ഗുരുവായൂര്‍: നഗരസഭ പരിധിയില്‍ 9 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അര്‍ബന്‍ സോണില്‍ അഞ്ച് പേര്‍ക്കും പൂക്കോട് സോണില്‍ മൂന്ന് പേര്‍ക്കും തൈക്കാട് സോണില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അര്‍ബന്‍ സോണിലെ അഞ്ച് പേര്‍ക്കും പൂക്കോട് സോണിലെ രണ്ട് പേര്‍ക്കും ആന്റിജന്‍ പരിശോധനയിലാണ് പോസറ്റീവായത്. ബാക്കിയുള്ളവര്‍ക്ക് വിവിധ ആശുപത്രികളിലായി നടത്തിയ ആര്‍ടി.പി.സി.ആര് പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
അര്‍ബന്‍ സോണിലെ അഞ്ച് പേരും ഊരാലുങ്കല്‍ ലേബര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ തൊഴിലാളികളാണ്. ഗുരുവായൂര്‍ നഗരസഭയുടെ അമൃത് പദ്ധതിയിലെ കാന നിര്‍മ്മാണ തൊഴിലാളികളാണിവര്‍. കൈരളി ജംഗ്ഷനിലെ സ്വകാര്യ ലോഡ്ജില്‍ താമസിക്കുന്ന ഇവരില്‍ 20 പേര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ രോഗം സ്ഥിരീകരിച്ച തൊഴിലാളികളുടെ എണ്ണം 25 ആയി.