശിലാലിഖിതം സാക്ഷ്യപ്പെടുത്തുന്നു. മകരം 17 മുതൽ ധ്വജപ്രതിഷ്ഠയോടനുബന്ധിച്ച ജീർണ്ണോദ്ധാരണകലശച്ചടങ്ങുകൾ നടന്നു. സ്ഥലശുദ്ധി, പ്രാസാദശുദ്ധി, ബിംബശുദ്ധി,ശാന്തിഹോമങ്ങൾ,തത്വകലശപൂജ,ബ്രഹ്മകലശപൂജ,കലശാഭിഷേകം,വാഹനശുദ്ധി,ശാന്തി_പ്രായശ്ചിത്തങ്ങൾ, സ്ഥലശുദ്ധി, 217 ഉം,250 ഉം പരികലശങ്ങൾ തത്ത്വകലശം,തുടങ്ങിയ വിവിധചടങ്ങുകൾ മകരം 3 മുതൽ 26 കൂടിയ ദിവസങ്ങളിൽ ഉണ്ടായിരുന്നു. ചേന്നാസ് മനയ്ക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാട്, ദിവാകരൻ നമ്പൂതിരിപ്പാട്, അണ്ടലാടി ദിവാകരൻ നമ്പൂതിരിപ്പാട്, നാരായണൻ നമ്പൂതിരിപ്പാട്, ഈക്കാട്ട് പുരുഷോത്തമൻ നമ്പൂതിരി,പൊട്ടക്കുഴി ആര്യൻ നമ്പൂതിരി, തുടങ്ങിയവരാണ് ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചത്. ചേന്നാസ് നമ്പൂതിരിപ്പാട് ക്രിയസംബന്ധിച്ച ഉപപയുക്തങ്ങളെല്ലാം, അവകാശങ്ങളെല്ലാം ഗുരുവായൂരപ്പന് വഴിപാടായി സമർപ്പിച്ചുവത്രെ.

തിരുവിതാംകൂർ മലയാറ്റൂർ എന്ന പ്രദേശത്ത് നിന്നാണ് 72 അടി നീളമുള്ള തേക്കിൻതടി ഈ ആവശ്യത്തിന് കൊണ്ടുവന്നത്.81.3 ഘന അടിയാണ് ഒട്ടാകെ വലുപ്പം. കനോലി കനാൽ വഴി കൂട്ടുങ്ങലിലേക്കും അവിടെനിന്നുംകാളവണ്ടിയിൽ ക്ഷേത്രപരിസരത്തേക്കും,അവിടെനിന്നും ആനയെക്കൊണ്ട് വലിപ്പിച്ച്ഊട്ടുപുരയിലേക്കും എത്തിച്ചു.മരംചെത്തി വൃത്തിയാക്കി മരത്തിന്റെ നീളം 65 അടിയാണ്. ഇതാണ് കൊടിമരത്തിന്റെ നീളം.6മാസം നിത്യവും3നേരം വയമ്പ്,മഞ്ഞൾ,കുങ്കുമംഎന്നിവ അരച്ചു ചേർത്തനല്ലെണ്ണപുരട്ടിസ്നിഗ്ദവുംമുഗ്ദവുമാക്കിത്തീർത്തു. മണ്ണിനടിയിൽ മരത്തിന്റെ 5 അടിചതുരാശ്രയത്തിലും അവിടെനിന്ന് 3 അടി അഷ്ടാശ്രയത്തിലും,ബാക്കി മുകൾഭാഗംമുഴുവനും വത്തുളാകൃതിയിലുമാണ്. അടിഭാഗം 7 അടി ചെമ്പ് കൊണ്ട് പൊതിഞ്ഞിട്ടുണ്ട്. ഈ മരത്തിന് അന്നത്തെ സർക്കാർ വില (സുമാർ 7 കണ്ടി മരം) 827 ക.14 അണ.8 പ.യായിരുന്നു. തിരുവിതാംകൂർ മഹാരാജാവ് ഈ മരം ഗുരുവായൂരപ്പന് വഴിപാടായി സമർപ്പിക്കയാണുണ്ടായത്.കേണത്ത ശങ്കരവാര്യരും,തൃപ്പൂണിത്തുറ ദേവസ്വം ഓവർസിയർ ഈശ്രവാരിയരുമായിരുന്നു സാങ്കേതിക ഉപദേശകന്മാർ. ക്രെയിൻ മുതലായ സാങ്കേതിക വിദ്യകളില്ലാതെ മുളയും കയറുംമാത്രം ഉപയോഗിച്ച് മൂപ്പൻമാരാണ് പണികൾ നടത്തിയ ത്. 1951 ജൂൺ 11ന് വാദ്യഘോഷങ്ങളോടെ കഴകക്കാരൻ കുത്തുവിളക്ക് പിടിച്ച് ക്ഷേത്രം ഊരാളൻ മരം ഏറ്റെടുക്കുന്ന “ദാരുപരിഗ്രഹം”എന്നചടങ്ങ് നടന്നു.ഇതേമാസത്തിൽതന്നെ പഴയകൊടിമരം പൊളിച്ചു നീക്കുകയുംചെയ്തു.

