
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഔദ്യോഗിക യൂട്യൂബ് ചാനലിന് ഗൂഗിളിൽ നിന്നും പരസ്യത്തിനുള്ള വരുമാനം ലഭിച്ചു തുടങ്ങി. മാസങ്ങൾ നീണ്ട ദീർഘമായ ഒരു അപ്പ്രൂവൽ പ്രോസസ്സിനു ശേഷം, ഇക്കഴിഞ്ഞ 2021 ജനുവരി 19ന് ഗൂഗിളിൽ നിന്ന് ആദ്യ തുകയായ 116.56 യു.എസ് ഡോളർ ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ ധനലക്ഷ്മി ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചതായി ഗൂഗിളിന്റെ ഔദ്യോഗിക അറിയിപ്പ് കിട്ടി. തുക ഗുരുവായൂർ ദേവസ്വത്തിന്റെ ധനലക്ഷി ബാങ്ക് എക്കവുണ്ടിലേയ്ക്ക് നേരിട്ട് ഗൂഗിൾ കമ്പനി അയച്ച പ്രകാരം വരവിൽ ചേർത്തിട്ടുണ്ട്. ദേവസ്വത്തിന്റെ ഒഫീഷ്യൽ സന്ദേശങ്ങളും അറിയിപ്പുകളും ഇടനിലക്കാരില്ലാതെ നേരിട്ട് ഭക്തജനങ്ങളിലേയ്ക്ക് എത്തിയക്കുക എന്ന ഉദ്ദേശത്തോടെയാണ് ഉദ്ദേശം 10 മാസം മുമ്പ് യൂടൂബ് ചാനലും ഫേസ്ബുക്ക് പേജും ആരംഭിച്ചത്.
അനുദിനം പ്രചാരം വർദ്ധിച്ചു വരുന്ന ഗുരുവായൂർ ദേവസ്വം ഔദ്യോഗിക യൂട്യൂബ് ചാനലിൽ- https://www.youtube.com/guruvayurdevaswomofficial നിന്ന് മാസം തോറും സ്ഥിരമായൊരു പരസ്യവരുമാനമാണ് ഗൂഗിൾ നിഷ്കർഷിച്ച എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ച് ഗുരുവായൂർ ദേവസ്വം ഉറപ്പാക്കിയിരിക്കുന്നത്. വരുന്ന വർഷങ്ങളിൽ ഗണ്യമായൊരു വരുമാനം ഈ ചാനൽ മുഖാന്തിരം ഗുരുവായൂർ ദേവസ്വത്തിനുണ്ടാകും. പല സ്വകാര്യ വ്യക്തികളും ഗുരുവായൂർ ക്ഷേത്രത്തിന്റെയും ദേവസ്വത്തിന്റെയും ചാനലുകളാന്നെന്ന വ്യാജേന ക്ഷേത്രസംബന്ധമായ കാര്യങ്ങൾ വ്യാപകമായിമായി പ്രചരിപ്പിച്ചും ലക്ഷക്കണക്കിന് ഫോളോവേഴ്സിനെ സൃഷ്ടിച്ചും ക്ഷേത്രത്തിന്റെ മറവിൽ ഗൂഗിൾൽ നിന്നും ക്ഷേത്രത്തിനുകിട്ടേണ്ട വരുമാനം സ്വന്തമാക്കിക്കൊണ്ടിരിയക്കുന്ന അവസ്ഥ മാറ്റാൻ കൂടി വേണ്ടിയാണ് ദേവസ്വം വക ഔദ്യോഗിക യൂട്യൂബ് ചാനൽ ആരംഭിയ്ക്കാൻ നിശ്ചയിച്ച് ദേവസ്വം ഐടി വിഭാഗത്തെ ചുമതല ഏല്പിച്ചത്. സാങ്കേതിക ഉപദേശത്തിന് സമീപിച്ചപ്പോൾ ഗുരുവായൂരപ്പന്റെ ഒരു ഭക്തൻ തന്റെ വഴിപാട് സമർപ്പണമായി ഗുരുവായൂർ ദേവസ്വത്തിന്റെ ഔദ്യോഗിക ഫേസ്ബുക് പേജും, യൂട്യൂബ് ചാനലും, പ്രതിഫലം കൂടാതെ വഴിപാടായി ഡിസൈൻ ചെയ്ത് തയ്യാറാക്കി സമർപ്പിയക്കുക യായിരുന്നു.
ഗുരുവായൂർ ക്ഷേത്രത്തിന്റെയും ദേവസ്വത്തിന്റെയും പേരിൽ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും നടത്തിവരുന്ന ചാനലുകളെയും പേജുകളെയും വെബ്സൈറ്റുകളെയും തടയുന്നതിന് നടപടികൾ എടുക്കാൻ ദേവസ്വം ഭരണ സമിതി തീരുമാനിച്ചിട്ടുണ്ട്. ഗുരുവായൂർ ദേവസ്വത്തിന് യൂട്യൂബ് വഴി ദീർഘകാലത്തേക്കുള്ള വരുമാന സ്രോതസ്സാണ് സാധ്യമാക്കിയിരിക്കുന്നത്. ഫേസ്ബുക് പേജും യൂട്യൂബ് ചാനലും നടത്തുന്നതിന് ഗുരുവായൂർ ദേവസ്വം ഐ.ടി.ഡിപ്പാർട്മെന്റിന് സമ്പൂർണ്ണ സാങ്കേതിക സഹായങ്ങളും ഗുരുവായൂരപ്പനുള്ള വഴിപാട് സമർപ്പണമായി തന്നെ ആണ് ഈ ഭക്തൻ നൽകിവരുന്നത്. എല്ലാ ഭക്തജനങ്ങളോടും ഗുരുവായൂർ ദേവസ്വം ഔദ്യോഗിക യൂട്യൂബ് ചാനൽ subscribe ചെയ്ത് പിന്തുണ നല്കണമെന്ന് അഡ്മിനിസ്ട്രേറ്റർ അഭ്യർത്ഥിക്കുന്നു.