പ്രശസ്ത തിരക്കഥാകൃത്ത് വശ്യവചസ്സിന്റെ നോവൽ “കറുത്ത ദൈവത്തിന്റെ കനിവിൽ” പ്രകാശനം ചെയ്തു.

കൊച്ചി: ഗുരുവായൂരിന്റെ സാഹിത്യ സാംസ്‌കാരിക മേഖലയിലെ അഭിമാനവും, പ്രശസ്ത തിരക്കഥാകൃത്തുമായ വശ്യവചസ്സിന്റെ ആദ്യ നോവൽ “കറുത്ത ദൈവത്തിന്റെ കനിവിൽ” എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത്ത് ഹാളിൽ വെച്ച് നെതർലാന്റ്സിലെ മുൻ ഇന്ത്യൻ അമ്പാസഡർ വേണു രാജാമണി, മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പാൾ, മേരി മെറ്റിൽഡയ്ക്ക് നല്കി പ്രകാശനം ചെയ്തു.

ഇന്ന് പെയ്യുന്ന മഴയ്ക്ക് നാളെ നികുതി ചുമത്തുന്ന അവസ്ഥയിലേയ്ക്ക് ലോകക്രമവും സമയക്രമവും മാറി മറിയുന്ന കാലത്തേയ്ക്കുള്ള മനുഷ്യകുലത്തിന്റെ വഴിവിട്ട പ്രയാണത്തിൽ , പ്രകൃതിയെ ചൂഷണം ചെയ്ത്, മനുഷ്യന്റെ കാലിനടിയിലെ മണ്ണ് അന്യമാക്കുന്ന വികസനങ്ങളുടെ അഭയാർത്ഥികളുടെ പോരാട്ടങ്ങളെ കുറിച്ച് അരമുള്ള ഭാഷയിൽ എഴുതപ്പെട്ട നോവൽ മലയാള സാഹിത്യ ലോകത്ത് ശ്രദ്ധിക്കപ്പെടുക തന്നെ ചെയ്യുമെന്ന് പൊതുവെ അഭിപ്രായമുണ്ടായി.

പരിഷത് സെക്രട്ടറി ഡോ ടി എൻ വിശ്വംഭരൻ പുസ്തക പരിചയം നടത്തി. അഡ്വ കെ വി രാമഭദ്രൻ, സിനിമാ നടനും സംവിധായകനുമായ ബൈജു കൊട്ടാരക്കര , രാജാജി രാജഗോപാൽ, രാംമോഹൻ പാലിയത്ത് എന്നിവർ സംസാരിച്ചു.

മലയാളത്തിലെ എണ്ണപ്പെട്ട കൃതികളിലൊന്നായി പരിഗണിക്കാവുന്ന നോവലാണ് കറുത്ത ദൈവത്തിന്റെ കനിവിൽ എന്ന് രാംമോഹൻ പാലിയത്ത് വിലയിരുത്തി

പ്രഹ്ളാദൻ, കെ കെ ബാലകൃഷ്ണൻ, ഷാഫി രായംമരയ്ക്കാർ എന്നിവരുടെ, കവിതാലാപനമുണ്ടായി. IPTA കേരള ചാപ്റ്റർ ജന സെക്രട്ടറി സദാനന്ദൻ കെ പുരം സ്വാഗതവും , വി.പി. അബ്ദുൾ റഹിമാൻ നന്ദിയും പറഞ്ഞു. സാമൂഹിക സാംസ്കാരിക മേഘലയിലെ മഹത് വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു.


