ഗുരുവായൂരിൽ വീണ്ടും വിവാഹത്തിരക്ക്‌…

ഗുരുവായൂർ: ക്ഷേത്രനഗരി ഞായറാഴ്ച കല്യാണത്തിരക്കിലമർന്നു. 129 എണ്ണം ശീട്ടാക്കിയതിൽ 108 കല്യാണങ്ങളാണ് നടന്നത്. ലോക്ഡൗണിനു ശേഷം ഏറ്റവും കൂടുതൽ കല്യാണങ്ങൾ നടന്ന ദിവസമായിരുന്നു ഇത്. രണ്ടു മാസം മുമ്പേ 100 കല്യാണങ്ങൾ ബുക്ക് ചെയ്തിരുന്നു. ഒരു ദിവസം 100 കല്യാണങ്ങൾക്കായിരുന്നു നേരത്തെ അനുമതിയുണ്ടായിരുന്നത്. അതുകൊണ്ട് ഈ ദിവസത്തേയ്ക്കുള്ള ബുക്കിങ് നിർത്തിവെച്ചിരുന്നു. എന്നാൽ, നല്ല മുഹൂർത്തമുള്ള ദിവസമായതിനാൽ കൂടുതൽ പേർ ബുക്ക് ചെയ്യാനെത്തിയതിനാൽ 100 കല്യാണങ്ങൾ എന്ന നിയന്ത്രണം കഴിഞ്ഞയാഴ്ച ദേവസ്വം എടുത്തുമാറ്റുകയായിരുന്നു. ഓരോ കല്യാണത്തിനും 12 പേരെ മാത്രമേ പങ്കെടുപ്പിച്ചുള്ളൂ. അതുകൊണ്ട് കല്യാണ മണ്ഡപങ്ങൾക്കു മുന്നിലും പ്രധാന നടപ്പന്തലിലും തിക്കുംതിരക്കുമുണ്ടായില്ല. അവിടെ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചായിരുന്നു താലികെട്ട് നടന്നത്.

അതേസമയം വധൂവരന്മാരുടെ രേഖകൾ ഒത്തുനോക്കുകയും അവരെ പ്രവേശിപ്പിക്കുകയും ചെയ്യുന്ന മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിന്റെ തെക്കുഭാഗത്ത് നിയന്ത്രണങ്ങൾ പാളി. വധൂവരന്മാർക്കൊപ്പം ഫോട്ടോഗ്രാഫർമാരടക്കം 12 പേർക്കുമാത്രമേ പ്രവേശനമുള്ളൂവെന്നിരിക്കേ, കൂടെ വന്ന മറ്റു ബന്ധുക്കൾ ഓഡിറ്റോറിയത്തിനു തെക്കുഭാഗത്ത് കൂടിനിന്നു.

താലികെട്ട് കാണാനും മൊബൈലിൽ ഫോട്ടോയെടുക്കാനും അവിടെ തിരക്കു കൂട്ടി. താലികെട്ടു കഴിഞ്ഞ് തെക്കേ നടപ്പന്തലിലും ആനയെ കെട്ടുന്ന ഒഴിഞ്ഞ സ്ഥലത്തും വധൂവരൻമാരുടെ ഫോട്ടോ ഷൂട്ട് തകൃതിയായി നടന്നു. വിവാഹ സംഘത്തിന്റെ തിരക്കൊഴിവാക്കാൻ തെക്കുഭാഗത്ത് ഫോട്ടോ ഷൂട്ട് പാടില്ലെന്ന് ദേവസ്വം ഭരണസമിതി തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച് പോലീസിനും ദേവസ്വം സുരക്ഷാ ജീവനക്കാർക്കും ദേവസ്വം ഭരണസമിതി നിർദേശവും നൽകിയിരുന്നു. ക്ഷേത്രത്തിൽ ദർശനത്തിനും ഞായറാഴ്ച നല്ല തിരക്കുണ്ടായി. വെർച്വൽ വഴിയും ദീപസ്തംഭത്തിനു മുന്നിലും ഭക്തരുടെ നീണ്ട നിര അനുഭവപ്പെട്ടു.

ഏറെക്കാലത്തിനുശേഷം ഗുരുവായൂരിൽ ഏറ്റവും കൂടുതൽ വാഹനത്തിരക്ക് അനുഭവപ്പെട്ട ദിവസമായിരുന്നു ഞായറാഴ്ച. പാർക്കിങ്ങിന് സ്ഥലമില്ലാത്തതിന്റെ പ്രശ്‌നം രൂക്ഷമായി. ദേവസ്വത്തിന്റെ വേണുഗോപാൽ പാർക്കിങ് കേന്ദ്രത്തിലും നഗരസഭയുടെ ആന്ധ്രാപാർക്കിലും ബഹുനില പാർക്കിങ് സമുച്ചയത്തിന്റെ പണി നടക്കുന്നതിനാലാണ് സൗകര്യം കുറഞ്ഞത്. നഗരസഭാ മൈതാനവും കൗസ്തുഭം പാർക്കിങ് കേന്ദ്രവുമായിരുന്നു പ്രധാന ആശ്രയം.

ഇന്നർ റിങ് റോഡിന്റെ പല ഭാഗങ്ങളിലും അമൃത് പദ്ധതിയുടെ കാനപണി നടക്കുന്നതിനാൽ അവിടെ ചെറു വാഹനങ്ങൾ നിർത്തിയിടാൻ പ്രയാസമായി. കൂടാതെ വീതിയുള്ള നടപ്പാത നിർമിച്ചതു കാരണം പാർക്കിങ് സ്ഥലം തേടി ആളുകൾ വാഹനവുമായി ചുറ്റിക്കറങ്ങി.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *