
ഗുരുവായൂർ: ‘‘കൃഷ്ണാ… ഗുരുവായൂരപ്പാശരണം. ഉച്ചപ്പൂജ തൊഴുത് എത്തീട്ടോ ഞാൻ. നല്ല സന്തോഷത്തിലാണ്. നല്ല ഭംഗിയുള്ള കളഭച്ചാർത്ത്. അസലായി ചാർത്തീട്ടുേണ്ട…’’ -ഭക്തി തുളുമ്പുന്ന ശബ്ദം കേട്ടുതുടങ്ങിയിട്ട് നൂറുദിനം പിന്നിട്ടു. ക്ഷേത്രം കീഴ്ശാന്തി തിരുവാലൂർ ശ്രീകുമാരൻ നമ്പൂതിരിയാണ് ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജ തൊഴുത് അന്നത്തെ കളഭച്ചാർത്ത് മുടങ്ങാതെ വർണിക്കുന്നത്.
ഉച്ചപ്പൂജയ്ക്കാണ് ഗുരുവായൂരപ്പനെ മേൽശാന്തിയോ ഓതിക്കന്മാരോ കളഭത്തിൽ വിവിധ രൂപങ്ങളിൽ അണിയിച്ചൊരുക്കുക. ഈ അലങ്കാരം പിറ്റേദിവസം നിർമാല്യദർശനം വരെയുണ്ടാകും. വെള്ളിയാഴ്ച ആനപ്പുറത്ത് തിടമ്പ് എഴുന്നള്ളിക്കുന്ന കണ്ണനായിട്ടായിരുന്നു അലങ്കാരം. ഇടത്തേ കൈകൊണ്ട് തിടമ്പ് പിടിച്ച് വലത്തേകൈയിൽ ഓടക്കുഴലുമായി ആനപ്പുറത്ത് എഴുന്നള്ളുന്ന കണ്ണൻ. ഓതിക്കൻ പൊട്ടക്കുഴി ഭവദാസ് നമ്പൂതിരിയാണ് ചാർത്തിയത്.
ശ്രീകുമാരൻ നമ്പൂതിരിയുടെ ഉച്ചപ്പൂജ അലങ്കാരവർണന ശബ്ദരേഖ ദേവസ്വം ഔദ്യോഗിക യൂ ട്യൂബ് ചാനലിൽ നൽകുന്നുണ്ട്. നിരവധി ശ്രോതാക്കളാണ് അമ്പത്തിനാലുകാരനായ ശ്രീകുമാരൻ നമ്പൂതിരി പന്ത്രണ്ടാമത്തെ വയസ്സുമുതൽ ക്ഷേത്രത്തിൽ കീഴ്ശാന്തിപ്രവൃത്തി ചെയ്യുന്നു.
കീഴ്ശാന്തിപ്രവൃത്തിയുടെ ചുമതലക്കാരനായി മൂന്നുതവണ ശാന്തിയേറ്റിട്ടുണ്ട്. മക്കളായ ദേവനാരായണനും ബ്രഹ്മദത്തനും വിദ്യാർഥികളാണെങ്കിലും കീഴ്ശാന്തിപ്രവൃത്തിക്ക് എത്തുന്നുണ്ട്. ഭാര്യ: ശ്രീദേവി അന്തർജനം.