വശ്യവചസ്സ്

കറുത്ത ദൈവത്തിന്റെ കനിവൽ വശ്യവചസ്സിന്റെ ആദ്യ നോവലാണ്.
കോളേജ് പഠനത്തിനു ശേഷം മൂന്നു വർഷത്തോളം തൃശൂർ എക്സ്പ്രസ്സിന്റെ ചാവക്കാട് താലൂക്ക് മൊഫ്സൽ കരസ്പോണ്ടന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്.
പിന്നെ ദീർഘകാലം സ്വകാര്യ കോളേജ് അദ്ധ്യാപകനായി. പoനകാലത്ത് നാഷണൽ സർവ്വീസ് സ്കീമിന്റെ കാപ്റ്റനായും അഡ്‌വൈസറി മെമ്പറായും ഉണ്ടായിരുന്നപ്പോൾ ഒട്ടേറെ സാമൂഹിക സാംസ്ക്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയിട്ടുണ്ട്. കേരളത്തിലെ തന്നെ അപൂർവ്വം കാമ്പസ് തിയേറ്ററുകളിൽ ഒന്നായ നേപഥ്യ കാമ്പസ് തിയ്യേറ്റർ രൂപീകരിച്ച് പല നാടകങ്ങളും അരങ്ങേറിയിട്ടുണ്ട്.
പരീക്ഷണ നാടകമെന്ന രീതിയിൽ ശ്രദ്ധേയമായ കാക്കാലൻ രചിച്ച് അത് അവതരിപ്പിക്കാൻ നേതൃത്വം കൊടുത്തതിനു ശേഷം സിനിമാ തിരക്കഥാകൃത്ത് എന്ന നിലയിൽ നാല് സിനിമകൾക്ക് രചന നടത്തിയിട്ടുണ്ട്. അതിനെല്ലാം മുൻപ് തിരുവനന്തപുരം ദൂരദർശനിൽ ബ്രോഡ്കാസ്റ്റ് ചെയ്ത ജന്മം, ചക്രം, ആശ്രയം, മൂന്നാമതൊരാൾ തുടങ്ങിയ ചെറു സിനിമകളുടെ രചനകൾ ശ്രദ്ധേയമായിരുന്നു.

തിരകൾക്കപ്പുറം മഞ്ഞുകാലവും കഴിഞ്ഞ്
കഥ എന്നീ സിനിമകളുടെ കഥാ തിരക്കഥാ സംഭാഷണവും ദീപങ്ങൾ സാക്ഷിയുടെ സംഭാഷണവും വശ്യവചസ്സിന്റേതാണ്.

എന്നാൽ പിന്നീട് എഴുത്തിൽ നിന്നെല്ലാം വിട്ട് പ്രധാന ശ്രദ്ധ ഗുരുവായൂരിൽ ഹോസ്പിറ്റാലിറ്റി ബിസിനസ്സിൽ ആയി കുറച്ചു നാൾ മുൻപ് അദ്ദേഹം എഴുതി പ്രസിദ്ധീകരിക്കാതെ വെച്ചിരുന്ന കറുത്ത ദൈവത്തിന്റെ കനിവിൽ എന്ന നോവൽ SKC 77-83 വാട്സാപ്പ് കൂട്ടായ്മയിലെ പഴയ കാല കമ്പസ്സ് സുഹൃത്തുക്കളാണ് പ്രസിദ്ധീകരിക്കാൻ മുൻകൈ എടുത്തത്.

പട്ടാമ്പി ലോഗോസ് ബുക്സ് പ്രസാധനം ചെയ്ത നോവലിന്റെ പശ്ചാത്തലം പ്രകൃതിയ്ക്ക് നേരെയുള്ള ചൂഷണത്തിനെതിരായാണ് വർത്തിക്കുന്നത്.
നോവൽ ഇറങ്ങി അധികം വൈകാതെ തന്നെ വായനക്കാരുടെ ശ്രദ്ധയാകർഷിച്ചത് അതിലെ ഭാഷയുടെ കാവ്യാത്മകതയും അരവും മൂർച്ചയുമുള്ള സാമൂഹ്യ വിമർശങ്ങളുടെ ശക്തിയും നിമിത്തമാണ്. പെട്ടെന്നു തന്നെ വായനക്കാർ എറ്റെടുത്തു എന്നത് ശ്രദ്ധേയമാണ്.

ഗുരുവായൂർ ഇരിങ്ങപ്രം ശാന്തിഗ്രാമം നിവാസിയാണ് അദ്ദേഹം അടുത്തു തന്നെ ഷൂട്ടിംഗ് തുടങ്ങാനിരിക്കുന്ന ബൈജു കൊട്ടാരക്കര സംവിധാനം ചെയ്യുന്ന സിനിമ രായമ്മയുടെ തിരക്കഥയും അദ്ദേഹമാണ് നിർവ്വഹിച്ചിട്ടുള്ളത്.

ഭാര്യ ഉഷ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ ജൂനിയർ എക്സിക്യൂട്ടിവ് ആയി വിരമിച്ചു. മക്കൾ വൈശാഖ് എസ് വശ്യവചസ്സ്,
ഋത്വിക് എസ് വശ്യവചസ്സ്, സമ്യക് എസ് വശ്യവചസ്സ് എന്നിവർ ഹോട്ടൽ , സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നു. മരുമകൾ ട്രെസ്സാ സരിതാ വർഗ്ഗീസ് പാവറട്ടി സെന്റ് ജോസഫ്സ് കോളേജിൽ ഗസ്റ്റ് ലക്ച്ചറാണ്.

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Ranjith P Devadas

Editor-In-Chief : guruvayoorOnline.com

One Comment

Leave a Reply

Your email address will not be published. Required fields are marked *