പഴയകൊടിമരത്തിന് ഇളക്കം തട്ടിയതായും അതൊരുവശത്തേക്ക് ചായ്ഞ്ഞതായി അറിവായതിനെ തുടർന്ന്തൽക്കാലം കമ്പികളിട്ട് കെട്ടിയിരുന്നുവത്രെ.ആയതിനെതുടർന്നാണത്രെ പുതിയകൊടിമരം സ്ഥാപിക്കാൻ ശ്രമമാംഭിച്ചത്.കൊല്ലവർഷം 1036 മീനം 6 നാണ് പഴയകൊടിമരം സ്ഥാപിച്ചതെന്നും അതിന് ഉപോൽഫലകമായ തെളിവായി കൊടിമരംപൊളിച്ചുനീക്കിയപ്പോൾ തറയിൽനിന്നും ലഭിച്ച 1840 ലെ നാണയങ്ങൾ ലഭിച്ചിരുന്നതായും പറയപ്പെടുന്നു.മാങ്കാവിൽ തമ്പുരാൻ സാമൂതിരിപ്പാടു തമ്പുരാന്റെ ഭരണ കാലത്താണത്രെ മലംകുറുംതോട്ടിനിലമ്പൂരിലെ വനത്തിൽ നിന്നുംകൊണ്ടുവന്ന്കൊടിമരം സ്ഥാപിച്ചത്.അന്ന് ക്ഷേത്രംകാര്യസ്ഥൻ ഉള്ളനാട്ട് ഉക്കോമപ്പണിക്കരായിരുന്നു. തന്ത്രവിധിക്കനുസരിച്ച് പഴയകൊടിമരത്തിന്റ മുകളിൽനിന്നുംആദ്യം വാഹനത്തെ ആവാഹിച്ച് ശ്രീകോവിലിന്നകത്തേക്ക് ഉദ്ധ്വസിക്കുകയുംപിന്നീട് ലോഹാവരണങ്ങളും മരവും പൊളിച്ചു നീക്കുകയുംചെയ്തു.പുതിയകൊടിമരം സ്ഥാപിക്കുന്നതിന്റെ തലെ ദിവസം സന്ധ്യക്ക് പഴയകൊടിമരത്തിന്റെ തടി ചൈതന്യ രഹിതമായ ജഡശരീരംപോലെ ക്ഷേത്രത്തിൽ തെക്കെ ഭാഗത്ത് ദഹനം നടത്തി സംസ്കരിച്ചു.

