ഗുരുവായൂർ: ദേവസ്വത്തിൽ ക്ലാർക്ക് നിയമനത്തിനുള്ള എഴുത്തുപരീക്ഷയ്ക്ക് 16,000 ഉദ്യോഗാർഥികൾ. ക്ലാർക്ക് തസ്തികയിൽ ആകെയുള്ള 34 ഒഴിവുകളിലേക്ക്‌ തൃശ്ശൂർ, എറണാകുളം ജില്ലകളിലെ 80 കേന്ദ്രങ്ങളിലായാണ് ഇത്രയുംപേർ പരീക്ഷയെഴുതിയത്. ദേവസ്വം നിയമനങ്ങൾ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഏറ്റെടുത്തശേഷമുള്ള ആദ്യ എഴുത്തുപരീക്ഷയാണിത്. ഓരോ പരീക്ഷാകേന്ദ്രത്തിലും 200 പേരാണ് പരീക്ഷയെഴുതിയത്‌. കോവിഡ് കാരണം ക്ലാസ്‌മുറികളിൽ ഉദ്യോഗാർഥികളുടെ എണ്ണം കൂടാതിരിക്കാൻ കൂടുതൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചിരുന്നു. പരീക്ഷാനടത്തിപ്പുചുമതല അതത്‌ സ്‌കൂളിലെ പ്രധാനാധ്യാപകർക്കായിരുന്നു. നിരീക്ഷണത്തിന് കളക്ടറേറ്റിൽനിന്നുള്ള ഒരു ഉദ്യോഗസ്ഥനുമുണ്ടായിരുന്നു. ഉത്തരക്കടലാസുകൾ ഒത്തുനോക്കി റിക്രൂട്ട്‌മെന്റിന് കൈമാറേണ്ട ചുമതല ഉദ്യോഗസ്ഥനായിരുന്നു.

ADVERTISEMENT

25 വർഷത്തിനുശേഷം ആദ്യമായാണ് ദേവസ്വം ക്ലാർക്ക് എഴുത്തുപരീക്ഷ നടന്നത്. 96-നുശേഷം താത്‌കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുകയും പത്തുവർഷം കഴിഞ്ഞാൽ സ്ഥിരപ്പെടുത്തുകയുമായിരുന്നു ദേവസ്വത്തിന്റെ രീതി. ഭരണസമിതികളുടെ രാഷ്ട്രീയതാത്‌പര്യപ്രകാരമായിരുന്നു ഇതെല്ലാം. പത്തുവർഷം കഴിഞ്ഞിട്ടും സ്ഥിരപ്പെടുത്താതെ പിരിച്ചുവിടപ്പെട്ടവർ കോടതിയെ സമീപിച്ചു. ഇപ്പോഴും കേസുകളുണ്ട്.

2015-ൽ ആണ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നിലവിൽ വന്നത്. ദേവസ്വത്തിലെ തസ്തിക ഒഴിവുകൾ റിക്രൂട്ട്‌മെന്റ് ബോർഡ് ആവശ്യപ്പെട്ടുവെങ്കിലും നൽകിയില്ല. 2018-ൽ റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാൻ ദേവസ്വത്തിൽ നേരിട്ടെത്തി ഒഴിവുകൾ നിർബന്ധമായി വാങ്ങി. എന്നാൽ, അത് ക്ലാർക്കുമാരുടെയും എൻജിനീയർമാരുടെയും ഒഴിവുകളെ സംബന്ധിച്ചു മാത്രമായിരുന്നു.

നിരവധി ഒഴിവുകൾ ഇപ്പോഴും റിപ്പോർട്ട് ചെയ്യാനുണ്ട്. അതേസമയം ക്ഷേത്രത്തിൽ കാവൽക്കാരെയും സ്‌കൂൾ-കോളേജുകളിൽ അധ്യാപകരെയും മറ്റ് ജീവനക്കാരെയും നിയമിക്കാനുള്ള അധികാരം ഗുരുവായൂർ ദേവസ്വത്തിനുതന്നെയാണ്. ദേവസ്വത്തിന്റെ സ്‌കൂളായ ശ്രീകൃഷ്ണയിൽ പരീക്ഷയെഴുതാനെത്തിയവരിൽ ഏറെപ്പേരും പാലക്കാട് ജില്ലയിൽനിന്നുള്ളവരായിരുന്നു.

COMMENT ON NEWS

Please enter your comment!
Please enter your name here