
തിരുവനന്തപുരം: കെ എസ് ആര് ടി സി യിലെ ക്രമക്കേട് സംബന്ധിച്ച രേഖകള്‍ പുറത്ത്. 2015ലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് 2018ല്‍ നടന്ന ഓഡിറ്റ് വിവരങ്ങളാണ് രേഖകളിലുള്ളത്. കെടിഡിഎഫ്സിക്ക് തിരിച്ചടയ്ക്കാന്‍ നല്കിയ തുകയില്‍ ഗുരുതര ക്രമക്കേട് നടന്നതായാണ് ധനകാര്യ വിഭാഗത്തിന്റെ പരിശോധന റിപ്പോര്‍ട്ട്. 311.98 കോടി രൂപയ്ക്ക് കണക്കില്ല. 100.75 കോടി രൂപയുടെ തിരിമറിയും കണ്ടെത്തിയിട്ടുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തലുകള്‍ ശരിവെക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
2012-15 കാലഘട്ടത്തിലെ ധനവിനിയോഗത്തിലെ പരിശോധനാ റിപ്പോര്‍ട്ടിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്. ഈ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സിഎംഡി അക്കൗണ്ട് ഓഫീസര്‍ക്കെതിരേ നടപടി സ്വീകരിച്ചത്. അക്കൗണ്ട് ഓഫീസറുള്‍പ്പെടെ ഉത്തരവാദിത്വപ്പെട്ട പോസ്റ്റുകളിലിരിക്കുന്ന ഓഫീസര്‍മാരുടെ വീഴ്ചയാണ് കണക്ക് രേഖപ്പെടുത്തുന്നതില്‍ പിഴവ് വരുത്തിയതെന്നാണ് റിപ്പോര്‍ട്ട്. ബാങ്ക്, ട്രഷറി ഇടപാടുകളുടെ രേഖകള്‍ സൂക്ഷിച്ചിരുന്നില്ല. ഇതൊന്നും രേഖപ്പെടുത്താതെ മനപ്പൂര്‍വ്വം ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് ധനകാര്യവകുപ്പ് പരിശോധനയില്‍ കണ്ടെത്തിയത്. അന്വേഷണം നടത്തണമെന്ന ശുപാര്‍ശയോടെയാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, അക്കൗണ്ട്സ് ഓഫീസറുടെ ചുമതല വഹിച്ചിരുന്ന ശ്രീകുമാറിനെ എറണാകുളത്തെ സോണല്‍ ഓഫീസിലേക്ക് കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു. ഇതില്‍ ബിജുപ്രഭാകറിനെതിരെ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇന്ന് ജീവനക്കാരുമായി ബിജു പ്രഭാകര്‍ ഓണ്‍ലൈനില്‍ സംവദിച്ചിരുന്നു. കെഎസ്ആര്‍ടിസി ജീവനക്കാരെ മൊത്തം അധിക്ഷേപിച്ചിട്ടില്ല. ജീവനക്കാര്‍ തെറ്റിദ്ധാരണ മൂലമാണ് തനിക്കെതിരെ പ്രകടനം നടത്തിയതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണം സംബന്ധിച്ചും ഭാവി പ്രവര്‍ത്തന പദ്ധതികള്‍ സംബന്ധിച്ചുമാണ് ഫേസ്ബുക്ക് ലൈവിലൂടെ ബിജു പ്രഭാകര്‍ സംസാരിച്ചത്.