പുതിയകൊടിമരംസ്ഥാപിക്കാൻ പ്രത്യേക ഭണ്ഡാരവുംഉണ്ടായിരുന്നു. 30000 ൽ പരം രൂപ കാണിക്കയായി ലഭിച്ചു. എഴുനൂറ്റി ഒമ്പതേമുക്കാൽ തോല സ്വർണ്ണവും.6000 ക യോളം പണിക്കൂലിയും ചെലവുണ്ടായി.സ്വർണ്ണം ദേവസ്വം സ്റ്റോക്കിൽ ഉണ്ടായിരുന്നു. ശിലാവേദിക,പത്മം,വിഗ്രഹപ്പറ,നാസികപ്പറ,എന്നിങ്ങനെയുള്ള സ്വർണ്ണാവരണങ്ങളും,നാസികപ്പറക്ക് മുകളിൽ 34 ഒഴുക്കൻ പറകളും,രണ്ട് പറകളുടെനടുവിൽ അവയെ യോജിപ്പിക്കുന്ന ഓരോ വെണ്ടയവുമുണ്ട്.മുകൾഭാഗത്തെഅലങ്കാരങ്ങൾ യഥാക്രമം മാലാസ്ഥാനം, പതാകാദണ്ഡം, ലശുനം,കുംഭം,പത്മം,മണിപ്പലക,വീരകാണ്ഡം,വാഹനം,എന്നിവയാണ്.എല്ലാറ്റിനും മുകളിലായി ഗരുഡവാഹനം.വീരകാണ്ഡമുൾപ്പെടെ രണ്ടര അടി ഉയരമുണ്ടതിന്.മുകളിൽ മണിപ്പലകയുടെ നാലുകോണുകളിലും ദണ്ഡാഗ്രത്തിലും ഓരോ . മണികളുണ്ട്. മണിനാക്കിനു താഴെ ആലിലയുടെ ആകൃതിയിൽ പരന്ന ഓരോ തൊങ്ങലുമുണ്ട്. ഇതുകൾ കാറ്റിലാടുമ്പോൾ മണികളുടെ കിങ്ങിണിക്കിലുക്കം താഴെ നിൽക്കുന്നവർക്ക് കേൾക്കാവുന്നവിധമാണ് . താഴെ മരംഉറപ്പിച്ചുനിർത്തുവാനുള്ള ആധാരശിലയിന്മേൽ വൈഢൂര്യം,മാണിക്യം,മുത്ത്, ഗരുഡശില എന്നിങ്ങനെ പഞ്ചരത്നങ്ങളും സ്വർണ്ണവും പതിച്ച് അതിന്നുമുകളിലാണ് കൊടിമരം സ്ഥാപിച്ചിട്ടുള്ളത്.

ധ്വജസ്ഥാപനവേളയിൽ ഭക്തജനങ്ങൾ രത്നങ്ങൾ,സ്വർണ്ണാഭരണങ്ങൾ,സ്വർണ്ണം, വെള്ളി,മുതലായ നാണ്യങ്ങൾ,എന്നിങ്ങനെ അനേകം അമൂല്യവസ്തുക്കൾ ധ്വജസ്തംഭകുഭത്തിൽ ഭക്തിപൂർവം നാമസംകീർത്തനത്തോടെ സമർപ്പിച്ചുവത്രെ. മരം സ്ഥാപിച്ചശേഷം ചുറ്റുപാടുംചാരുകല്ലുകൾ നിരത്തി നിലദാനംവരെ കോൺക്രീറ്റ് ഇട്ട് ഉറപ്പിച്ച് നിലദാനത്തുനിന്ന് 3 അടി ഉയരത്തിൽ കരിങ്കൽ ത്തറ കെട്ടി. തുടർന്ന് മരം സ്വർണ്ണാവരണങ്ങളെക്കൊണ്ടലംകരിച്ച് അതെല്ലാംതന്നെ കൊടിമരത്തിന്റെ അഗ്രഭാഗത്തുകൂടി താഴേക്ക് ഇറക്കുകയാണത്രെ ചെയ്തത്.പ്രവർത്തിക്കാരിൽ പ്രധാനികൾക്കെല്ലാം പട്ടും വളയും പാരിതോഷികങ്ങളും നൽകാനും സാമൂതിരിയുടെ തിട്ടൂരം ഉണ്ടായിരുന്നു. അന്നത്തെ കോഴിക്കോട് സാമൂതിരി കെ.സി.കുഞ്ഞനുജൻ രാജ തലേ ദിവസംതന്നെ ഗുരുവായൂരിൽ എത്തിയിരുന്നു. പടിഞ്ഞാറെ നടയിലെത്തിയ അദ്ദേഹത്തെ ദേവസ്വം മാനേജരും നാട്ടുപ്രമാണിമാരും കൂടി സ്വീകരിച്ചാനയിച്ചു. തെക്കെനടയിലെ സാമൂതിരികോവിലകം ആസ്ഥാനത്തെ കൃഷ്ണനാട്ട കർത്താവായ മാനവേദ സമാധിയിൽ വന്ദിച്ചശേഷമാണത്രെ അദ്ദേഹം ഭരണകാര്യങ്ങളിലേക്ക് ശ്രദ്ധതിരിച്ചത്.വലിയ യോഗ്യന്മാരും പണ്ഡിതന്മാരും പങ്കെടുത്ത ധ്വജപ്രതിഷ്ഠ ചടങ്ങുകൾക്ക് നാടിന്റെ നാനാഭാഗത്തുനിന്നും ഭക്തജനങ്ങൾ തിങ്ങിക്കൂടിയിരുന്നു.

ഗുരുവായൂരമ്പലത്തിന്റെ നടയ്ക്കൽത്തന്നെ യഥാവിധി പ്രതിഷ്ഠിക്കപ്പെട്ട പൊന്നിൻ കൊടിമരത്തെപ്പറ്റി …”സഹ്യപർവ്വതത്തിന്റെ പിന്നിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്ന സൂര്യന്റെ സുവർണ്ണകിരണങ്ങൾ മലബാർ ക്ഷേത്രങ്ങളിലൊന്നിൽ സ്വർണ്ണധ്വജത്തെ മുകരുക എന്നത് 1127 മകരം 3 വരെ ഉണ്ടായിട്ടില്ല” എന്ന് മഹാകവി വള്ളത്തോളും, നമ്മുടെ കുലവൃദ്ധയായ ക്ഷേത്രഭക്തിയാൽ കുത്തിപ്പിടിക്കപ്പെട്ട കട്ടിപ്പൊൻ വടിയാണീ കൊടിമരം” എന്നും, “അക്കരക്കണയും തോണി__തുഴയും സ്വർണ്ണദണ്ഡമേ” എന്നും മഹാകവി പി.കുഞ്ഞിരാമൻ നായരും അഭിസംബോധന ചെയ്തതും ഭക്തജനസന്തോഷത്തിന് ആക്കംകൂട്ടി. “സർവ്വേശ്വരന്റെ വിഗ്രഹപൂജ വെറുമൊരു ഭ്രാന്തകല്പനയാണെന്ന് ഞാൻ കരുതുന്നില്ല. അത് വളരെയേറെ സാരവത്തായിട്ടുള്ളതാണെന്ന് അനുഭവത്തിൽ നിന്ന് എനിക്ക് പറയാൻ കഴിയും.താന്താങ്ങളുടെ സ്ഥിതിക്കനുസരിച്ച് സാധകന്മാർക്ക് വിവിധനേട്ടങ്ങൾ അതിൽനിന്നുണ്ടാകുന്നതാണ് ഞാൻ ഹിന്ദുധർമ്മത്തിന്റെ ഒരു ലക്ഷണം തന്നെ ഈ നിലയാണംഗീകരിച്ചിട്ടുള്ളത്.”മൂർത്തിം ച നാവജാനോതി സർവ്വധർമ്മസമാദര” എന്നും ഗുരുവായൂർക്ഷേത്രത്തിൽ നടന്ന ധ്വജപ്രതിഷ്ഠയെ സംബന്ധിച്ച് ആചാര്യ വിനോബാജി ദേവസ്വത്തിലേക്കയച്ച സന്ദേശത്തിൽ പറഞ്ഞുവത്രെ.

ഏതായാലും ഇന്ന് വീണ്ടും നമുക്ക് ഗുരുവായൂരപ്പന്റെ ചടങ്ങുകളെ അനുസ്മരിക്കാൻ ഒരുപുണ്യസുദിനം വന്നുചേർന്നിരിക്കുന്നു.ധ്വജപ്രതിഷ്ഠക്കുശേഷം മകരത്തിലെ മകീര്യം..ധ്വജപ്രതിഷ്ഠാദിനമായി ആചരിക്കാൻ അന്നുമുതൽ ഗുരുവായൂരിലെ പി.ആർ.നമ്പ്യാർ എന്ന മഹാമനസ്കൻ ഗുരുവായൂരപ്പന് എല്ലാവർഷവും ഉദയാസ്തമനപൂജവഴിപാട് നടത്താനുള്ള ഏർപ്പാടു ചെയ്തുകൊണ്ടാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. നാരായണ…

കടപ്പാട്: വള്ളത്തോൾ വിദ്യാപീഠം,1938 മോഹനതേജസ്സ്,1952 ഫെബ്രുവരി23 മാതൃഭൂമി,ഗുരുവായൂർക്ക്സ്വാഗതം(സി.ജി.നായർ). രാമയ്യർ പരമേശ്വരൻ,
റിട്ട. മാനേജർ, ഗുരുവായൂർ ദേവസ്വം

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *