കോങ്ങാട് എംഎൽഎ കെ. വി വിജയദാസ് അന്തരിച്ചു

തൃശൂർ: കോങ്ങാട് എംഎൽഎ കെ. വി വിജയദാസ് (61) അന്തരിച്ചു. രാത്രി 7.45 ഓടെയാണ് അന്ത്യം. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 2011 മുതൽ കോങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി.

കെഎസ്‌വൈഎഫിലൂടെയാണ് കെ.വി വിജയദാസ് പൊതുപ്രവർത്തനരം​ഗത്തേയ്ക്ക് എത്തിയത്. ജില്ലാ പഞ്ചായത്ത്‌ നിലവിൽവന്നപ്പോൾ 1995ൽ ആദ്യ പ്രസിഡന്റായി. ലോകത്തിന്‌ മാതൃകയായ മീൻവല്ലം ജലവൈദ്യുത പദ്ധതി വിജയദാസ്‌ പ്രസിഡന്റായിരിക്കെയാണ്‌ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയത്‌. ഏഷ്യയിൽതന്നെ ആദ്യമായി ഒരു ജില്ലാ പഞ്ചായത്ത്‌ ഏറ്റെടുത്ത്‌ നടപ്പാക്കുന്ന ജലവൈദ്യുത പദ്ധതിയും മീൻവല്ലമാണ്‌.

ദീർഘകാലം സിപിഐഎം എലപ്പുള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി. തുടർന്ന്‌ പുതുശേരി, ചിറ്റൂർ ഏരിയ സെക്രട്ടറിയായി. 1987 ൽ എലപ്പുള്ളി ഗ്രാമ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പട്ടു. തേനാരി ക്ഷീരോൽപാദക സഹകരണസംഘം സ്ഥാപക പ്രസിഡന്റ്‌, സംസ്ഥാന സഹകരണ ബാങ്ക്‌ ഡയറക്ടർ, പ്രൈമറി കോപ്പറേറ്റീവ്‌ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌, എലപ്പുള്ളി സർവീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ എന്നീ ചുമതലകളും വഹിച്ചിരുന്നു. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത്‌ ജയിൽ വാസവും അനുഭിച്ചിട്ടുണ്ട്‌. മികച്ച സഹകാരികൂടിയാണ്‌. നിലവിൽ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റംഗവും കർഷക സംഘം സംസ്ഥാന ജോ. സെക്രട്ടറിയും ജില്ലാ പ്രസിഡൻ്റുമാണ്. ഭാര്യ: പ്രേമകുമാരി. മക്കൾ: ജയദീപ്‌, സന്ദീപ്‌.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *