
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയെ തിരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിയില്‍ താന്‍ ഒതുക്കപ്പെട്ടതായി തോന്നുന്നില്ലെന്നും കോണ്‍ഗ്രസും യുഡിഎഫും ഒറ്റകെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള നടപടിയാണ് ഹൈക്കമാന്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസ് ഒരു സ്ഥാനാര്‍ഥിയേയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്ത്തികാട്ടാറില്ല. ആര് മുഖ്യമന്ത്രിയാകണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും. പാര്‍ട്ടിയില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. ഉണ്ടാകുമെന്ന് ആരും മനക്കോട്ട കെട്ടേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
നിയമസഭയ്ക്ക് അകത്തും പുറത്തും ചെയ്യാവുന്നതിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. വരുന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തിരിച്ചുവരുക എന്നത് മാത്രമാണ് ലക്ഷ്യം. അഞ്ചുവര്‍ഷം കേരളം ഭരിച്ചു മുടിച്ച പിണറായി സര്‍ക്കാര്‍ ഭരണത്തില്‍ തിരിച്ചുവരണമെന്ന് കേരളം ആഗ്രഹിക്കുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.